-->
റാബാത്: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഓഫ് ഫുട്‌ബോളില്‍ ഇനി സെമി ഫൈനല്‍ മത്സരങ്ങള്‍. 14 നു നടക്കുന്ന ഒന്നാം സെമിയില്‍ സെനഗല്‍ ഈജിപ്‌തിനെയും 15 നു നടക്കുന്ന രണ്ടാം സെമിയില്‍ നൈജീരിയ മൊറോക്കോയെയും നേരിടും. ഇന്നലെ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഈജിപ്‌ത് 3-2 ന് ഐവറി കോസ്‌റ്റിനെ തോല്‍പ്പിച്ചിരുന്നു.
മൊറോക്കോ കാമറൂണിനെയും നൈജീരിയ അള്‍ജീരിയയെയും തോല്‍പ്പിച്ചാണു സെമിയിലെത്തിയത്. അദ്‌റാര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ഈജിപ്‌ത് നിലവിലെ ചാമ്പ്യനായ ഐവറി കോസ്‌റ്റിനെ തോല്‍പ്പിച്ചത്‌്. ഈജിപ്‌തിനായി ഒമാര്‍ മാര്‍മൗഷ്, റാമി റാബിയ, മുഹമ്മദ് സല എന്നിവര്‍ ഗോളടിച്ചു. ഐവറി കോസ്‌റ്റ് വലയില്‍ അബ്‌ദു ഇ ഫതേയുടെ സെല്‍ഫ് ഗോളുമെത്തി. ഗുയേല ദിയുവാണ് ഒരു ഗോളടിച്ചത്.
സൂപ്പര്‍ താരം മുഹമ്മദ് സല ടൂര്‍ണമെന്റിലെ നാലാം ഗോളടിച്ചതോടെയാണ് ഈജിപ്‌ത് സെമി ഉറപ്പാക്കിയത്. 2010 നു ശേഷം ആദ്യത്തെ കിരീട നേട്ടമാണ് ഈജിപ്‌തിന്റെ ലക്ഷ്യം. ഐവറി കോസ്‌റ്റിനെതിരേ കളി തുടങ്ങി നാലാം മിനിറ്റില്‍ ഒമാര്‍ മാര്‍മൗഷ് ഗോളടിച്ചു. ഐവറി പ്രതിരോധം പാളിയതു മുതലെടുത്തായിരുന്നു ഗോള്‍. ഫ്രാങ്ക് കെസിയുടെ കാലില്‍നിന്നു പന്ത് റാഞ്ചിയ ഹമാദി ഫാതി മാര്‍മൗഷിനു മറിച്ചു നല്‍കുകയായിരുന്നു. 32-ാം മിനിറ്റില്‍ സലയുടെ കോര്‍ണറിനെ റാബിയ ഹെഡറിലൂടെ ഗോളാക്കി. 40-ാം മിനിറ്റിലാണ് ഐവറി കോസ്‌റ്റിനെ ഉണര്‍ത്തി സെല്‍ഫ് ഗോള്‍ വീണത്. 52-ാം മിനിറ്റില്‍ ഗോളടിച്ച് സല ടീമിന്റെ രക്ഷയ്‌ക്കെത്തി. കളി തീരാന്‍ 17 മിനിറ്റ് ശേഷിക്കേയാണ് ദിയു ഐവറി കോസ്‌റ്റിനായി ഒരു ഗോള്‍ കൂടിയടിച്ചത്. സമനില പിടിക്കാന്‍ അവര്‍ നടത്തിയ തുടരന്‍ നീക്കങ്ങള്‍ ഈജിപ്‌ഷ്യന്‍ ഗോള്‍ മുഖത്തെത്തിയില്ല.
ടാന്‍ഗറിലാണ് സെനഗലും ഈജിപ്‌തും തമ്മിലുള്ള സെമി. 2019 ലെ ഫൈനലില്‍ ഈജിപ്‌തിനെ തോല്‍പ്പിച്ചാണു സെനഗല്‍ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായത്.
കാമറൂണിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് മൊറോക്കോ സെമിയില്‍ കടന്നത്‌്. പ്രിന്‍സ് മൗലി അബ്‌ദുള്ള സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ക്കായി ബ്രാഹിം ഡിയാസ്, ഇബ്രാഹിം സായ്‌ബാരി എന്നിവര്‍ ഗോളടിച്ചു.
ഡിയാസ് 26-ാം മിനിറ്റിലും സായ്‌ബാരി 74-ാം മിനിറ്റിലുമാണു ഗോളടിച്ചത്. 2022 ലോകകപ്പിലെ സെമി ഫൈനലിസ്‌റ്റാണ് മൊറോക്കോ. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കിരീടം നേടുകയെന്ന സമ്മര്‍ദവും അവര്‍ക്കുണ്ട്. അര നൂറ്റാണ്ട് മുമ്പാണ് മൊറോക്കോ അവസാനം ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായത്.