-->
ചെന്നൈ: 'ജനനായകന്‍' സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടനും ടി.വി.കെ. നേതാവുമായ വിജയ്‌ക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സാമൂഹികമാധ്യമ പോസ്‌റ്റിനെച്ചൊല്ലി തമിഴ്‌നാട്ടില്‍ ചൂടുപിടിച്ച ചര്‍ച്ച. ഡി.എം.കെയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസ്. എന്നാല്‍, ടി.വി.കെയുമായി കോണ്‍ഗ്രസ് അടുക്കുന്നതിന്റെ സൂചനയാണ് രാഹുലിന്റെ പോസ്‌റ്റെന്നു വിലയിരുത്തല്‍.
സെന്‍സര്‍ ബോര്‍ഡ് വഴി വിജയ് ചിത്രം ജനനായകന്റെ റിലീസ് വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതു തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്നു ലോക്‌സഭയിലെ പ്രതിപക്ഷനേതാവു കൂടിയായ രാഹുല്‍ പറഞ്ഞു. തമിഴ് ജനതയുടെ ശബ്‌ദം നിശബ്‌ദമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി തമിഴ്‌നാട് നീലഗിരിയിലെ ഗുഡല്ലൂരില്‍ എത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണവും പുറത്തുവന്നത്.
പ്രധാന ദേശീയ സ്‌ഥാപനങ്ങള്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സമ്മര്‍ദത്തിലാണെന്നു നേരത്തെ തന്നെ രാഹുല്‍ ആരോപിച്ചിരുന്നു.രാഷ്‌ട്രീയത്തില്‍ ഇറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമെന്നു വിശേഷണമുള്ള ജനനായകന്റെ പ്രദര്‍ശനാനുമതി വൈകുന്നതിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ രംഗത്തുവന്നിരുന്നു. സിനിമകള്‍ക്കുമേല്‍ അനാവശ്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നു തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്‌റ്റാലിനും വ്യക്‌തമാക്കി. വെള്ളിയാഴ്‌ചയായിരുന്നു ചിത്രം തിയേറ്ററിലെത്തേണ്ടിയിരുന്നത്.
സെന്‍സര്‍ ബോര്‍ഡ് അനുമതി വൈകിയതിനെത്തുടര്‍ന്ന് നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ചിത്രത്തിന് അനുകൂലമായി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും ചീഫ് ജസ്‌റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്‌തു. ഹര്‍ജി ഇനി പൊങ്കല്‍ അവധിക്കുശേഷം 21-ന് മാത്രമേ പരിഗണിക്കുകയുള്ളൂ. നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പൊങ്കലിന് മുമ്പ് റിലീസ് ചെയ്യാനായില്ല.അതേസമയം, ടി.വി.കെയുമായി സഖ്യത്തിലേര്‍പ്പെടണമെന്ന് തമിഴ്‌നാട്ടിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തില്‍ സഖ്യകക്ഷികളെ ഉള്‍പ്പെടുത്താത്ത ഡി.എം.കെ നിലപാടാണ് ഇവരെ ചൊടിപ്പിക്കുന്നത്. വിജയ്‌യും രാഹുല്‍ ഗാന്ധിയും നയിക്കുന്ന പ്രചാരണങ്ങള്‍ ഗുണംചെയ്യുമെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍, ഡി.എം.കെയുമായുള്ള ദീര്‍ഘകാല ബന്ധം തുടരണമെന്നാണു കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളും പറയുന്നത്.