-->
കൊല്‍ക്കത്ത: തീവ്ര വോട്ടര്‍പട്ടികാ പരിഷ്‌കരണത്തിലൂടെ (എസ്.ഐ.ആര്‍) പശ്‌ചിമബംഗാളിലെ 54 ലക്ഷം വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. അവകാശം സ്‌ഥാപിക്കാന്‍ അവസരം നല്‍കാതെ കരട് പട്ടികയില്‍നിന്ന് ഇത്രയും പേരെ ഇല്ലാതാക്കുകയായിരുന്നെന്ന് സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ വിശദീകരിച്ചു. വോട്ടര്‍പട്ടികയില്‍നിന്നു പേരുകള്‍ ഇല്ലാതാക്കാന്‍ ബി.ജെ.പി വികസിപ്പിച്ചെടുത്ത എ.ഐ. ഉപകരണങ്ങള്‍ ഉപയോഗിച്ചതായും മമത ആരോപിച്ചു.
ഇലക്‌ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ) സംസ്‌ഥാനത്തുടനീളം അധികാരം ദുരുപയോഗം ചെയ്‌തു. ഇതിലൂടെ ലക്ഷക്കണക്കിനു പേരുകള്‍ ഇല്ലാതായത് യഥാര്‍ഥ വോട്ടര്‍മാരെ ബാധിച്ചു. ഗണ്യമായ പങ്കും ഒഴിവാക്കപ്പെട്ടത് തെറ്റായ പ്രക്രിയയിലൂടെയാണ്. പേരുകള്‍ നീക്കം ചെയ്യാനുള്ള കാരണം അറിയിക്കുകയോ വിശദീകരണം നല്‍കാരം അവസരം കൊടുക്കുകയോ ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പേരുകള്‍ നീക്കം ചെയ്യാന്‍ ബി.ജെ.പി വികസിപ്പിച്ചെടുത്ത എ.ഐ ഉപകരണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപയോഗിച്ചെന്നാണ് മമത ആരോപിക്കുന്നത്. ഡേറ്റയില്‍ അനാവശ്യ പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ ഈ സോഫ്‌റ്റ്‌വെയറുകള്‍ കാരണമായി.
വിവാഹശേഷം കുടുംബപ്പേരുകള്‍ മാറ്റിയ സ്‌ത്രീ വോട്ടര്‍മാരുള്‍പ്പെടെ ഇത്തരത്തില്‍ ഇല്ലാതായി. നിയമപരമായി സ്‌ഥലം മാറിയ ആളുകളെയും ഇതുബാധിച്ചു. വെട്ടിമാറ്റലിനെ ന്യായീകരിക്കനാണ് എ.ഐ ഉപകരണങ്ങളെ കമ്മിഷന്‍ അവതരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. അന്തിമ വോട്ടര്‍പട്ടികയില്‍ നിന്ന് ഒരു കോടി പേരുകള്‍ കൂടി നീക്കം ചെയ്യാന്‍ ബി.ജെ.പി-ഇ.സി അവിശുദ്ധ കൂട്ടുകെട്ട് പദ്ധതിയിടുന്നുണ്ടെന്നാണ് മമതയുടെ മറ്റൊരു ആരോപണം. എസ്.ഐ.ആര്‍ പ്രക്രിയയെക്കുറിച്ചുള്ള വിവാദം ആരംഭിച്ചശേഷം തിങ്കളാഴ്‌ച അഞ്ചാം തവണയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന് മമത കത്തെഴുതി. 2002 ലെ വോട്ടര്‍ പട്ടികയെ അടിസ്‌ഥാനമാക്കി എ.ഐ. കണ്ടെത്തിയ പിശകുകള്‍ യഥാര്‍ഥ വോട്ടര്‍മാര്‍ക്ക് വ്യാപക ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവു കൂടിയായ അവര്‍ കത്തില്‍ അവകാശപ്പെട്ടു.