-->
ന്യൂഡല്‍ഹി: ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി ചൈനീസ് കമ്യൂണിസ്‌റ്റ് പാര്‍ട്ടി (സി.പി.സി) പ്രതിനിധി സംഘം. സി.പി.സിയുടെ അന്താരാഷ്‌ട്രവിഭാഗം വൈസ് മിനിസ്‌റ്റര്‍ (ഐ.ഡി.സി.പി.സി) സണ്‍ ഹൈയാന്റെ നേതൃത്വത്തിലുള്ള ചൈനീസ് സംഘം തിങ്കളാഴ്‌ചയാണ് ഡല്‍ഹിയിലെ ബി.ജെ.പി ദേശീയ ആസ്‌ഥാനം സന്ദര്‍ശിച്ചത്.
ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് നയിച്ച സംഘം, സി.പി.സി പ്രതിനിധി സംഘവുമായി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ്ങും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.
ചൊവ്വാഴ്‌ചയായിരുന്നു ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച. പ്രേരണ ബ്ലോക്കില്‍ നടന്ന കൂടിക്കാഴ്‌ച മുപ്പതുമിനിറ്റോളം നീണ്ടു. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ ഉള്‍പ്പെടെയുള്ളവര്‍ കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തുവെന്നാണ് വിവരം.രണ്ടു പതിറ്റാണ്ടിലധികമായി ബി.ജെ.പിയും സി.പി.സിയും തമ്മില്‍ ഇത്തരം സന്ദര്‍ശനങ്ങളുണ്ട്. ബി.ജെ.പിയുടെ നിരവധി പ്രതിനിധി സംഘങ്ങള്‍ ബെയ്‌ജിങ് സന്ദര്‍ശിക്കുകയും മുതിര്‍ന്ന ചൈനീസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിട്ടുണ്ട്. 2020ല്‍ ലഡാക്കിലെ ഗല്‍വാനിലുണ്ടായ സൈനിക ഏറ്റുമുട്ടലിനു ശേഷം ഇതാദ്യമായിട്ടാണ് ചൈനീസ് സംഘം ഇന്ത്യയിലെത്തുന്നത്.