-->
വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദറിന്റെ പകരക്കാരനായി പുതുമുഖം ആയുഷ് ബദോനിയെ ഉള്‍പ്പെടുത്തി.
വാഷിങ്‌ടണ്‍ സുന്ദറിന് ഒന്നാം ഏകദിനത്തിനിടെ പരുക്കേറ്റിരുന്നു. അഞ്ച് ഓവര്‍ എറിഞ്ഞ വാഷിങ്‌ടണ്‍ സുന്ദര്‍ പരുക്കേറ്റു പുറത്തു പോയ ശേഷം ഫീല്‍ഡില്‍ തിരിച്ചെത്തിയില്ല. എട്ടാം നമ്പറായി ബാറ്റ് ചെയ്യാനിറങ്ങിയിരുന്നു. ഇന്ത്യ മത്സരത്തില്‍ നാല് വിക്കറ്റിന്റെ ജയമറിഞ്ഞിരുന്നു. താരത്തിന്റെ ഇടതു വാരിയെല്ലിനാണു പരുക്കെന്നു ബി.സി.സി.ഐ. വ്യക്‌തമാക്കി.
സുന്ദറിനെ വിശദ പരിശോധനയ്‌ക്കു വിധേയനാക്കും. 26 വയസുകാരനായ ബദോനി 27 ലിസ്‌റ്റ് എ മത്സരങ്ങള്‍ കളിച്ചു. 36.47 ശരാശരിയില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറികളും കുറിച്ചു. ബാറ്ററാണെങ്കിലും പാര്‍ട്ട് ടൈം ഓഫ് സ്‌പിന്നര്‍ കൂടിയാണ്.
വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി മൂന്ന് ഇന്നിങ്‌സുകളിലായി 22 ഓവര്‍ എറിഞ്ഞു. നാല് വിക്കറ്റുമെടുത്തു. സീസണില്‍ ബാറ്ററെന്ന നിലയില്‍ തിളങ്ങാനായില്ല. അഞ്ചാം നമ്പര്‍ ബാറ്ററായാണു കൂടുതല്‍ തിളങ്ങിയത്. കഴിഞ്ഞ സീസണില്‍ ഒരു സെഞ്ചുറിയുമടിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി 56 മത്സരങ്ങള്‍ കളിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്, ബാറ്റര്‍ തിലക് വര്‍മ എന്നിവര്‍ക്കു പിന്നാലെയാണു വാഷിങ്‌ടണ്‍ സുന്ദര്‍ പരുക്കേറ്റു പുറത്താകുന്നത്.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം 14 നു രാജ്‌കോട്ടില്‍ നടക്കും. അവസാന മത്സരം 18 ന് ഇന്‍ഡോറിലാണ്. തുടര്‍ന്ന് അഞ്ച് ട്വന്റി20 കളുടെ പരമ്പരയും നടക്കും. നാഗ്‌പുര്‍ (21), റായ്‌പുര്‍ (23), ഗുവാഹാത്തി (25), വിശാഖപട്ടണം (28), തിരുവനന്തപുരം (31) എന്നിവിടങ്ങളിലാണു പരമ്പര.