Friday, March 13, 2026 Last Updated 20 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.35 PM

ഒരു മാറ്റവുമില്ല

uploads/news/2026/01/820115/sp5.jpg

ബുലവായോ: അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പിനു മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇന്ത്യക്ക്‌ മികച്ച ജയം.
സിംബാബ്‌വേയില്‍ 15 മുതലാണ്‌ അണ്ടര്‍ 19 ഏകദിന ലോകകപ്പ്‌. സന്നാഹ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ എട്ട്‌ വിക്കറ്റിന്‌ 374 റണ്ണെടുത്തു. മഴ കളി തടസപ്പെടുത്തിയതോടെ സിംബാംബ്‌വേയുടെ ലക്ഷ്യം ഡക്ക്‌വര്‍ത്ത്‌/ലൂയിസ്‌ മഴ നിയമ പ്രകാരം 23.2 ഓവറില്‍ 234 റണ്ണെന്നാക്കി. അവസാന പന്തെറിയുമ്പോള്‍ സ്‌കോട്ട്‌ലന്‍ഡ്‌ ഒന്‍പത്‌ വിക്കറ്റിന്‌ 112 റണ്‍ എന്ന നിലയിലായിരുന്നു.
ബുലവായോ അത്‌ലറ്റിക്‌ ക്ലബില്‍ ടോസ്‌ നേടിയ സ്‌കോട്ട്‌ലന്‍ഡ്‌ നായകന്‍ തോമസ്‌ നൈറ്റ്‌ ഇന്ത്യയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. കിട്ടിയ അവസരം ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിട്ടു കളഞ്ഞില്ല.
വൈഭവ്‌ സൂര്യവംശി (50 പന്തില്‍ ഏഴ്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 96), മലയാളി താരം ആരോണ്‍ ജോര്‍ജ്‌ (58 പന്തില്‍ 61), വിഹാന്‍ മല്‍ഹോത്ര (81 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 77), അഭിഗ്യാന്‍ കുണ്ടു (48 പന്തില്‍ 55) എന്നിവര്‍ അര്‍ധ സെഞ്ചുറികളുമായി തിളങ്ങി. നായകനും ഓപ്പണറുമായ ആയുഷ്‌ എംഹാത്രെയ്‌ക്കു മാത്രമാണു (19 പന്തില്‍ 22) തിളങ്ങാന്‍ കഴിയാത്തത്‌്. ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്‌ പതിവു പോലെ വൈഭവ്‌ സൂര്യവംശി മികച്ച തുടക്കം നല്‍കി. 27 പന്തിലാണ്‌ താരം അര്‍ധ സെഞ്ചുറിയടിച്ചത്‌്.
ഓപ്പണിങ്‌ വിക്കറ്റില്‍ ആയുഷ്‌ എംഹാത്രെയും വൈഭവും ചേര്‍ന്ന്‌ 70 റണ്‍ കൂട്ടിച്ചേര്‍ത്തു. ആയുഷ്‌ ഏഴാം ഓവറില്‍ പുറത്തായി. മലയാളി താരം ആരോണ്‍ ജോണ്‍, വൈഭവിന്‌ ഉറച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും 78 റണ്‍ ചേര്‍ത്തു. സെഞ്ചുറിക്ക്‌ നാല്‌ റണ്‍ അകലെ വൈഭവ്‌ വീണതോടെ കൂട്ടുകെട്ട്‌ പിരിഞ്ഞു. മൂന്നാം വിക്കറ്റില്‍ ആരോണും വിഹാനും നാലാം വിക്കറ്റില്‍ വിഹാനും അഭിഗ്യാനും മികച്ച രീതിയില്‍ മുന്നേറിയതോടെ ഇന്ത്യ 300 കടന്നു. അവസാന ഓവറുകളില്‍ തുടരെ വിക്കറ്റ്‌ വീണതോടെ സ്‌കോര്‍ 400 കടന്നില്ല. സ്‌കോട്ട്‌ലന്‍ഡിനായി ഒലി ജോണ്‍സ്‌ നാല്‌ വിക്കറ്റെടുത്തു. ഇന്ത്യക്കായി ദീപേഷ്‌ ദേവേന്ദ്രന്‍, ഖിലാന്‍ പട്ടേല്‍ എന്നിവര്‍ മൂന്ന്‌ വിക്കറ്റ്‌ വീതവും മലയാളി താരം മുഹമ്മദ്‌ ഇനാന്‍ രണ്ട്‌ വിക്കറ്റും കിഷന്‍ സിങ്‌ ഒരു വിക്കറ്റുമെടുത്തു. 30 റണ്ണെടുത്ത തിയോ റോബിന്‍സണ്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ടോപ്‌ സ്‌കോററായി.

Ads by Google
Saturday 10 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW