-->
മലയാളികളുടെ താരരാജാവായ മോഹന്‍ലാലിനോടുള്ള സ്നേഹവും ആരാധനയും താരത്തിന്റെ കുടുംബത്തിനോടും ആരാധകര്‍ക്കുണ്ട്. ഭാര്യ സുചിത്രയുടെയും മക്കളായ പ്രണവിന്റെയും വിസ്മയയുടെയും വിശേഷങ്ങളും വലിയ ആവേശത്തോടെ ആരാധകരും പ്രേക്ഷകരും ഏറ്റെടുക്കാറുണ്ട്. സഹോദരന്‍ പ്രണവിനു പിന്നാലെ വിസ്മയയും സിനിമയിലെത്തുന്നു എന്ന സന്തോഷം അതുകൊണ്ടു തന്നെ ആരാധകര്‍ ഹൃദയപൂര്‍വ്വം ഏറ്റെടുത്തിരുന്നു. അന്നുമുതല്‍ സിനിമയുടെ അപ്ഡേഷനുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇപ്പോഴിതാ മകള്‍ വിസ്മമയുടെ ആദ്യ ചിത്രമായ ‘തുടക്ക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കിടുകയാണ് മോഹന്‍ലാല്‍. 2016 ഓണം റിലീസായി സിനിമയെത്തുന്നുവെന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ‘‘വിസ്മയ ‘തുടക്കം’...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്. ഒരു ബസിന്റെ വിൻഡോ സീറ്റില്‍ അനന്തതയിലേക്ക് നോക്കി ഇരിക്കുന്ന വിസ്മയയെ പോസ്റ്ററില്‍ കാണാം. പിന്‍ സീറ്റില്‍ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷിനെയും പോസ്റ്ററില്‍ കാണാം. ഈ പോസ്റ്ററിൽ മോഹൻലാലിന്റെ മുഖവും അവ്യക്തമായി നൽകിയിട്ടുണ്ട്. ചിത്രത്തിൽ മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിതുറന്നു. പോസ്റ്റർ വന്നതോടെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ നോക്കി കാണുന്നത്.
ഓണം റിലീസ് 2026, തുടക്കം, ജൂഡ് ആന്റണി ജോസഫ്, ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസ്, ആശിഷ് ജോ ആന്റണി എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് മോഹന്‍ലാലിന്റെ പോസ്റ്റ്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
ഓം ശാന്തി ഓശാന, 2018 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുടക്കം’. വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. അച്ഛനു പിന്നാലെ പ്രണവ് മോഹന്‍ലാലും മികച്ച സിനിമകളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയിരുന്നു. അതുകൊണ്ടു തന്നെ സഹോദരി വിസ്മയയുടെ ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്. എഴുത്തുകാരിയും ചിത്രകാരിയുമായ വിസ്മയയുടെ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന കവിതാ സമാഹാരം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത 'ബറോസ്' എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.