-->
ധാക്ക: ട്വന്റി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന നിലപാട് തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യക്കു പുറത്തേക്കു മാറ്റണമെന്നു ബി.സി.ബി. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് വീണ്ടും അപേക്ഷ നല്‍കി.
ഐ.സി.സി. അധികൃതരും ബി.സി.ബി. അധികൃതരും തമ്മില്‍ ഇന്നലെ വീഡിയോ കോണ്‍ഫെറന്‍സ് നടത്തിയിരുന്നു. താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലേക്കു വരില്ലെന്ന് ബി.സി.ബി. നിലപാടെടുത്തത്. വേദി മാറ്റണമെന്ന ബംഗ്ലാദേശിന്റെ അപേക്ഷ ഐ.സി.സി. നേരത്തെ തള്ളിയിരുന്നു.
ബംഗ്ലാദേശ് സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് അഡൈ്വസര്‍ ആസിഫ് നസ്‌റുളാണ് നിര്‍ദേശ പ്രകാരമാണു മത്സര വേദി ഇന്ത്യയില്‍നിന്നു മാറ്റണമെന്ന് ബി.സി.ബിയോട് ആവശ്യപ്പെട്ടത്. ബംഗ്ലാദേശിന്റെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളില്‍ രണ്ടെണ്ണം കൊല്‍ക്കത്തയിലും ഒരെണ്ണം മുംബൈയിലുമാണ്. തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ദക്ഷിണേന്ത്യയില്‍ നടത്താനുള്ള നിര്‍ദേശവും വന്നിരുന്നു. കൊല്‍ക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്‌തിരുന്നത്. പകരം ചെന്നൈയും തിരുവനന്തപുരവും വേദികളായി നിര്‍ദേശിച്ചു. ഇതു സംബന്ധിച്ചു ധാരണയില്ലെന്നാണു ബി.സി.സി.ഐ. സെക്രട്ടറി ദേവജിത് സൈക്യ വ്യക്‌തമാക്കിയിരുന്നു.
ഐ.പി.എല്‍. ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ബംഗ്ലാദേശ് പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാനെ ഒഴിവാക്കാന്‍ ബി.സി.സി.ഐ. നിര്‍ദേശിച്ചതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. മുസ്‌താഫിസുര്‍ കളിച്ചാല്‍ പ്രതിഷേധ നേരിടേണ്ടി വരുമെന്നു വിവിധ ഹിന്ദു സംഘടനകള്‍ പ്രസ്‌താവിച്ചിരുന്നു.