-->
ജിദ്ദ: സ്‌പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ (സൂപ്പര്‍ കോപ്പ ഡി എസ്‌പാനിയ) കിരീടം ബാഴ്‌സലോണയ്‌ക്ക്. ജിദ്ദയിലെ കിങ് അബ്‌ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ അവര്‍ പരമ്പരാഗത എതിരാളി റയാല്‍ മാഡ്രിഡിനെ 3-2 നു തോല്‍പ്പിച്ചു. റാഫിഞ്ഞയുടെ ഇരട്ട ഗോളുകളാണ് എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയുടെ ജയത്തിന് ആധാരം. ഇഞ്ചുറി ടൈമില്‍ ഫ്രാഞ്ച് ഡി ജോങ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് കിരീട നേട്ടത്തില്‍ കല്ലുകടിയായി.
ബാഴ്‌സ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സൂപ്പര്‍ കപ്പ് ജേതാക്കളാകുന്നത്. എല്‍ക്ല ാസിക്കോയുടെ വീറും വാശിയും നിറഞ്ഞ ഒരു പോരാട്ടത്തിനാണ് ജിദ്ദയിലെ കിങ് അബ്‌ദുല്ല സ്‌റ്റേഡിയം സാക്ഷിയായത്. ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ ഇരുടീമുകളും കുതിച്ച് പാഞ്ഞു. 36-ാം മിനിറ്റില്‍ ആദ്യ ഗോളെത്തി. റാഫിഞ്ഞയാണ് ടീമിനായി വലകുലുക്കിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ വിനീഷ്യസ് ജൂനിയറുടെ ഗോളില്‍ റയാല്‍ ഒപ്പമെത്തി. ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ ബാഴ്‌സ ലീഡ് തിരിച്ചു പിടിച്ചു. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ലീഡ് തിരിച്ചു പിടിക്കാന്‍ സഹായിച്ചത്. ഒന്നാം പകുതി അവസാനിക്കുമെന്ന് കരുതിയിരിക്കെ വീണ്ടും ഗോള്‍. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിട്ടിലെ ഗോള്‍ ഗോണ്‍സാലോ ഗാഴ്‌സിയയുടെ വകയായിരുന്നു.
രണ്ടാം പകുതിയും വാശിയേറിയ പോരാട്ടമാണ് അരങ്ങേറിയത്. 73-ാം മിനിറ്റില്‍ റാഫിഞ്ഞ ജയമുറപ്പിച്ച ഗോളടിച്ചു. ശേഷിക്കുന്ന സമയങ്ങളില്‍ ബാഴ്‌സയും റയലും വീണ്ടും ഗോളടിക്കാന്‍ പരിശ്രമങ്ങള്‍ നടത്തി. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഫ്രാങ്കി ഡി യോങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പത്ത് പേരായി ചുരുങ്ങിയിട്ടും കുലുങ്ങാതെ ബാഴ്‌സ തങ്ങളുടെ ജയം ഉറപ്പിച്ചു.