Saturday, March 14, 2026 Last Updated 14 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.21 AM

വിരാട്‌ കോഹ്ലി ഒന്നാം സ്‌ഥാനത്തെത്തി

uploads/news/2026/01/820827/sp3.jpg

ദുബായ്‌: നാല്‌ വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌ കോഹ്ലി രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനത്തെത്തി. 2021 ജൂലൈയ്‌ക്കു ശേഷം ആദ്യമായാണു കോഹ്ലി ഒന്നാമനാകുന്നത്‌.
ന്യൂസിലന്‍ഡിനെതിരേ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 91 പന്തില്‍ 93 റണ്ണെടുത്തതിനു പിന്നാലെയാണ്‌ കോഹ്ലി രണ്ടാം സ്‌ഥാനത്തുനിന്ന്‌ ഒന്നിലേക്കെത്തിയത്‌. 785 റേറ്റിങ്‌ പോയിന്റാണ്‌ കോഹ്ലി നേടിയത്‌. സഹതാരം രോഹിത്‌ ശര്‍മയെയാണു കോഹ്ലി മറികടന്നത്‌്. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ രണ്ടാമതും രോഹിത്‌ ശര്‍മ മൂന്നാമതുമാണ്‌. അടുത്തിടെ മികച്ച പ്രകടനം കാഴ്‌ചവച്ചതാണ്‌ കോഹ്ലിക്ക്‌ നേട്ടമായത്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു താരം. ഡാരില്‍ മിച്ചലിന്‌ 784 റേറ്റിങ്‌ പോയന്റാണ്‌. കോഹ്ലിയേക്കാള്‍ ഒരു പോയന്റ്‌ മാത്രമാണ്‌ കുറവ്‌.
രണ്ട്‌ സ്‌ഥാനം പിന്നിലേക്ക്‌ പോയ രോഹിത്‌ 775 റേറ്റിങ്ങോടെയാണ്‌ മൂന്നാം സ്‌ഥാനത്തേക്ക്‌ വീണത്‌. അഫ്‌ഗാനിസ്‌ഥാന്‍ താരം ഇബ്രാഹിം സാദ്രാന്‍ നാലാമതും ഇന്ത്യന്‍ ഏകദിന നായകന്‍ ശുഭ്‌മന്‍ ഗില്‍ അഞ്ചാമതുമാണ്‌. പാകിസ്‌താന്‍ താരം ബാബര്‍ അസമാണ്‌ പട്ടികയില്‍ ആറാമത്‌.
2013 ഒക്‌ടോബറിലാണ്‌ കോഹ്ലി കരിയറില്‍ ആദ്യമായി ഒന്നാം സ്‌ഥാനത്തെത്തുന്നത്‌. 825 ദിവസം ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും മികച്ച റെക്കോഡാണിത്‌. ഈ പട്ടികയില്‍ പത്താമനാണ്‌ കോഹ്ലി. 2,306 ദിവസം ഒന്നാം സ്‌ഥാനത്തിരുന്ന വെസ്‌റ്റിന്‍ഡീസിന്റെ ഇതിഹാസ താരം വിവിയന്‍ റിച്ചാഡ്‌സാണ്‌ ഒന്നാമന്‍. മിച്ചലുമായി ഒരു പോയിന്റ്‌ മാത്രം വ്യത്യാസമുള്ളത്‌ കോഹ്ലിയുടെ ഒന്നാം സ്‌ഥാനത്തിനു ഭീഷണിയാണ്‌.
ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരേ കൂടുതല്‍ റണ്ണെടുക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ഇന്നലെ കോഹ്ലി സ്വന്തമാക്കി. ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടന്നാണ്‌ കോഹ്ലി ഈ നേട്ടത്തിലെത്തിയത്‌. 42 മത്സരങ്ങളില്‍ നിന്നായി 1750 റണ്ണാണു സച്ചിന്റെ നേട്ടം. രണ്ടാം ഏകദിനത്തില്‍ 23 റണ്‍ എടുത്തതോടെ കോഹ്ലി സച്ചിനെ മറികടന്നു. ന്യൂസിലന്‍ഡിനെതിരേ ഏകദിനത്തില്‍ കൂടുതല്‍ റണ്ണെടുക്കുന്ന താരം റിക്കി പോണ്ടിങ്ങാണ്‌. 51 മത്സരങ്ങളില്‍ നിന്നായി 1971 റണ്ണാണു പോണ്ടിങ്ങിന്റെ സമ്പാദ്യം.
പരമ്പരയിലെ ആദ്യമത്സരത്തില്‍ത്തന്നെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മറ്റൊരു റെക്കോഡ്‌ തകര്‍ത്തിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ വേഗത്തില്‍ 28,000 റണ്ണെടുക്കുന്ന താരമെന്ന നേട്ടമാണ്‌ കോഹ്ലി സ്വന്തമാക്കിയത്‌. 624 ഇന്നിങ്‌സുകളില്‍ നിന്നാണു കോഹ്ലിയുടെ നേട്ടം. സച്ചിന്‍ 644 ഇന്നിങ്‌സുകളില്‍നിന്ന്‌ സൃഷ്‌ടിച്ച റെക്കോഡാണ്‌ പിന്നാക്കം പോയത്‌. രാജ്യാന്തര ക്രിക്കറ്റിലെ രണ്ടാമത്തെ റണ്‍വേട്ടക്കാരനായും കോഹ്ലിയാണ്‌. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെയാണ്‌ മറികടന്നത്‌. സംഗക്കാരയ്‌ക്ക് 28,016 റണ്ണാണ്‌. 34,357 റണ്‍സുമായി സച്ചിനാണ്‌ ഒന്നാമത്‌.

Ads by Google
Thursday 15 Jan 2026 12.21 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW