Friday, March 13, 2026 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.21 AM

അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌ ടൂര്‍ണമെന്റിന്‌ ഇന്നു തുടക്കം

uploads/news/2026/01/820825/sp1.jpg

ബുലവായോ: അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌ ടൂര്‍ണമെന്റിന്‌ ഇന്നു തുടക്കം. സിംബാബ്‌വേയും നമീബിയയും ചേര്‍ന്നാണു ലോകകപ്പിനു വേദിയാകുന്നത്‌. ഇന്ന്‌ ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ നടക്കുന്ന ഉദ്‌ഘാടന മത്സരങ്ങളില്‍ ഇന്ത്യ യു.എസിനെയും സിംബാബ്‌വേ സ്‌കോട്ട്‌ലന്‍ഡിനെയും നേരിടും.
ബുലവായോയിലെ ക്യൂന്‍സ്‌ സ്‌പോര്‍ട്‌സ് ക്ലബിലാണ്‌ ഇന്ത്യയും യു.എസും തമ്മില്‍ ഏറ്റുമുട്ടുക. സിംബാബ്‌വേയും സ്‌കോട്ട്‌ലന്‍ഡും തമ്മിലുള്ള സി ഗ്രൂപ്പ്‌ മത്സരം ഹരാരേ സ്‌പോര്‍ട്‌സ് ക്ലബിലാണ്‌. വിന്‍ഹോകില്‍ നടക്കുന്ന ഡി ഗ്രൂപ്പ്‌ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസ്‌ ടാന്‍സാനിയയെ നേരിടും. ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ്‌, ജപ്പാന്‍, ശ്രീലങ്ക എന്നിവര്‍ എ ഗ്രൂപ്പിലും ബംഗ്ലാദേശ്‌, ഇന്ത്യ, ന്യൂസിലന്‍ഡ്‌, യു.എസ്‌്.എ. എന്നിവര്‍ ബി ഗ്രൂപ്പിലുമാണ്‌. ഇംഗ്ലണ്ട്‌, പാകിസ്‌താന്‍, സ്‌കോട്ട്‌ലന്‍ഡ്‌, സിംബാബ്‌വേ എന്നിവരാണ്‌ സി ഗ്രൂപ്പില്‍. അഫ്‌ഗാനിസ്‌ഥാന്‍, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, വെസ്‌റ്റിന്‍ഡീസ്‌ എന്നിവര്‍ ഡി ഗ്രൂപ്പിലുണ്ട്‌. ലോകകപ്പിലെ നോക്കൗട്ട്‌ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒരു മണി മുതലാണ്‌് (പ്രാദേശിക സമയം രാവിലെ 9.30). സിംബാബ്‌വേയില്‍ ക്യൂന്‍സ്‌ സ്‌പോര്‍ട്‌സ് ക്ലബ്‌, ഹരാരേ സ്‌പോര്‍ട്‌സ് ക്ലബ്‌, തകാഷിങ സ്‌പോര്‍ട്‌സ് ക്ലബ്‌ എന്നിവിടങ്ങളിലാണു മത്സരങ്ങള്‍. നമീബിയയിലെ വിന്‍ഹോക്കില്‍ നമീബിയ ക്രിക്കറ്റ്‌ ഗ്രൗണ്ട്‌, എച്ച്‌.പി. ഓവല്‍ എന്നിവിടങ്ങളാണു മത്സരം. സിംബാബ്‌വേയും നമീബിയയും 12 ഗ്രൂപ്പ്‌ മത്സരങ്ങള്‍ വീതം നടത്തും. സൂപ്പര്‍ സിക്‌സും പ്ലേഓഫുകളും ഇരുരാജ്യങ്ങളിലായാണ്‌. നോക്കൗട്ട്‌ മുതല്‍ സിംബാബ്‌വേയാണു വേദിയാകുക.
സെമി ഫൈനല്‍ മത്സരങ്ങള്‍ (ഫെബ്രുവരി മൂന്ന്‌, നാല്‌) ക്യൂന്‍സ്‌ സ്‌പോര്‍ട്‌സ് ക്ലബിലും ഹരാരേ സ്‌പോര്‍ട്‌സ് ക്ലബിലുമായി നടത്തും. ഫെബ്രുവരി ആറിന്‌ ഹരാരേയിലാണു ഫൈനല്‍.
ഇന്ത്യയുടെ ഓപ്പണര്‍ വൈഭവ്‌ സൂര്യവംശി, പാകിസ്‌താന്റെ ഓപ്പണര്‍ സമീര്‍ മിന്‍ഹാസ്‌, ഓസ്‌ട്രേലിയയുടെ ഒലിവര്‍ പീക്‌, പാകിസ്‌താന്റെ അലി റാസ, ജപ്പാന്റെ സ്‌പിന്‍ ബൗളിങ്‌ ഓള്‍റൗണ്ടര്‍ ചാര്‍ലി ഹാരാ ഹിന്‍സ്‌ എന്നിവര്‍ ലോകകപ്പില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ളവരാണ്‌. 14 വയസുകാരനായ വൈഭവ്‌ സൂര്യവംശി ഐ.പി.എല്ലില്‍ 38 പന്തില്‍ 101 റണ്ണെടുത്തു ശ്രദ്ധിക്കപ്പെട്ട താരമാണ്‌. ബിഹാറുകാരനായ വൈഭവ്‌ റെക്കോഡുകള്‍ തകര്‍ക്കുന്നതില്‍ ഹരംകാണുന്ന താരമാണ്‌. അണ്ടര്‍ 19 ഏഷ്യാ കപ്പ്‌ ഫൈനലില്‍ ഇന്ത്യക്കെതിരേ 172 റണ്ണെടുത്താണു സമീര്‍ മിന്‍ഹാസ്‌ താരമായത്‌. മലേഷ്യക്കെതിരേ 177 റണ്ണെടുത്ത ശേഷമാണ്‌ ഇന്ത്യക്കെതിരേ വെടിക്കെട്ട്‌ നടത്തിയത്‌. കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കിരീടത്തിലെത്തിച്ച ഒലിവര്‍ പീക്‌ ഇത്തവണ നായകന്‍ കൂടിയാണ്‌. മെല്‍ബന്‍ റെനെഗാഡ്‌സിനു വേണ്ടി ബിഗ്‌ ബാഷ്‌ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായി. പാകിസ്‌താന്‍ സൂപ്പര്‍ ലീഗില്‍ പെഷാവര്‍ സല്‍മിക്കായി ഒന്‍പത്‌ മത്സരങ്ങളില്‍നിന്നു 12 വിക്കറ്റുകളെടുത്ത അലി റാസയും ലോകകപ്പില്‍ തിളങ്ങും. ഇന്ത്യക്കെതിരേ നടന്ന ഏഷ്യാ കപ്പ്‌ ഫൈനലില്‍ നാല്‌ വിക്കറ്റെടുക്കാനും അലി റാസയ്‌ക്കായി. ഇന്ത്യയുടെ മലയാളി താരങ്ങളായ ആരോണ്‍ ജോര്‍ജ്‌, മുഹമ്മദ്‌ ഇനാന്‍ എന്നിവരും ടീമിലുണ്ട്‌. അഫ്രിക്കന്‍ യോഗ്യതാ റൗണ്ടിലെ അഞ്ച്‌ മത്സരങ്ങളും ജയിച്ചാണു ടാന്‍സാനിയ ലോകകപ്പിനെത്തിയത്‌. നമീബിയ, കെനിയ തുടങ്ങിയവരെയാണു ടാന്‍സാനിയ പിന്തള്ളിയത്‌. രാജ്യാന്തര തലത്തില്‍ തന്നെ ആദ്യമായാണ്‌ അവര്‍ കളിക്കാനൊരുങ്ങുന്നത്‌. കിഴക്കന്‍ ഏഷ്യ- പസഫിക്‌ യോഗ്യതാ റൗണ്ട്‌ കടന്നാണു ജപ്പാന്റെ വരവ്‌. അവരുടെ രണ്ടാമത്തെ ലോകകപ്പാണിത്‌. 2020 ലും ജപ്പാന്‌ ലോകകപ്പിനു യോഗ്യത നേടി. അഫ്‌ഗാന്‍ നേപ്പാളിനെ മറികടന്ന്‌ ഏഷ്യന്‍ യോഗ്യത നേടി. സ്‌കോട്ട്‌ലന്‍ഡും യു.എസും യഥാക്രമം യൂറോപ്പ്‌, അമേരിക്കന്‍ യോഗ്യത നേടിയാണു വരുന്നത്‌. നാല്‌ ഗ്രൂപ്പുകളായാണ്‌ ടീമുകളെ തിരിച്ചത്‌. ഒരു ഗ്രൂപ്പില്‍ ആറ്‌ മത്സരങ്ങള്‍ വീതമാണ്‌. ആദ്യ മൂന്ന്‌ സ്‌ഥാനക്കാര്‍ സൂപ്പര്‍ സിക്‌സിലെത്തും.
എ,ഡി ഗ്രൂപ്പുകളിലുള്ളവര്‍ സൂപ്പര്‍ സിക്‌സ് ഒന്നിലും ബി,സി ഗ്രൂപ്പുകാര്‍ രണ്ടിലും ഉള്‍പ്പെടും. അവസാന സ്‌ഥാനക്കാര്‍ പ്ലേ ഓഫില്‍ മത്സരിച്ച്‌ അവരവരുടെ സ്‌ഥാനം കണ്ടെത്തും. സൂപ്പര്‍ സിക്‌സില്‍ രണ്ടിലധികം മത്സരങ്ങളുണ്ട്‌. ഗ്രൂപ്പ്‌ ജേതാക്കള്‍ ഡി ഗ്രൂപ്പ്‌ ജേതാക്കളോടു മത്സരിക്കില്ല. അവര്‍ ഡി 2, ഡി 3 എന്നിവരുമായി മത്സരിക്കും. സൂപ്പര്‍ സിക്‌സിലെ ആദ്യ സ്‌ഥാക്കാര്‍ സെമി ഫൈനലില്‍ കടക്കും.
ടിവി അമ്പയര്‍ ഉണ്ടെങ്കിലും ഡി.ആര്‍.എസ്‌. ടൂര്‍ണമെന്റിലില്ല. 1988 ലെ പ്രഥമ ലോകകപ്പില്‍ ഇതിഹാസ താരങ്ങളായ ബ്രയാന്‍ ലാറ, സനത്‌ ജയസൂര്യ, ഇന്‍സമാം ഉള്‍ ഹഖ്‌, മൈക്ക്‌ ആര്‍തര്‍ടണ്‍, നാസര്‍ ഹുസൈന്‍, സ്‌റ്റുവര്‍ട്ട്‌ ലോ, മാര്‍ക്‌ രാംപ്രകാശ്‌, നയാന്‍ മോംഗിയ, ക്രിസ്‌ കെയ്‌ന്‍സ്‌, അക്വിബ്‌ ജാവേദ്‌ എന്നിവര്‍ കളിച്ചു. ഇന്ത്യന്‍ മുന്‍ നായകന്‍മാരായ വിരാട്‌ കോഹ്ലി, രോഹിത്‌ ശര്‍മ എന്നിവരും സ്‌റ്റീവ്‌ സ്‌മിത്ത്‌, കെയ്‌ന്‍ വില്യംസണ്‍, ഗ്രെയിം സ്‌മിത്ത്‌, മൈക്കിള്‍ ക്ലാര്‍ക്ക്‌, ഹാഷിം ആംല, അലിസ്‌റ്റര്‍ കുക്ക്‌, ജോ റൂട്ട്‌, ഡേവിഡ്‌ വാര്‍ണര്‍, ബ്രണ്ടന്‍ മക്കല്ലം എന്നിവരും അണ്ടര്‍ 19 ലോകകപ്പുകളിലൂടെ പ്രതിഭ തെളിയിച്ചവരാണ്‌.
ഇന്ത്യന്‍ അണ്ടര്‍ 19 ടീം: ആയുഷ്‌ എംഹാത്രെ (നായകന്‍), വിഹാന്‍ മല്‍ഹോത്ര, ആരോണ്‍ ജോര്‍ജ്‌, ആര്‍.എസ്‌. അംബ്രിഷ്‌, കനിഷ്‌ക് ചൗഹാന്‍, ദീപേഷ്‌ ദേവേന്ദ്രന്‍, ഹെനില്‍ പട്ടേല്‍, ഖിലാന്‍ പട്ടേല്‍, അഭിഗ്യാന്‍ കുണ്ടു, മുഹമ്മദ്‌ ഇനാന്‍, ഉദ്ധവ്‌ മോഹന്‍, ഹര്‍വംശ്‌ പംഗാലിയ, കിഷന്‍ സിങ്‌, വൈഭവ്‌ സൂര്യവംശി, വേദാന്ത്‌ ത്രിവേദി.

Ads by Google
Thursday 15 Jan 2026 12.21 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW