-->
നവി മുംബൈ: ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനോടു കഷ്‌ടിച്ചു തോറ്റ നിരാശ തീര്‍ക്കാനെന്ന വണ്ണമാണ് മുംബൈ വനിതകള്‍ ഡല്‍ഹിക്കെതിരേ ബാറ്റ് ചെയ്‌തത്. നായിക ഹര്‍മന്‍പ്രീത് കൗറും (42 പന്തില്‍ മൂന്ന് സിക്‌സറും എട്ട് ഫോറുമടക്കം പുറത്താകാതെ 74) നാറ്റ് ഷീവര്‍ ബ്രണ്ടും (46 പന്തില്‍ 13 ഫോറുകളടക്കം 70) തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ടോസ് നേടിയ ഡല്‍ഹി നായിക ജെമീമ റോഡ്രിഗസ് മുംബൈയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ചിനെല ഹെന്റി എറിഞ്ഞ രണ്ടാം ഓവറില്‍ അമേലിയ കെര്‍ (0) ഗോള്‍ഡന്‍ ഡക്കായി. ഓപ്പണര്‍ ഗുനാലന്‍ കമാലിനി (19 പന്തില്‍ 16) ബ്രണ്ടിന് മികച്ച പങ്കാളിയായി. ടീം സ്‌കോര്‍ 50 കടന്നു വൈകാതെ കമാലിനിയെ നന്ദിനി ശര്‍മ പുറത്താക്കി. അതോടെ ബ്രണ്ടിന് കൂട്ടായി ഹര്‍മനെത്തി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 39 പന്തില്‍ 50 കടന്നു. ബ്രണ്ട് 32 പന്തിലും ഹര്‍മന്‍ 34 പന്തിലും അര്‍ധ സെഞ്ചുറിയടിച്ചു. നികോള ക്യാരി 12 പന്തില്‍ 21 റണ്ണുമായും പുറത്തായി. മലയാളി താരം സജന സജീവന്‍ (രണ്ട് പന്തില്‍ അഞ്ച്) ഹര്‍മനൊപ്പം പുറത്താകാതെനിന്നു.
സീസണിലെ ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മൂന്ന് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റിന് 154 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ആര്‍.സി.ബി. അവസാന ഓവറിലാണ് ജയമറിഞ്ഞത്. നാദിനെ ഡി ക്ലാര്‍ക്കാണ് (44 പന്തില്‍ രണ്ട് സിക്‌സറും ഏഴ് ഫോറുമടക്കം പുറത്താകാതെ 63) വിജയ ശില്‍പ്പി. നാറ്റ് ഷിവര്‍ ബ്രണ്ട് അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ആര്‍.സി.ബിയുടെ ലക്ഷ്യം ആറ് പന്തില്‍ 18 റണ്ണായിരുന്നു. ആദ്യ രണ്ട് പന്തുകളിലും ഡി ക്ലാര്‍ക്കിന് റണ്ണെടുക്കാനായില്ല. മൂന്നാം പന്ത് സിക്‌സറടിച്ച താരം അടുത്ത പന്ത് അതിര്‍ത്തി കടത്തി. അഞ്ചാം പന്തിലും സിക്‌സര്‍ പിറന്നതോടെ സ്‌കോര്‍ തുല്യം. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് ഒരു റണ്‍. പന്ത് അതിര്‍ത്തി കടന്നതോടെ ആര്‍.സി.ബി. ജയിച്ചു.