-->
മുംബൈ: ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി പ്രതിപക്ഷം.
വോട്ടെടുപ്പില്‍ വോട്ടര്‍മാരുടെ കൈകളില്‍ പുരട്ടിയ മഷി 'അസെറ്റോണ്‍' എന്ന രാസവസ്‌തു ഉപയോഗിച്ച് എളുപ്പത്തില്‍ മായ്‌ക്കാന്‍ കഴിയുന്നുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സാമൂഹികമാധ്യമങ്ങളില്‍ക്കൂടിയാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. എന്നാല്‍, പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. നെയില്‍ പോളിഷ് പോലുള്ള വസ്‌തുക്കള്‍ മായ്‌ക്കാനായി ഉപയോഗിക്കുന്ന രാസവസ്‌തു കൊണ്ട് മഷിയടയാളം നീക്കാന്‍ കഴിയുമെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച നിരവധി വീഡിയോകളും പ്രചരിക്കുന്നുണ്ട്. മുംബൈ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാംഗവുമായ വര്‍ഷ ഗെയ്‌ക്‌വാദ്, പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകന്‍ അസെറ്റോണ്‍ ഉപയോഗിച്ച് വിരലില്‍നിന്ന് മഷി തുടയ്‌ക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമത്തില്‍ പോസ്‌റ്റ് ചെയ്‌തു. ബി.എം.സി. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ വലിയ കൃത്രിമമാണു നടന്നതെന്നു വര്‍ഷ ഗെയ്‌ക്‌വാദ് ആരോപിച്ചു. വോട്ടര്‍പട്ടികയില്‍നിന്ന് ആളുകളെ വ്യാപകമായി ഒഴിവാക്കി. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച സമയത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രശ്‌നമായിരുന്നതിനാല്‍ ആളുകള്‍ക്ക് അതു പരിശോധിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ ഏറ്റവും ഒടുവിലായി മായുന്ന മഷിയാണു കമ്മിഷന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വര്‍ഷ ഗെയ്‌ക്‌വാദ് പറഞ്ഞു.
നെയില്‍ പോളിഷ് റിമൂവറുകള്‍, പെയിന്റ് തിന്നറുകള്‍,ക്ല ീനിങ് ഏജന്റുകള്‍ എന്നിവയില്‍ വ്യാപകമായി ഉപയോഗിക്കുന്ന നിറമില്ലാത്തതും ബാഷ്‌പശീലമുള്ളതും കത്തുന്നതുമായ ജൈവ ലായകമാണ് അസെറ്റോണ്‍.
അതേസമയം, വോട്ടെടുപ്പിനു ശേഷം കൈയിലെ മഷി മായ്‌ക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചു. ആരെങ്കിലും മഷി മായ്‌ച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും കമ്മിഷന്‍ വ്യക്‌തമാക്കി.