-->
ന്യൂഡല്‍ഹി: ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യയും ജര്‍മനിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിന്റെയും സാന്നിധ്യത്തിലായിരുന്നു ഒപ്പുവയ്‌ക്കല്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 50 ബില്യണ്‍ ഡോളര്‍ കവിഞ്ഞതായി ചടങ്ങുകള്‍ക്കുശേഷം നരേന്ദ്ര മോദി വ്യക്‌തമാക്കി. രണ്ടായിരത്തിലധികം ജര്‍മന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ദീര്‍ഘകാല സാന്നിധ്യമുണ്ടെന്നും ജര്‍മനിക്ക് ഇന്ത്യയിലുള്ള അചഞ്ചലമായ വിശ്വാസത്തെ അതു പ്രതിഫലിപ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യ-ജര്‍മന്‍ സാമ്പത്തിക ബന്ധങ്ങളുടെ പൂര്‍ണ സാധ്യത പ്രയോജനപ്പെടുത്താന്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ തീര്‍പ്പാകേണ്ടതുണ്ടെന്ന് ഫ്രെഡറിക് മെര്‍സ് അഭിപ്രായപ്പെട്ടു.
''ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സഹകരണം വര്‍ഷംതോറും ശക്‌തിപ്പെടുകയാണ്. പുനരുപയോഗ ഊര്‍ജ മേഖലയില്‍ ഇന്ത്യയും ജര്‍മ്മനിയും പൊതുവായ മുന്‍ഗണനകള്‍ പങ്കിടുന്നുണ്ട്. സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യ-ജര്‍മനി സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്‌ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിജ്‌ഞാനം, സാങ്കേതികവിദ്യ, നവീകരണം തുടങ്ങിയവ പങ്കിടാനുള്ള വേദിയായി അതു വര്‍ത്തിക്കും.'' പ്രധാനമന്ത്രി മോദി വിശദീകരിച്ചു. കാലാവസ്‌ഥ, ഊര്‍ജം, നഗരവികസനം, മൊബിലിറ്റി തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ജര്‍മനിയും സംയുക്‌തമായി പുതിയ പദ്ധതികള്‍ നടപ്പാക്കുന്നു. ഗ്രീന്‍ ഹൈഡ്രജനില്‍ ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ ചേര്‍ന്നു നടപ്പാക്കുന്ന പുതിയ മെഗാ പ്രോജക്‌ട് ഭാവിയില്‍ ഒരു വഴിത്തിരിവാകും. വികസനം, കുടിയേറ്റം, നൈപുണ്യ വികസനം എന്നിവയ്‌ക്കും ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും മോദി പ്രസ്‌താവനയില്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമഗ്രമായ രൂപരേഖ വിദ്യാഭ്യാസ മേഖലയിലെ പങ്കാളിത്തത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി ഇന്ത്യയില്‍ കാമ്പസുകള്‍ തുറക്കാന്‍ ജര്‍മന്‍ സര്‍വകലാശാലകളെ ക്ഷണിക്കുകയും ചെയ്‌തു.