-->
ബിദര്‍: കര്‍ണാടകയില്‍ പട്ടത്തിന്റെ നൂല്‍ കുരുങ്ങി കഴുത്തുമുറിഞ്ഞ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. ബിദര്‍ ജില്ലയിലെ തലമഡഗിയിലുണ്ടായ സംഭവത്തില്‍ സഞ്‌ജുകുമാര്‍ ഹൊസമണി(48) എന്നയാളാണു മരിച്ചത്.
റോഡിനു കുറുകേ പറന്ന പട്ടത്തിന്റെ നൂല്‍ സഞ്‌ജുകുമാറിന്റെ കഴുത്തില്‍ കുടുങ്ങുകയും ബൈക്കില്‍നിന്നു വീഴുകയുമായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താഴെ വീണയുടന്‍ മൊബൈല്‍ ഫോണെടുത്ത് മകളുടെ നമ്പര്‍ ഡയല്‍ ചെയ്യാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, രക്‌തസ്രാവം മൂലം സഞ്‌ജുകുമാര്‍ കുഴഞ്ഞുവീഴുകയായിരുന്നു. വഴിയാത്രക്കാരന്‍ സഞ്‌ജുവിന്റെ മുറിവില്‍ തുണി കെട്ടി രക്‌തസ്രാവം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ആംബുലന്‍സ് എത്തിയെങ്കിലും അപ്പോഴേക്കും സഞ്‌ജുകുമാറിന് ജീവന്‍ നഷ്‌ടമായിരുന്നു. ആംബുലന്‍സ് കൃത്യസമയത്ത് എത്തിയിരുന്നെങ്കില്‍ സഞ്‌ജുവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.
നൈലോണ്‍ നൂല്‍ ഉപയോഗിച്ചുള്ള പട്ടം പറത്തലിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും അടിയന്തര ജീവന്‍രക്ഷാ സേവനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും അപകടസ്‌ഥലത്ത് പ്രതിഷേധിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.