-->
കോട്ടയം: കേരളാകോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവസാനവട്ട ചര്‍ച്ചയിലേക്കെന്ന് സൂചന. പാര്‍ട്ടിയുടെ
നിര്‍ണ്ണായക സ്റ്റീയറിംഗ് കമ്മറ്റി 16 ന് നടക്കും. യുഡിഎഫുമായി അവസാന വട്ട ചര്‍ച്ചയിലാണ് കാര്യങ്ങള്‍. അതേസമയം മുന്നണിമാറ്റം സംഭവിച്ചാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമോ എന്ന ആശങ്കയുണ്ട്. ജോസ്.കെ. മാണിയെ അനുനയിപ്പിക്കാന്‍ സിപിഐഎമ്മും ശ്രമം തുടങ്ങി.
മുന്നണിമാറ്റം അനിവാര്യമാണെന്ന് സഭയും വ്യക്തമാക്കിയതോടെയാണ് ജോസ്.കെ.മാണി കളം മാറ്റി ചവിട്ടുന്നത്. നേരത്തേ മുന്നണിയില്‍ ഉറച്ച് നില്‍ക്കുന്നു എന്ന നിലപാടാണ് റോഷിയും പ്രമോദ് നാരായണനും എടുത്തിരിക്കുന്നത്. അതേസമയം എന്‍ ജയരാജ് നിലപാട് വ്യക്തമാക്കിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കേരളാ കോണ്‍ഗ്രസി(എം)നെ യു.ഡി.എഫില്‍ തിരിച്ചെത്തിക്കാനുള്ള അണിയറനീക്കവുമായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയും രംഗത്ത് വന്നിട്ടുണ്ട്.
ജോസ് പോയാലും മന്ത്രി റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണന്‍ എം.എല്‍.എയേയും ഇടതുമുന്നണിയില്‍ പിടിച്ചുനിര്‍ത്താന്‍ സി.പി.എം. നീക്കം. മുന്നണിമാറ്റം തള്ളി റോഷിയും പ്രമോദും രംഗത്തുവന്നതോടെ കേരളാ കോണ്‍ഗ്രസി(എം)ല്‍ വീണ്ടുമൊരു പിളര്‍പ്പിനു കളമൊരുങ്ങി.
തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത പരാജയത്തിനു പിന്നാലെ, കേരളാ കോണ്‍ഗ്രസ് (എം) കളംമാറ്റിച്ചവിട്ടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ്. യോഗത്തിലും കേന്ദ്രസര്‍ക്കാരിനെതിരേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന സമരത്തിലും ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതോടെ ചുവരെഴുത്ത് വ്യക്തമായി.
എല്‍.ഡി.എഫ്. മധ്യമേഖലാജാഥയില്‍ ക്യാപ്റ്റനാകാനില്ലെന്നും ജോസ് ഇടതുനേതൃത്വത്തെ അറിയിച്ചു. കുറച്ച് ദിവസങ്ങളായി കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വങ്ങള്‍ തമ്മില്‍ അനൗപചാരികചര്‍ച്ചകള്‍ നടക്കുന്നതു സി.പി.എം. നേതൃത്വത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു.
കെ.പി.സി.സി. നേതൃത്വത്തിന്റെ നീക്കങ്ങള്‍ക്കു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും പച്ചക്കൊടി കാട്ടിയതോടെയാണ് ഇടതുമുന്നണിയില്‍ തുടരുമെന്ന സൂചനയോടെ റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. ഇതോടെ, മുന്നണിമാറ്റമുണ്ടായാല്‍ കേരളാ കോണ്‍ഗ്രസ് (എം) ഒരിക്കല്‍ക്കൂടി പിളരുമെന്നു വ്യക്തമായി. ജോസ് കെ. മാണി എന്ത് നിലപാടെടുത്താലും ഒപ്പം നില്‍ക്കുമെന്ന് എം.എല്‍.എ.മാരായ സെബാസ്റ്റിയന്‍ കുളത്തുങ്കലും ജോബ് മൈക്കിളും വ്യക്തമാക്കിയിട്ടുണ്ട്. ഗവ. ചീഫ് വിപ്പ് കൂടിയായ ഡോ. എന്‍. ജയരാജ് എം.എല്‍.എ. നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ജോസിനൊപ്പം നില്‍ക്കുമെന്നാണു സൂചന.
ജോസും കൂട്ടരും യു.ഡി.എഫില്‍ തിരിച്ചെത്താന്‍ സാധ്യതയേറിയതോടെ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എതിര്‍പ്പ് മയപ്പെടുത്തിയിട്ടുണ്ട്. യു.ഡി.എഫിലേക്ക് ആരെങ്കിലും വരാന്‍ തയാറായാല്‍ മുന്നണിനേതൃത്വം ചര്‍ച്ചയ്ക്കു തയാറാണെന്ന് ജോസഫ് വിഭാഗം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.
അതേസമയം, മുന്നണിമാറ്റം സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ക്കു കേരളാ കോണ്‍ഗ്രസു(എം)മായി ബന്ധമില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ് കെ. മാണി സാമൂഹികമാധ്യമത്തില്‍ കുറിച്ചു. പാര്‍ട്ടിയുടെ രാഷ്ട്രീയനിലപാട് ഇടതുമുന്നണിക്കൊപ്പമാണെന്നു പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. ഒഴിവാക്കാനാവാത്ത സ്വകാര്യാവശ്യങ്ങള്‍ക്കായി കേരളത്തിനു പുറത്ത് യാത്രയിലായതിനാലാണ് തിരുവനന്തപുരത്തെ എല്‍.ഡി.എഫ്. സമരത്തില്‍ പങ്കെടുക്കാതിരുന്നത്. അത് മുന്നണി നേതാക്കളെ നേരത്തേ അറിയിച്ചിരുന്നു. പാര്‍ട്ടി എം.എല്‍.എമാരെല്ലാം പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു- ജോസ് ചൂണ്ടിക്കാട്ടി.