-->
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ നിപ വൈറസ് ബാധ സ്‌ഥിരീകരിച്ചു. രണ്ടുപേര്‍ക്കു രോഗബാധ സ്‌ഥിരീകരിച്ചതോടെ സംസ്‌ഥാന സര്‍ക്കാര്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വിദഗ്‌ധ സംഘത്തെ ബംഗാളിലേക്ക് അയച്ചു.
കല്യാണിയിലെ എയിംസിന്റെ ഭാഗമായ ഐ.സി.എം.ആര്‍. വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്‌റ്റിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നിപ ബാധ സ്‌ഥിരീകരിച്ചത്. ഇതിനു പിന്നാലെ കേന്ദ്ര ആരോഗ്യ സെക്രട്ടറി പശ്‌ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്‌ഡ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഫോണില്‍ വിളിച്ച് എല്ലാ സഹായങ്ങളും പിന്തുണയും വാഗ്‌ദാനം ചെയ്‌തു. രോഗ്യനിയന്ത്രണത്തിനും ബോധവത്‌കരണ പ്രവര്‍ത്തനങ്ങളില്‍ സംസ്‌ഥാന ആരോഗ്യവകുപ്പിനെ സഹായിക്കുന്നതിനുമായി ദേശീയ സംയുക്‌ത പകര്‍ച്ചവ്യാധി പ്രതികരണ സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്‌വൃത്തങ്ങള്‍ പറഞ്ഞു.
കൊല്‍ക്കത്തയിലെ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് പബ്ലിക് ഹൈജീന്‍, പുനെയിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി), ചെന്നൈയിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (എന്‍.ഐ.ഇ), എയിംസ് കല്യാണി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്‌ധര്‍ ഈ സംഘത്തിലുണ്ട്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും നിരീക്ഷിക്കാനും നടപടികള്‍ സ്വീകരിച്ചതായും അടിയന്തര രോഗപ്രതിരോധ നടപടികള്‍ തുടങ്ങിയതായും ബംഗാള്‍ ആരോഗ്യവകുപ്പ് അറിയിച്ചു.