-->
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ അഴിമതിക്കേസുകളില്‍ അന്വേഷണം ആരംഭിക്കുന്നതിനു മുമ്പ് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയ 2018-ലെ അഴിമതി വിരുദ്ധ നിയമത്തിലെ വ്യവസ്‌ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ ഭിന്നവിധിയുമായി സുപ്രീം കോടതി.
ജസ്‌റ്റിസുരമാരായ ബി.വി. നാഗരത്‌ന, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യത്യസ്‌ത വിധികള്‍ പുറപ്പെടുവിച്ചതോടെ ഹര്‍ജി വിശാല ബെഞ്ചിനു കൈമാറും. ഇതോടെ വിഷയം ചീഫ് ജസ്‌റ്റിസ് സൂര്യ കാന്തിന്റെ പരിഗണനയ്‌ക്കു വിട്ടു. അഴിമതി നിരോധന നിയമത്തിലെ സെക്‌ഷന്‍ 17(എ) ഭരണഘടനാ വിരുദ്ധമാണെന്നും അത് റദ്ദാക്കേണ്ടതുണ്ടെന്നും ജസ്‌റ്റിസ് ബി.വി. നാഗരത്‌ന വിധിയില്‍ ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ അനുമതിയുടെ ആവശ്യകത അഴിമതി നിരോധന നിയമത്തിനു വിരുദ്ധമാണ്. അത് അന്വേഷണത്തിന് തടസം സൃഷ്‌ടിക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യുമെന്നും ജസ്‌റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്‌ഥരെ സംരക്ഷിക്കുന്ന വകുപ്പാണിത്. പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ് വിളമ്പാന്‍ നിയമനിര്‍മാണസഭ നടത്തുന്ന ശ്രമമാണിതെന്നും ജസ്‌റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.
എന്നാല്‍, സത്യസന്ധരായ ഉദ്യോഗസ്‌ഥരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തി ഈ വ്യവസ്‌ഥ ഭരണഘടനാപരമാണെന്ന് ജസ്‌റ്റിസ് കെ.വി. വിശ്വനാഥന്‍ വിധിച്ചു. സെക്‌ഷന്‍ 17(എ) റദ്ദാക്കുന്നത് കുഞ്ഞിനെ കുളിവെള്ളത്തില്‍ എറിയുന്നതിന് തുല്യമാണെന്ന് ജസ്‌റ്റിസ് വിശ്വനാഥന്‍ അഭിപ്രായപ്പെട്ടു.അഴിമതി നിരോധന നിയമത്തിലെ ഭേദഗതി ചെയ്‌ത സെക്‌ഷന്‍ 17(എ)ന്റെ സാധുതയ്‌ക്കെതിരേ 'സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്‌റ്റ് ലിറ്റിഗേഷന്‍' (സി.പി.ഐ.എല്‍)എന്ന എന്‍.ജി.ഒ. സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.