-->
ആഗോള വിപണിയില്‍ കെടിഎം 2026 മോഡല്‍ 390 ഡ്യൂക്ക് പുതിയ അപ്‌ഡേറ്റുകളുമായി എത്തിയിരിയ്ക്കുകയാണ്. ബ്രേക്കിംഗ്, പുതിയ നിറം എന്നിവയിലാണ് പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ WP FCR4 ഫ്രണ്ട് ബ്രേക്ക് കാലിപ്പറാണ് 2026 390 ഡ്യൂക്കിന്റെ പ്രധാന മാറ്റം. 320mm മുന്‍ ഡിസ്‌കും 240mm പിന്‍ ഡിസ്‌കുമുള്ള ബ്രേക്കിംഗ് സിസ്റ്റം മാറ്റമില്ല. കോര്‍ണറിംഗ് എബിഎസ്, സൂപ്പര്‍മോട്ടോ എബിഎസ് എന്നിവയും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. സാഹസിക റൈഡിംഗിന് പിന്‍ എബിഎസ് പ്രവര്‍ത്തനരഹിതമാക്കാന്‍ സൂപ്പര്‍മോട്ടോ എബിഎസ് സഹായിക്കും.
കാഴ്ച്ചയില്‍ 2026 കെടിഎം 390 ഡ്യൂക്ക് പുതിയ മാറ്റ് ബ്ലൂ നിറത്തിലാണെത്തുന്നത്. നിലവിലെ ഡിസൈന്‍, ബോഡി പാനലുകള്‍, സ്ട്രീറ്റ്‌ഫൈറ്റര്‍ സ്‌റ്റൈലിംഗ് എന്നിവയ്‌ക്കൊന്നും മാറ്റങ്ങളില്ല. പുതിയ ഡ്യൂക്കില്‍ കണ്ട അതേ 399 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് 2026 കെടിഎം 390 ഡ്യൂക്കിന് കരുത്ത്. 46 bhp കരുത്തും 39 nm ടോര്‍ക്കും നല്‍കുന്ന എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. എഞ്ചിന്‍ ഇപ്പോഴും ആഗോള എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ്. റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകള്‍ എന്നിവയുമുണ്ട്.
ക്ലച്ച് ഇല്ലാതെ ഗിയര്‍ മാറ്റാന്‍ സഹായിക്കുന്ന ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍ സ്റ്റാന്‍ഡേര്‍ഡായി മോഡലില്‍ കമ്പനി നല്‍കുന്നുണ്ട്. 390 ഡ്യൂക്കില്‍ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം, ബോള്‍ട്ട്-ഓണ്‍ അലുമിനിയം സബ്ഫ്രെയിം, WP Apex സസ്‌പെന്‍ഷന്‍ എന്നിവയുണ്ട്. 43mm USD ഫോര്‍ക്കുകളാണ് മുന്നില്‍ ; പിന്നില്‍ ക്രമീകരിക്കാവുന്ന മോണോഷോക്കും സസ്‌പെന്‍ഷനായുണ്ട്. 5 ഇഞ്ച് ടിഎഫ്ടി കളര്‍ ഡിസ്പ്ലേ (ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ), റൈഡ് മോഡുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ലോഞ്ച് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാണ്.
390 അഡ്വഞ്ചര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 10,000 രൂപ വില വരുന്ന ആക്സസറികള്‍ സൗജന്യമായി നല്‍കുമെന്നാണ് ഓസ്ട്രിയന്‍ ബ്രാന്‍ഡ് അറിയിച്ചിരിക്കുന്നത്. പരിമിതമായ കാലയളവിലേക്കാണ് കെടിഎം 390 അഡ്വഞ്ചര്‍ അല്ലെങ്കില്‍ 390 അഡ്വഞ്ചര്‍ X തിരഞ്ഞെടുക്കുന്നവര്‍ക്ക് ഫ്രീ ആക്സസറികള്‍ ലഭ്യമാവുക. ഈ ഫ്രീ ആക്സസറികളില്‍ ഹെഡ്ലാമ്പ് പ്രൊട്ടക്ടര്‍, മഡ്ഫ്‌ലാപ്പ് എക്സ്റ്റന്‍ഷന്‍, ലോവര്‍ ഫെന്‍ഡര്‍, സെന്റര്‍ സ്റ്റാന്‍ഡ്, ടൂറിംഗ് സീറ്റ്, കെടിഎം ബൈക്ക് കവര്‍ എന്നിവയാണ് കെടിഎം വാഗ്ദാനം ചെയ്യുന്നത്. ആക്സസറി പാക്കേജിന് പുറമേ, കെടിഎം 2,650 രൂപ വിലമതിക്കുന്ന 10 വര്‍ഷം വരെയുള്ള എക്സ്റ്റന്‍ഡഡ് വാറണ്ടി കവറേജും വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് ആശങ്കകളൊന്നുമില്ലാതെ കെടിഎമ്മിന്റെ മോട്ടോര്‍സൈക്കിളുകള്‍ തെരഞ്ഞെടുക്കാന്‍ ഇത് ആളുകളെ സഹായിക്കും. അധിക വാറണ്ടി കവറേജ് മെയിന്റനെന്‍സ് ചെലവുകളെക്കുറിച്ചുള്ള ആശങ്കകളും കുറയ്ക്കുന്നു.