-->
മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. മലയാളികളുടെ സ്വീകരണമുറിയെ ത്രസിപ്പിച്ച, പിടിച്ചിരുത്തിയ ഫാമിലി ത്രില്ലര്‍ ജോണറിലിറങ്ങിയ ഈ ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും നിരൂപക പ്രശംസയും പ്രേക്ഷകപ്രശംസയും ഏറ്റുവാങ്ങിയാണ് ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയത്.
തിയറ്റുകളെ ഹരം കൊള്ളിച്ച ആദ്യഭാഗവും കോവിഡ് കാലത്ത് ഒടിടി റിലീസായി എത്തിയ രണ്ടാം ഭാഗവും മികച്ച വിജയങ്ങള്‍ നേടിയതു കൊണ്ടു തന്നെ സിനിമയുടെ മൂന്നാം ഭാഗത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ജോര്‍ജ്ജുകുട്ടിയും കുടുംബവും ഇനിയുമെത്തുമെന്ന് സംവിധായകന്‍ ജീത്തു ജോസഫും മോഹന്‍ലാലും പറഞ്ഞതോടെ പ്രേക്ഷകര്‍ കാത്തിരുപ്പ് തുടങ്ങി. പിന്നീട് സിനിമയുടെ ഓരോ അപ്ഡേഷനുകളും ആരാധകര്‍ ഏറ്റെടുത്തു.
ഇപ്പോഴിതാ മലയാള സിനിമ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ന്റെ റിലീസ് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവച്ചത്. ‘‘വർഷങ്ങൾ കടന്നുപോയി. പക്ഷേ ഭൂതകാലം കടന്നുപോയിട്ടില്ല. ‘ദൃശ്യം 3’, വേൾഡ് വൈഡ് റിലീസ്- 2 ഏപ്രിൽ 2026...’’ എന്നാണ് മോഷന്‍ പോസ്റ്റര്‍ പങ്കിട്ട് മോഹന്‍ലാല്‍ കുറിച്ചത്.
ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമിക്കുന്ന ദൃശ്യം 3 ഏപ്രിൽ 2 ന് ദൃശ്യം 3 ലോകമെമ്പാടുമായി റിലീസ് ചെയ്യും. മോഹന്‍ലാല്‍ മാത്രമല്ല മറ്റ് താരങ്ങളും ജീത്തു ജോസഫും ആശിര്‍വാദ് സിനിമാസും അണിയറപ്രവര്‍ത്തകരുമെല്ലാം സിനിമയുടെ റിലീസും മോഷന്‍ പോസ്റ്ററും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് മോഹൻലാൽ ഈ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായത്. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ദൃശ്യം സീരീസിന്റെ മൂന്നാം ഭാഗം 2025 സെപ്റ്റംബറിൽ കൊച്ചി ലോ കോളേജിൽ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ അടുത്ത അധ്യായമാണ് ദൃശ്യം 3 എന്ന് ലോഞ്ചിന് മുമ്പ് സംവിധായകൻ ജീത്തു ജോസഫ് വെളിപ്പെടുത്തിയത്.
തൊടുപുഴ, വാഗമൺ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലായിട്ടാണ് സിനിമ ചിത്രീകരിച്ചത്. അജയ് ദേവ്ഗൺ നായകനാകുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പും 2026 ഒക്ടോബർ 2-ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.