-->
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്‌ത്തി ശശി തരൂര്‍ എം.പി. പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ പ്രശംസിച്ചാണ് ഇക്കുറി തരൂര്‍ രംഗത്തെത്തിയത്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെയും വൈവിധ്യത്തെയും കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ സ്‌പീക്കര്‍മാരുടെയും പ്രിസൈഡിങ് ഓഫീസര്‍മാരുടെയും 28-ാമത് സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയിലെ വൈവിധ്യങ്ങളെ ജനാധിപത്യത്തിന്റെ ശക്‌തിയാക്കി മാറ്റാന്‍ സാധിച്ചുവെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശമാണ് തരൂര്‍ എടുത്തുപറഞ്ഞത്. ഒരുകാലത്ത് ഇന്ത്യയുടെ വൈവിധ്യം രാജ്യത്തിന്റെ നിലനില്‍പ്പിനു ഭീഷണിയാകുമെന്ന് കരുതിയിരുന്നവര്‍ക്ക് മുന്നില്‍, ജനാധിപത്യം എങ്ങനെ വിജയകരമായി നടപ്പിലാക്കാമെന്ന് ഇന്ത്യ കാണിച്ചുകൊടുത്തുവെന്ന് മോദി പ്രസംഗത്തില്‍ വ്യക്‌തമാക്കിയിരുന്നു.
ഇന്ത്യയുടെ വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്തായി മാറിയത്. ജനാധിപത്യം സുസ്‌ഥിരതയും വേഗതയും നല്‍കുന്നുവെന്ന് ഇന്ത്യ തെളിയിച്ചു. ഇന്ത്യയില്‍ ജനാധിപത്യം കേവലം ഒരു വ്യവസ്‌ഥയല്ല, മറിച്ച് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന ഒരു സംസ്‌കാരമാണ്. ജനങ്ങളാണ് ഇവിടെ പരമാധികാരികളെന്നും പ്രധാനമന്ത്രി പറഞ്ഞു.