-->
ബംഗളുരു: 25 ലക്ഷം രൂപ ശമ്പളം! അതിനു പുറമേ കമ്പനിയിലെ ഓഹരിയില്‍ പങ്കാളിത്തം, ഇന്‍സെന്റീവുകള്‍, ജോയിനിങ്, റീലൊക്കേഷന്‍ ബോണസുകള്‍ എന്നിവയെല്ലാം ചേര്‍ക്കുമ്പോള്‍ ആദ്യ വര്‍ഷത്തെ ആകെ പാക്കേജ് തന്നെ ഏകദേശം 35 ലക്ഷം രൂപയോളം!
സ്‌ഥിരതയുള്ളതും മികച്ച ശമ്പളമുള്ളതുമായ ഒരു ജോലി കണ്ടെത്തുക എന്നത് തന്നെ ഇക്കാലത്ത് കടുത്ത വെല്ലുവിളിയാണ്. തൊഴില്‍ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍, ഉദ്യോഗാര്‍ത്ഥികളെ അമ്പരപ്പിക്കുന്ന ഒരു തൊഴില്‍ പരസ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.പങ്കുവയ്‌ക്കപ്പെട്ട ഒരു സ്‌ക്രീന്‍ഷോട്ട് പ്രകാരം, പുതുതായി ബിരുദം കഴിഞ്ഞിറങ്ങിയവര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രം കഴിയുന്ന പ്രതിഫലമാണ് സോഫ്‌റ്റ്‌വേര്‍ ഡെവലപ്പര്‍ തസ്‌തികയ്‌ക്കായി വാഗ്‌ദാനം ചെയ്യുന്നത്. ബംഗളൂരുവിലെ ഒരു എസ്.ഡി.ഇ 1 തസ്‌തികയിലേക്ക് പ്രതിവര്‍ഷം 25 ലക്ഷം രൂപ എന്ന അമ്പരപ്പിക്കുന്ന ശമ്പളമാണ് ഈ പോസ്‌റ്റില്‍ എടുത്തുപറയുന്നത്. അത് മാത്രമല്ല, കമ്പനി ഓഹരികള്‍, പെര്‍ഫോമന്‍സ് അനുസരിച്ച് ഇന്‍സെന്റീവുകള്‍, ജോയിനിങ് ബോണസ്, റീലൊക്കേഷന്‍ ബോണസ് എന്നിവയും ഈ ഓഫറില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം ചേര്‍ക്കുമ്പോള്‍ ആദ്യ വര്‍ഷത്തെ ആകെ പാക്കേജ് ഏകദേശം 35 ലക്ഷം രൂപയോളം വരും.ശമ്പളത്തിന് പുറമെയുള്ള അധിക ആനുകൂല്യങ്ങള്‍ കണ്ട് ആളുകള്‍ കൂടുതല്‍ അമ്പരന്നു. ജിം അംഗത്വം, സൗജന്യ ഫോണ്‍-ഇന്റര്‍നെറ്റ്, വര്‍ക്ക് ഫ്രം ഹോം
സജ്‌ജീകരണങ്ങള്‍ക്കായി അലവന്‍സ്, ഓരോ മൂന്ന് വര്‍ഷത്തിലും പുതിയ ഫോണ്‍, കൂടാതെ ദിവസേനയുള്ള ഫുഡ് ക്രെഡിറ്റ്‌സ് എന്നിവയും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.ഈ പോസ്‌റ്റ് പങ്കുവച്ചതിലൂടെ, ഐടി തൊഴില്‍ വിപണിയിലെ പ്രകടമായ ചില പ്രശ്‌നങ്ങളും ചിലര്‍ ചൂണ്ടികാട്ടി. പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുമ്പോള്‍, മറ്റു ചില കമ്പനികള്‍ യാതൊരു പ്രായോഗിക പരിചയവുമില്ലാത്ത തുടക്കക്കാര്‍ക്ക് അവിശ്വസനീയമായ ശമ്പളം വാഗ്‌ദാനം ചെയ്യുന്നത് ആശയകുഴപ്പമുണ്ടാക്കുന്നതാണെന്നാണ് പോസ്‌റ്റില്‍ പറയുന്നത്. ഇതേ സ്‌ഥാപനങ്ങളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന പരിചയസമ്പന്നരായ ജീവനക്കാര്‍ക്ക് ഇതിലും വളരെ കുറഞ്ഞ ശമ്പളം മാത്രമാണു ലഭിക്കുന്നതെങ്കില്‍ ഇത് അനീതിയാണെന്നും പോസ്‌റ്റില്‍ ചൂണ്ടികാട്ടുന്നു.ഒരു കമ്പനിയോടും അമിതമായ വിശ്വസ്‌തത കാണിക്കാന്‍ നില്‍ക്കരുത്. എവിടെയാണോ നിങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരവും മൂല്യവും ലഭിക്കുന്നത് അവിടേക്ക് മാറുക, എന്നായിരുന്നു പോസ്‌റ്റ് വൈറലായതോടെ നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടത്.