-->
കൊല്‍ക്കത്ത: ഐ-പാക് റെയ്‌ഡിനെച്ചൊല്ലി കൊമ്പുകോര്‍ത്ത എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റും (ഇ.ഡി) തൃണമൂല്‍ കോണ്‍ഗ്രസും നല്‍കിയ ഹര്‍ജികള്‍ രണ്ടും തള്ളി കല്‍ക്കട്ട ഹൈക്കോടതി. കേന്ദ്ര അന്വേഷണ ഏജന്‍സിയും പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മിലുള്ള നിയമയുദ്ധം ഇനി സുപ്രീം കോടതിയില്‍. ബംഗാള്‍ സര്‍ക്കാരിനെതിരേ ഇ.ഡി. നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വാദം കേള്‍ക്കും.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ കണ്‍സള്‍ട്ടിങ് ഏജന്‍സിയായ ഐ-പാക്കിന്റെ ഓഫീസുകളിലും ഡയറക്‌ടര്‍ പ്രതീക് ജയ്‌നിന്റെ വസതിയിലും ഇ.ഡി. നടത്തിയ റെയ്‌ഡ് മുഖ്യമന്ത്രി മമത നേരിട്ടെത്തി തടസപ്പെടുത്തിയതാണ് കേസിനാധാരമായ സംഭവം.
റെയ്‌ഡിനിടെ പോലീസിനൊപ്പം എത്തിയ മമത ലാപ്‌ടോപ്പുകളും നിര്‍ണായകരേഖകളുമടക്കം കടത്തിയെന്നാണ് ഇ.ഡിയുടെ പരാതി.
എന്നാല്‍, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ തന്ത്രങ്ങളും സ്‌ഥാനാര്‍ത്ഥിപ്പട്ടികയും ചോര്‍ത്തുകയായിരുന്നു ഇ.ഡിയുടെ ലക്ഷ്യമെന്നു മറുപരാതിയില്‍ ആരോപിക്കുന്നു. ഇ.ഡി. ഗുണ്ടായിസം കാട്ടുകയായിരുന്നെന്നു തൃണമൂലിന്റെ അഭിഭാഷകന്‍ മേനക ഗുരുസ്വാമിയും നാടകത്തിന്റെ ആവശ്യമില്ലെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുമ്പാകെ വാദിച്ചു.
സുപ്രീം കോടതിയിലെ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസല്ല, സംസ്‌ഥാനസര്‍ക്കാരാണു കക്ഷിയെന്നും തങ്ങളുടെ രാഷ്‌ട്രീയരേഖകള്‍ തിരികെക്കിട്ടണമെന്നും ഗുരുസ്വാമി ആവശ്യപ്പെട്ടു. എന്നാല്‍, പരാതി സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ കേസ് മാറ്റിവയ്‌ക്കണമെന്നായിരുന്നു ഇ.ഡിയുടെ അഭ്യര്‍ത്ഥന. സംസ്‌ഥാനസര്‍ക്കാരുകളുടെ ഹര്‍ജി ആദ്യം കേള്‍ക്കണമെന്നു സുപ്രീം കോടതി വിധികളുണ്ട്.
അതാണ് നീതിന്യായ കീഴ്‌വഴക്കം. ഒരാഴ്‌ചകൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ലെന്നും എസ്.വി. രാജു വാദിച്ചു.
ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതു ഹൈക്കോടതി മാറ്റിവച്ചതിനേത്തുടര്‍ന്ന് കഴിഞ്ഞ 10-നാണ് ഇ.ഡി. സുപ്രീം കോടതിയെ സമീപിച്ചത്.
റെയ്‌ഡിനിടെ മുഖ്യമന്ത്രി മമത ബലപ്രയോഗത്തിലൂടെ രേഖകള്‍ കടത്തിക്കൊണ്ടുപോയെന്നാണ് സുപ്രീം കോടതിയിലും ഇ.ഡിയുടെ പരാതി. മുഖ്യമന്ത്രി, സംസ്‌ഥാന പോലീസ് മേധാവി, കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ എന്നിവരുടെ നടപടി സി.ബി.ഐ. അന്വേഷിക്കണം. മോഷണം, കടന്നുകയറ്റം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ആരോപിച്ച് റെയ്‌ഡിനെതിരേ പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത എഫ്.ഐ്‌ആറുകള്‍ റദ്ദാക്കണമെന്നും ഇ.ഡി. ആവശ്യപ്പെടുന്നു.