Saturday, March 14, 2026 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.36 PM

അലീസ ഹീലി വിരമിക്കല്‍ പ്രഖ്യാപിച്ചു

uploads/news/2026/01/820628/sp5.jpg

മെല്‍ബണ്‍: വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരവും ഓസ്‌ട്രേലിയന്‍ ടീം നായികയുമായ അലീസ ഹീലി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരേ മാര്‍ച്ചില്‍ നടക്കുന്ന പരമ്പരയ്‌ക്ക് ശേഷം ക്രിക്കറ്റിനോടു വിടപറയുമെന്ന്‌ അലീസ ഹീലി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്‌തമാക്കി.
''സമ്മിശ്ര വികാരങ്ങളോടെയാണ്‌ ഇന്ത്യക്കെതിരായ പരമ്പര അവസാന പരമ്പരയാകുമെന്ന്‌ അറിയിക്കുന്നത്‌. ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി കളിക്കുന്നതില്‍ ഇപ്പോഴും അഭിനിവേശമുണ്ട്‌. പക്ഷേ തുടക്കം മുതല്‍ മുന്നോട്ട്‌ നയിച്ച ആവേശം നഷ്‌ടപ്പെട്ടു, അതിനാല്‍ ക്രിക്കറ്റ്‌ കരിയര്‍ അവസാനിപ്പിക്കുകയാണ്‌'' അലീസ കുറിച്ചു.
വരുന്ന ട്വന്റി20 ലോകകപ്പില്‍ കളിക്കാനില്ലെന്ന്‌ അലീസ വ്യക്‌തമാക്കി. പെര്‍ത്തില്‍ പകലും രാത്രിയുമായി നടക്കുന്ന ടെസ്‌റ്റിലും ഏകദിന പരമ്പരയിലും ടീമിനെ നയിക്കാനുണ്ടാകുമെന്നു വിക്കറ്റ്‌ കീപ്പര്‍ കൂടിയായ അലീസ വ്യക്‌തമാക്കി. ഓസ്‌ട്രേലിയന്‍ മുന്‍ വിക്കറ്റ്‌ കീപ്പറും കമന്റേറ്ററുമായ ഇയാന്‍ ഹീലി അലീസയുടെ അമ്മാവനാണ്‌.
ഇടംകൈയന്‍ പേസറായ ഭര്‍ത്താവ്‌ മിച്ചല്‍ സ്‌റ്റാര്‍ക്‌ ഓസീസ്‌ ടീമംഗവുമാണ്‌. ന്യൂസിലന്‍ഡിനെതിരേ 2010 ല്‍ നടന്ന പരമ്പരയിലൂടെയാണ്‌ അലീസ രാജ്യാന്തര ക്രിക്കറ്റിലെത്തുന്നത്‌. 35 വയസുകാരിയായ അലീസ 15 വര്‍ഷത്തെ രാജ്യാന്തര കരിയറില്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി 7000 ത്തിലധികം റണ്ണെടുത്തു. 10 ടെസ്‌റ്റുകളിലായി 30.56 ശരാശരിയില്‍ 489 റണ്ണെടുത്തു. മൂന്ന്‌ അര്‍ധ സെഞ്ചുറികള്‍ കുറിച്ച താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 99 ആണ്‌. രണ്ട്‌ സ്‌റ്റമ്പിങുകളും 22 ക്യാച്ചുകളും സ്വന്തം പേരിലാക്കി. 123 ഏകദിനങ്ങളിലായി 35.98 ശരാശരിയില്‍ 3563 റണ്ണെടുത്തു. ഏഴ്‌ സെഞ്ചുറികളും 18 അര്‍ധ സെഞ്ചുറികളും സ്വന്തമാണ്‌. 38 സ്‌റ്റമ്പിങുകളും 85 ക്യാച്ചുകളും നേടി. 162 ട്വന്റി20 കളിലായി 25.45 ശരാശരിയില്‍ 3054 റണ്ണെടുത്തു. ഒരു സെഞ്ചുറിയും 17 അര്‍ധ സെഞ്ചുറികളും കൂടെയുണ്ട്‌. 63 സ്‌റ്റമ്പിങുകളും 65 ക്യാച്ചുകളും സ്വന്തമാക്കി.
ഓസീസ്‌ ടീമനായി എട്ടു ലോകകപ്പ്‌ കിരീടങ്ങള്‍ നേടി (ആറു ട്വന്റി20 ലോകകപ്പുകളും രണ്ട്‌ ഏകദിന ലോകകപ്പുകളും). 2023 ല്‍ മെഗ്‌ ലാനിങ്ങിനെ പിന്‍ഗാമിയായാണ്‌ അലീസ ഹീലി ഓസ്‌ട്രേലിയന്‍ ടീം നായികാസ്‌ഥാനത്തെത്തിയത്‌. ഏകദിന ലോകകപ്പ്‌ ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോര്‍ (2022 ല്‍ ഇംഗ്ലണ്ടിനെതിരെ 170), ഒരു രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍ (2019 ല്‍ ശ്രീലങ്കയ്‌ക്കെതിരെ 148), പുരുഷ/വനിതാ ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ (126) എന്നീ റെക്കോഡുകള്‍ അലീസയുടെ പേരിലാണ്‌. വനിതാ പ്രിമിയര്‍ ലീഗിനു ശേഷമാണ്‌ ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം. ഫെബ്രുവരി 15 മുതല്‍ 21 വരെ മൂന്നു ട്വന്റി20 കളുടെ പരമ്പരയും 24 മുതല്‍ മാര്‍ച്ച്‌ ഒന്ന്‌ വരെ മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയുമാണ്‌ ഇന്ത്യ അവിടെ കളിക്കുക. ഏക ടെസ്‌റ്റ് പെര്‍ത്തില്‍ മാര്‍ച്ച്‌ 6 മുതലാണ്‌. ഏക ടെസ്‌റ്റ് മത്സരത്തോടെ പരമ്പ അവസാനിക്കും. മിച്ചല്‍ സ്‌റ്റാര്‍ക്‌ ഭാര്യയുടെ വിരമിക്കല്‍ പ്രഖ്യാപനത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്‌തതു വൈറലായി. ഓസീസ്‌ പ്രധാന മന്ത്രി ആന്റണി അല്‍ബനീസ്‌ ക്രിക്കറ്റ്‌ ഇതിഹാസമെന്നും അലീസയെ വിശേഷിപ്പിച്ചു.

Ads by Google
Tuesday 13 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW