Thursday, March 12, 2026 Last Updated 50 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

ക്വിക്‌-കൊമേഴ്‌സ്‌ കമ്പനികളുടെ 10-മിനിറ്റ്‌ ഡെലിവറിക്ക്‌ കേന്ദ്രത്തിന്റെ 'വേഗപ്പൂട്ട'

ന്യൂഡല്‍ഹി: ക്വിക്‌-കൊമേഴ്‌സ്‌ കമ്പനികള്‍ അവതരിപ്പിച്ച 10-മിനിറ്റ്‌ ഡെലിവറി സേവനം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.
സാധനങ്ങള്‍ വിതരണം ചെയ്യാനെടുക്കുന്ന കുറഞ്ഞ സമയം കാട്ടിയുള്ള പരസ്യം പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ ഫോമുകള്‍ക്ക്‌ നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ പ്ലാറ്റ്‌ ഫോം പ്രതിനിധികളുമായി കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ്‌ മാണ്ഡവ്യ നടത്തിയ ചര്‍ച്ചയിലാണ്‌ ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചത്‌. ഡെലിവറി പാര്‍ട്‌ണര്‍മാര്‍ അഥവാ ഗിഗ്‌ തൊഴിലാളികള്‍ നേരിടുന്ന സുരക്ഷാ ഭീഷണി പരിഗണിച്ചാണിത്‌. കേന്ദ്ര നിര്‍ദേശത്തിന്‌ പിന്നാലെ ബ്ലിങ്കിറ്റ്‌ 10-മിനിറ്റ്‌ ഡെലിവറി എന്ന ഉറപ്പ്‌ ഉപേക്ഷിച്ചുവെന്ന്‌ റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കി. സൊമാറ്റോയുടെ കീഴിലെ കമ്പനിയാണ്‌ ബ്ലിങ്കിറ്റ്‌. സ്വിഗ്ഗിയുടെ കീഴിലെ ഇന്‍സ്‌റ്റാമാര്‍ട്ട്‌, സെപ്‌റ്റോ എന്നിവയും ബ്ലിങ്കിറ്റിന്റെ പാത പിന്തുടരുമെന്നാണ്‌ സൂചനകള്‍.
ഇനിമുതല്‍ നിശ്‌ചിത സമയത്തിനകം ഡെലിവറി നടക്കുമെന്ന തരത്തിലുള്ള ഉറപ്പുകള്‍ ഉണ്ടാവില്ലെന്നും കമ്പനികള്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഗിഗ്‌ തൊഴിലാളികള്‍കഴിഞ്ഞമാസം സുരക്ഷാപ്രശ്‌നം ഉന്നയിച്ചും ഉയര്‍ന്ന വേതനവ്യവസ്‌ഥകള്‍ ആവശ്യപ്പെട്ടും സമരത്തിലേക്ക്‌ കടന്നിരുന്നു.അള്‍ട്രാ-ഫാസ്‌റ്റ്‌ ഡെലിവറി ഉറപ്പുകള്‍ പലപ്പോഴും അതിവേഗത്തില്‍ പോകാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്നും ഇതു റോഡുകളില്‍ അപകടത്തിന്‌ വഴിയൊരുക്കുന്നെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ്‌ വിഷയത്തില്‍ കേന്ദ്രം ഇടപെട്ടത്‌. സ്വിഗ്ഗിയും സൊമാറ്റോയും ഇന്‍സെന്റീവ്‌ ഉയര്‍ത്തിയിരുന്നു.കേന്ദ്രം അവതരിപ്പിച്ച പുതിയ ലേബര്‍ കോഡ്‌ പ്രകാരം ഗിഗ്‌ തൊഴിലാളികള്‍ക്കും മിനിമം വേതനം, ആരോഗ്യ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവയ്‌ക്ക്‌ അര്‍ഹതയുണ്ട്‌. 10-മിനിറ്റ്‌ ഡെലിവറി അവകാശവാദം ഉപേക്ഷിക്കുന്നതിനാല്‍ പരസ്യങ്ങള്‍, ഡെലിവറി പാര്‍ട്‌ണര്‍മാരുടെ ടിഷര്‍ട്ടുകള്‍, ജാക്കറ്റ്‌, ബാഗ്‌ തുടങ്ങിയവയില്‍നിന്ന്‌ ഇതുസംബന്ധിച്ച വാചകങ്ങള്‍ കമ്പനികള്‍ ഒഴിവാക്കും.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW