Wednesday, March 11, 2026 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.34 PM

സോഴ്‌സ് കോഡ്‌ തരണം, അപ്‌ഡേറ്റുകള്‍ അറിയിക്കണം

ന്യൂഡല്‍ഹി: സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളോട്‌ അവരുടെ ഫോണില്‍ ഉപയോഗിക്കുന്ന ആപ്പുകളുടെ സോഴ്‌സ് കോഡ്‌ പങ്കുവയ്‌ക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്‌. സോഫ്‌റ്റ്വേറുകളില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കാനും നിര്‍ദേശമുണ്ട്‌. നേരത്തെ എല്ലാ സ്‌മാര്‍ട്ട്‌ ഫോണിലും സഞ്ചാര്‍ സാഥി ആപ്‌ നിബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നു പിന്മാറുകയായിരുന്നു.
സോഴ്‌സ് കോഡ്‌ പങ്കുവയ്‌ക്കണമെന്ന നിര്‍ദേശത്തോട്‌ ആപ്പിള്‍, സാംസങ്‌ തുടങ്ങിയ വന്‍കിട കമ്പനികള്‍ രഹസ്യമായി എതിര്‍പ്പ്‌ അറിയിച്ചു കഴിഞ്ഞതായി സൂചനയുണ്ട്‌.
83 സുരക്ഷാ മാനദണ്ഡങ്ങളാണു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിലുള്ളത്‌. പ്രധാനപ്പെട്ട സോഫ്‌റ്റ്വേര്‍ അപ്‌ഡേറ്റുകളെക്കുറിച്ച്‌ സര്‍ക്കാരിനെ അറിയിക്കണമെന്ന ആവശ്യവും അതിലുണ്ട്‌. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശത്തിന്‌ ആഗോള തലത്തില്‍ മുന്‍മാതൃകകളില്ലെന്നും ഉടമസ്‌ഥാവകാശമുള്ള വിവരങ്ങള്‍ പുറത്താകാനുള്ള സാധ്യതയുണ്ടെന്നും സാങ്കേതികവിദ്യാ കമ്പനികള്‍ വാദിക്കുന്നു.
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയാണ്‌ ഇന്ത്യ. ഏകദേശം 75 കോടി ഫോണുകള്‍ രാജ്യത്തുണ്ട്‌. ഓണ്‍ലൈന്‍ തട്ടിപ്പും ഡേറ്റാ ചോര്‍ച്ചയും വര്‍ധിച്ചു വരുന്നതിനെത്തുടര്‍ന്നാണു നടപടിയെന്നാണു കേന്ദ്ര സര്‍ക്കാര്‍ വാദം. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്‌ ഓപ്പറേറ്റിങ്‌ സിസ്‌റ്റം ഉപയോഗിക്കുന്ന ഷവോമി, സാംസങ്‌ എന്നിവയുടെ ഫോണുകള്‍ക്ക്‌ ഇന്ത്യയില്‍ യഥാക്രമം 19% ഉം 15% ഉം വിപണി വിഹിതമുണ്ട്‌. ആപ്പിളിന്‌ 5% വിഹിതമുണ്ടെന്ന്‌ കൗണ്ടര്‍പോയിന്റ്‌ റിസര്‍ച്ച്‌ കണക്കാക്കുന്നു.
ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്കു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അടിസ്‌ഥാന പ്രോഗ്രാമിങ്‌ നിര്‍ദേശങ്ങളാണ്‌ സോഴ്‌സ് കോഡ്‌. പൈത്തണ്‍, ജാവ, സി, സി++ തുടങ്ങിയ ഭാഷകളിലാണ്‌ അവ തയാറാക്കുന്നത്‌. സോഴ്‌സ് കോഡ്‌ ലഭിച്ചാല്‍ ആ കമ്പ്യൂട്ടര്‍ ഭാഷ അറിയാവുന്ന ഏതുവ്യക്‌തിക്കും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. സോഴ്‌സ് കോഡുകള്‍ ഇന്ത്യന്‍ ലബോറട്ടറികളില്‍ വിശകലനം ചെയ്യാനും പരീക്ഷിക്കാനും സാധ്യതയുണ്ട്‌.
മുന്‍കൂട്ടി ഇന്‍സ്‌റ്റാള്‍ ചെയ്യുന്ന ഏതാനും ആപ്പുകള്‍ ഒഴിവാക്കാനും പശ്‌ചാത്തലത്തില്‍ ക്യാമറകളും മൈക്രോഫോണുകളും ഉപയോഗിക്കുന്നതില്‍നിന്ന്‌ ആപ്പുകളെ തടയാനും സോഫ്‌റ്റ്വേര്‍ മാറ്റങ്ങള്‍ വരുത്തണമെന്നും ആവശ്യപ്പെടുന്നു. ഈ നിര്‍ദേശങ്ങള്‍ 'ദുരുപയോഗം ഒഴിവാക്കാന്‍' ലക്ഷ്യമിട്ടുള്ളതാണ്‌.
ഡിസംബറില്‍ നടന്ന യോഗങ്ങളില്‍ ഉദ്യോഗസ്‌ഥര്‍ ആപ്പിള്‍, സാംസങ്‌, ഗൂഗിള്‍, ഷവോമി എന്നീ കമ്പനികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ അവരുടെ സോഴ്‌സ് കോഡ്‌ അതീവ രഹസ്യമായാണു സൂക്ഷിക്കുന്നത്‌. 2014 നും 2016 നും ഇടയില്‍ ചൈനയുടെ സോഴ്‌സ് കോഡ്‌ ആവശ്യകത ആപ്പിള്‍ നിരസിച്ചു. യു.എസ്‌. നിയമ നിര്‍വഹണ ഏജന്‍സികളും അതു നേടാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. ഫോണുകളില്‍ മാല്‍വേര്‍ സ്‌കാനിങ്‌ നിര്‍ബന്ധമാക്കാനും കേന്ദ്ര നിര്‍ദേശമുണ്ട്‌.
വിപണിയിലേക്ക്‌ പുറത്തിറക്കുന്നതിന്‌ മുമ്പ്‌ പ്രധാനപ്പെട്ട സോഫ്‌റ്റ്വേര്‍ അപ്‌ഡേറ്റുകളെയും സുരക്ഷാ പാച്ചുകളെയുംക്കുറിച്ച്‌ നാഷണല്‍ സെന്റര്‍ ഫോര്‍ കമ്യൂണിക്കേഷന്‍ സെക്യൂരിറ്റിയെ അറിയിക്കണം. അവ പരീക്ഷിക്കാന്‍ ഈ കേന്ദ്രത്തിന്‌ അവകാശമുണ്ടായിരിക്കും.
ഫോണിന്റെ ലോഗുകള്‍ അതിന്റെ സിസ്‌റ്റം പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ രേഖകള്‍ കുറഞ്ഞത്‌ 12 മാസത്തേക്ക്‌ ഉപകരണത്തില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശത്തിലുണ്ട്‌. എന്നാല്‍, അവ സൂക്ഷിക്കാന്‍ ഉപകരണത്തില്‍ മതിയായ സ്‌ഥലമുണ്ടാകില്ലെന്നാണു കമ്പനികളുടെ മറുപടി.

Ads by Google
Sunday 11 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW