Wednesday, March 11, 2026 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.13 AM

പി.എസ്‌.എല്‍.വി. ദൗത്യം പരാജയം

uploads/news/2026/01/820396/in3.jpg

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കു തിരിച്ചടി നല്‍കി ഐ.എസ്‌.ആര്‍.ഒയുടെ പി.എസ്‌.എല്‍.വി.-സി62 വിക്ഷേപണം പരാജയപ്പെട്ടു. പി.എസ്‌.എല്‍.വിയില്‍ ബഹിരാകാശത്തേക്ക്‌ അയച്ച 16 ഉപഗ്രഹങ്ങളും നഷ്‌ടപ്പെട്ടു.
ഇന്നലെ രാവിലെ 10:17 നായിരുന്നു വിക്ഷേപണം. ആദ്യ രണ്ടുഘട്ടങ്ങളും വിജയിച്ചെങ്കിലും പിന്നീട്‌ മൂന്നാംഘട്ടത്തില്‍ പ്രശ്‌നം നേരിടുകയും വിക്ഷേപണപാതയില്‍നിന്ന്‌ വ്യതിചലിക്കുകയും ചെയ്‌തതായി ഐ.എസ്‌.ആര്‍.ഒ. അറിയിച്ചു. ഐ.എസ്‌.ആര്‍.ഒ. യുടെ ഈ വര്‍ഷത്തെ ആദ്യവിക്ഷേപണമായിരുന്നു ഇത്‌. ഇതാദ്യമായാണ്‌ തുടര്‍ച്ചയായ രണ്ടാം തവണ പി.എസ്‌.എല്‍.വി. വിക്ഷേപണം പരാജയപ്പെടുന്നത്‌.
ഭൗമനിരീക്ഷണത്തിനായുള്ള 'അന്വേഷ' ഉള്‍പ്പെടെ 16 ഉപഗ്രഹങ്ങളാണ്‌ ദൗത്യത്തിലൂടെ ബഹിരാകാശത്ത്‌ അയച്ചത്‌. ഭൗമോപരിതലത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്‌ത ഇ.ഒ.എസ്‌-എന്‍1 (അന്വേഷ) ആയിരുന്നു ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. രാജ്യത്തുനിന്നും ബ്രസീല്‍, നേപ്പാള്‍, യു.കെ. തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുമുള്ളവയാണ്‌ ബാക്കി ഉപഗ്രഹങ്ങള്‍. ഐ.എസ്‌.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്‌പേസ്‌ ഇന്ത്യാ ലിമിറ്റഡ്‌ മുഖേനെയാണ്‌ ഈ ഉപഗ്രഹങ്ങള്‍ വിക്ഷേപണത്തിനെത്തിയത്‌. ഇന്ത്യന്‍ വിദ്യാര്‍ഥി പേലോഡുകളും സ്‌പാനിഷ്‌ സ്‌റ്റാര്‍ട്ടപ്പിന്റെ റീ എന്‍ട്രി ക്യാപ്‌സ്യൂളും ഇന്നത്തെ വിക്ഷേപണത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ബഹിരാകാശത്തുനിന്ന്‌ കുറഞ്ഞ ചെലവില്‍ ഭൂമിയിലേക്ക്‌ സുരക്ഷിതമായി തിരികെയെത്താനുള്ള പുതിയൊരു സാങ്കേതികവിദ്യയുടെ പരീക്ഷണത്തിനായാണ്‌ കിഡ്‌ എന്ന റീ എന്‍ട്രി ക്യാപ്‌സ്യൂള്‍ അയച്ചത്‌. കഴിഞ്ഞവര്‍ഷം മേയിലാണ്‌ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്‌-ഒ ഭ്രമണപഥത്തിലെത്തിക്കാനുള്ള പി.എസ്‌.എല്‍.വി-സി 61 ദൗത്യം പരാജയപ്പെട്ടത്‌. ഇന്നത്തേതിന്‌ സമാനമായി വിക്ഷേപണത്തിന്റെ മൂന്നാംഘട്ടത്തില്‍ തന്നെയാണ്‌ അന്നും പ്രശ്‌നം നേരിട്ടത്‌. സോളിഡ്‌ മോട്ടോര്‍ ചേംബര്‍ മര്‍ദത്തില്‍ അസാധാരണമായ കുറവുണ്ടായതാണ്‌ ദൗത്യം പരാജയപ്പെടാന്‍ അന്ന്‌ കാരണമായത്‌.
64 പി.എസ്‌.എല്‍.വി വിക്ഷേപണങ്ങളില്‍ അഞ്ചാമത്തെ പരാജയമാണിത്‌. ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിക്കും ഉപഗ്രഹ വിക്ഷേപണത്തിനായി പി.എസ്‌.എല്‍.വിയെ കൂടുതലായി ആശ്രയിക്കുന്ന സ്വകാര്യ സ്‌റ്റാര്‍ട്ടപ്പുകള്‍ക്കും തിരിച്ചടിയാണിത്‌.

Ads by Google
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW