-->
ന്യൂയോര്‍ക്ക്: കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാലയില്‍ ഇന്ത്യന്‍ ഭക്ഷണം കഴിക്കുന്നതിന്റെ പേരില്‍ വിവേചനം നേരിട്ടതിന് രണ്ട് ഇന്ത്യന്‍ പിഎച്ച്.ഡി വിദ്യാര്‍ഥികള്‍ക്ക് 200,000 ഡോളര്‍ (ഏകദേശം 1.8 കോടി രൂപ) നഷ്‌ടപരിഹാരം.
സര്‍വകലാശാലയിലെ നരവംശശാസ്‌ത്ര വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന ആദിത്യ പ്രകാശാ(34)ണു കേസിലെ പരാതിക്കാരന്‍. 2023 സെപ്‌റ്റംബര്‍ അഞ്ചിന് ആദിത്യ പ്രകാശ് ഉച്ചഭക്ഷണമായി കരുതിയ പാലക് പനീര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മൈക്രോവേവില്‍ ചൂടാക്കുന്നതിനിടെയാണു സംഭവങ്ങളുടെ തുടക്കം. മൈക്രോവേവില്‍ പാലക് പനീര്‍ ചൂടാക്കുമ്പോള്‍ രൂക്ഷഗന്ധം ഉണ്ടാകുന്നു എന്നും അതിനാല്‍ ഇനിമേല്‍ ഭക്ഷണം ചൂടാക്കാന്‍ മൈക്രോവേവ് ഉപയോഗിക്കരുതെന്നും ഒരു വനിതാ സ്‌റ്റാഫ് അംഗം നിര്‍ദേശിച്ചു. എന്നാല്‍ ഇതു പൊതുസ്‌ഥലമാണെന്നും തനിക്ക് ഇവിടെ ഭക്ഷണം ചൂടാക്കാന്‍ അവകാശമുണ്ടെന്നും ആദിത്യ വാദിച്ചു. ദുര്‍ഗന്ധം കാരണം ബ്രോക്കോളി ചൂടാക്കുന്നതും ഇവിടെ നിരോധിച്ചിട്ടുണ്ടെന്ന അഭിപ്രായവുമായി ചിലര്‍ രംഗത്തുവന്നു. എന്നാല്‍, തന്റെ ഭക്ഷണം തന്റെ അഭിമാനമാണെന്നും ഗന്ധത്തെക്കുറിച്ചുള്ള സാംസ്‌കാരികമായ അഭിപ്രായം വിവേചനമാണെന്നും ആദിത്യ നിലപാട് സ്വീകരിച്ചു. ആദിത്യയ്‌ക്ക് പിന്തുണയുമായി പങ്കാളിയായ ഊര്‍മി ഭട്ടാചാര്യ(35)യും രംഗത്ത് വന്നു. സംഭവത്തിന്റെ പേരില്‍ തങ്ങള്‍ക്കു വിവേചനം നേടിടേണ്ടിവന്നെന്നും ദമ്പതികള്‍ പറഞ്ഞു.
ആദിത്യയെ പിന്തുണച്ചതിന്റെ പേരില്‍ പ്രതികാര നടപടിയായി ഊര്‍മി ഭട്ടാചാര്യയെ ടീച്ചിങ് അസിസ്‌റ്റന്റ് പദവിയില്‍ നിന്ന് സര്‍വകലാശാല പുറത്താക്കി.
ഇരുവര്‍ക്കും പിഎച്ച്.ഡി വിദ്യാര്‍ഥികള്‍ പഠനം നിശ്‌ചിത കാലയളവ് പൂര്‍ത്തിയാക്കുമ്പോള്‍ നല്‍കുന്ന ബിരുദാനന്തര ബിരുദങ്ങള്‍ നല്‍കാന്‍ വകുപ്പ് വിസമ്മതിച്ചു. ഇതോടെ വിവേചനത്തിനെതിരേ കൊളറാഡോ ജില്ല കോടതിയെ സമീപിക്കുകയായിരുന്നു. നഷ്‌ടപരിഹാരം വിധിച്ചെങ്കിലും ഇരുവര്‍ക്കും ഭാവിയില്‍ സര്‍വകലാശാലയില്‍ പ്രവേശനമോ ജോലിയോ നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.