-->
ഗാന്ധിനഗര്‍: സോംനാഥിലെ ശൗര്യ യാത്രയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോംനാഥ് ക്ഷേത്രത്തെ സംരക്ഷിക്കാന്‍ ജീവന്‍ ബലി കഴിച്ച യോദ്ധാക്കള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി സംഘടിപ്പിച്ച ശൗര്യ യാത്ര ഷങ്ക് സര്‍ക്കിളില്‍നിന്നാണ് ആരംഭിച്ചത്. തുറന്ന വാഹനത്തില്‍ ഒരു കിലോമീറ്റര്‍ ദൂരമാണ് പ്രധാനമന്ത്രി യാത്ര ചെയ്‌തത്. യാത്രയുടെ തുടക്കത്തില്‍ അദ്ദേഹം 'ദമരു' വായിക്കുകയും ചെയ്‌തു.
മോദിയുടെ വാഹനത്തിന് മുന്നോടിയായി 'രുഷി കുമാരന്മാര്‍' എന്നറിയപ്പെടുന്ന യുവ പൂജാരിസംഘം 'ദമരു' വായിച്ചു. ശിവനുമായി ബന്ധപ്പെട്ട സംഗീതോപകരണമാണ് ദമരു. തെരുവോരങ്ങളില്‍ തടിച്ചുകൂടിയ ജനം പുഷ്‌പവൃഷ്‌ടി നടത്തി യാത്രയെ അഭിവാദ്യം ചെയ്‌തു.
'സോംനാഥ് സ്വാഭിമാന്‍ പാര്‍വിന്റെ ശൗര്യ യാത്രയില്‍ പങ്കെടുത്തതില്‍ ഞാന്‍ അങ്ങേയറ്റം ബഹുമാനവാനാണ്. ക്ഷേത്രത്തെ സംരക്ഷിക്കുന്നതിനായി മാതൃഭൂമിയുടെ ധീരരായ നിരവധി പുത്രന്മാര്‍ നല്‍കിയ ത്യാഗങ്ങള്‍ക്ക് ആദരമര്‍പ്പിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. അവരുടെ അചഞ്ചലമായ ധൈര്യവും വീര്യവും നമ്മുടെ രാജ്യക്കാരെ എപ്പോഴും പ്രചോദിപ്പിക്കും.'- യാത്രയെക്കുറിച്ചു പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.