-->
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ശത്രുവിന്റെ ഏത് ദുസാഹസത്തിനും കനത്ത തിരിച്ചടി നല്‍കുമെന്നും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തിന്റെ കരുത്തും നിശ്‌ചയദാര്‍ഢ്യവും തെളിയിച്ചെന്നും ഇതുവഴി പാകിസ്‌താന്റെ ആണവ ഭീഷണി തകര്‍ത്തുവെന്നും ജനറല്‍ ദ്വിവേദി പറഞ്ഞു. മൂന്നു സേനകള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. മൂന്ന് സേനകളുടെയും സംയുക്‌ത നീക്കത്തിന് ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂറെന്നും വാര്‍ത്താ സമ്മേളനത്തില്‍ സൈനികമേധാവി വ്യക്‌തമാക്കി.
ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ പാകിസ്‌താന്‍ ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിനു മുതിര്‍ന്നിരുന്നെങ്കില്‍ അതിര്‍ത്തി കടന്നുള്ള നടപടിക്ക് സൈന്യം പൂര്‍ണ്ണ സജ്‌ജമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 88 മണിക്കൂറിനുള്ളില്‍ സംഘര്‍ഷം, പരമ്പരാഗത യുദ്ധത്തിലേക്ക് മാറുമായിരുന്നു. ഓപ്പറേഷന്റെ ഭാഗമായി ഏകദേശം 100 പാക് സൈനികരെ വധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടം ഇന്ത്യ തുടരുകയാണ്. 2025-ല്‍ മാത്രം 31 ഭീകരരെ വധിച്ചിട്ടുണ്ട്. ഇതില്‍ 65 ശതമാനവും പാകിസ്‌താന്‍ സ്വദേശികളായിരുന്നു. പഹല്‍ഗാം ഭീകരാക്രാമണത്തില്‍ പങ്കുള്ള മൂന്നു ഭീകരരെ ഓപ്പറേഷന്‍ മഹാദേവിലൂടെ വധിച്ചു. നിലവില്‍ കശ്‌മീരിലെ പ്രാദേശിക ഭീകരരുടെ എണ്ണം ഒറ്റയക്കത്തിലേക്ക് ചുരുങ്ങിയതായും പുതിയ ആളുകള്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത് ഏതാണ്ട് ഇല്ലാതായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തിക്കപ്പുറം ഇപ്പോഴും എട്ടോളം ഭീകര പരിശീലന ക്യാമ്പുകള്‍ സജീവമാണെന്ന് രഹസ്യാന്വേഷണ വിവരങ്ങളുണ്ട്. ഇവയില്‍, രണ്ടെണ്ണം രാജ്യാന്തര അതിര്‍ത്തിക്ക് എതിര്‍വശത്തും ആറെണ്ണം നിയന്ത്രണ രേഖയ്‌ക്ക് കുറുകെയുമാണ് സ്‌ഥിതി ചെയ്യുന്നത്. ഈ ക്യാമ്പുകളില്‍ ചില സാന്നിധ്യവും പരിശീലന പ്രവര്‍ത്തനങ്ങളും ഉണ്ടെന്നും സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വീണ്ടും കണ്ടെത്തിയാല്‍, ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജനറല്‍ ദ്വിവേദി വ്യക്‌തമാക്കി.