Thursday, March 12, 2026 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.34 PM

എസ്‌.ഐ.ആര്‍: മുന്‍ നാവികസേനാ മേധാവിക്കും നോട്ടീസ്‌

ന്യൂഡല്‍ഹി: നിലവിലുള്ള എസ്‌.ഐ.ആര്‍. ഫോമുകള്‍ വഴി ആവശ്യത്തിനുള്ള വിവരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ അവ പുനഃപരിശോധിക്കണമെന്നു നാവികസേനാ മുന്‍ മേധാവി അഡ്‌മിറല്‍ അരുണ്‍ പ്രകാശ്‌. എസ്‌.ഐ.ആര്‍. നടപടികളുടെ ഭാഗമായുള്ള തെളിവെടുപ്പിനു ഹാജരാകണമെന്നു കാട്ടി അഡ്‌മിറല്‍ അരുണ്‍ പ്രകാശിനു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നോട്ടീസ്‌ നല്‍കിയ സാഹചര്യത്തിലാണ്‌ അദ്ദേഹത്തിന്റെ പ്രതികരണം. താനും ഭാര്യയും എസ്‌.ഐ.ആര്‍. ഫോമുകള്‍ പൂരിപ്പിച്ചു നല്‍കിയിരുന്നെന്നും അദ്ദേഹം വ്യക്‌തമാക്കി.
ബി.എല്‍.ഒ. മൂന്നു തവണ തങ്ങളെ സന്ദര്‍ശിച്ചു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടാമായിരുന്നു. ഞങ്ങള്‍ 82, 78 വയസുള്ള ദമ്പതികളാണ്‌. 18 കിലോമീറ്റര്‍ അകലെ രണ്ട്‌ വ്യത്യസ്‌ത തിയതികളില്‍ ഹാജരാകാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.-അഡ്‌മിറല്‍ അരുണ്‍ പ്രകാശ്‌ 'എക്‌സ്‌' പോസ്‌റ്റില്‍ പറഞ്ഞു.
അതിനിടെ, അഡ്‌മിറല്‍ അരുണ്‍ പ്രകാശിനു നോട്ടീസ്‌ അയച്ചതില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. 40 വര്‍ഷത്തെ അദ്ദേഹത്തിന്റെ സേവനവും നേട്ടങ്ങളും പലരും എടുത്തുകാട്ടി. രേഖകള്‍ പരിശോധിക്കാന്‍ ഒരു ബി.എല്‍.ഒയെ അദ്ദേഹത്തിന്റെ വീട്ടിലേക്ക്‌ അയയ്‌ക്കുകയാണു വേണ്ടതെന്നും ചിലര്‍ നിര്‍ദേശിച്ചു.
എന്നാല്‍, തനിക്ക്‌ പ്രത്യേക ആനുകൂല്യങ്ങളൊന്നും വേണ്ടെന്ന്‌ അഡ്‌മിറല്‍ പ്രതികരിച്ചു. ഗോവയിലെ വോട്ടര്‍ പട്ടികയില്‍ പേര്‍ കാണണമെന്നാണ്‌ ആഗ്രഹം. തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നോട്ടീസ്‌ അനുസരിച്ചു പ്രവര്‍ത്തിക്കും.- അഡ്‌മിറല്‍ അരുണ്‍ പ്രകാശ്‌ പറഞ്ഞു.

Ads by Google
Sunday 11 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW