-->
വഡോദര: രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിക്ക് സ്വന്തം.
ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയെയാണ് കോഹ്ലി മറികടന്നത്. 28,016 റണ്‍സായിരുന്നു സംഗയുടെ സമ്പാദ്യം. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ രണ്ടാമതെത്താന്‍ കോഹ്ലിക്ക് 42 റണ്‍ മാത്രം മതിയായിരുന്നു. 93 റണ്ണുമായാണു കോഹ്ലി പുറത്തായത്. അതോടെ സംഗക്കാരയെ മറികടന്ന് രണ്ടാം സ്‌ഥാനത്തെത്തി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണു മുന്നില്‍. 34,357 റണ്ണാണ് സച്ചിന്റെ നേട്ടം.
കരിയറില്‍ ഏറ്റവും വേഗത്തില്‍ 28,000 റണ്‍ പൂര്‍ത്തിയാക്കുന്ന താരം കൂടിയാണു കോഹ്ലി. സച്ചിനെയാണ് കോഹ്ലി മറികടന്നത്. 644 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ 28,000 റണ്‍ നേടിയത്. കോഹ്ലി 624 ഇന്നിങ്‌സുകളിലാണ് 28,000 റണ്ണെടുത്തത്. ഇന്ത്യക്കായി ഏറ്റവും കുടുതല്‍ ഏകദിനം കളിക്കുന്ന താരങ്ങളില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ മറികടക്കാനും കോഹ്ലിക്കായി. ഇന്നലെ കോഹ്ലിയുടെ 309-ാം ഏകദിനമായിരുന്നു.
സൗരവ് ഗാംഗുലി 308 ഏകദിനങ്ങളാണ് ഇന്ത്യക്കായി കളിച്ചത്. നാല് താരങ്ങളാണു കോഹ്ലിക്കു മുന്നിലുള്ളത്. 463 ഏകദിനങ്ങള്‍ കളിച്ച സച്ചിനാണ് ഒന്നാമന്‍. മുന്‍ നായകന്‍ എം.എസ്. ധോണി 347 ഏകദിനങ്ങളുമായി രണ്ടാം സ്‌ഥാനത്താണ്. രാഹുല്‍ ദ്രാവിഡ് 340 ഏകദിനങ്ങളുമായി മൂന്നാം സ്‌ഥാനത്തും മുഹമ്മദ് അസ്‌ഹറുദ്ദീന്‍ 334 ഏകദിനങ്ങളുമായി നാലാം സ്‌ഥാനത്തുമാണ്.