-->
നവി മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ യു.പി. വാറിയേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍ 10 റണ്ണിന്റെ ജയവുമായി ഗുജറാത്ത് ജയന്റ്‌സ്.
ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ജയന്റ്‌സ് നാലിന് 207 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത യു.പി. വാറിയേഴ്‌സ് അവസാന പന്തെറിയുമ്പോള്‍ എട്ടിന് 197 റണ്ണെന്ന നിലയിലായിരുന്നു. ഡി.വൈ. പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യു.പി. വാറിയേഴ്‌സ് നായിക മെഗ് ലാനിങ് ഗുജറാത്തിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.
നായിക ആഷ്‌ലീഗ് ഗാഡ്‌നര്‍ (41 പന്തില്‍ മൂന്ന് സിക്‌സറും ആറ് ഫോറുമടക്കം 65) അനുഷ്‌ക ശര്‍മ (30 പന്തില്‍ 44), ഓപ്പണര്‍ സോഫി ഡെവിന്‍ (20 പന്തില്‍ രണ്ട് സിക്‌സറും അഞ്ച് ഫോറുമടക്കം 38), ജോര്‍ജിയ വാറെം (10 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 27) എന്നിവരുടെ ബാറ്റിങാണ് ഗുജറാത്തിനെ മികച്ച സ്‌കോറിലെത്തിച്ചത്. അനുഷ്‌കയും ഗാഡ്‌നറും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 39 പന്തില്‍ 50 റണ്ണെടുത്തു. കൂട്ടുകെട്ട് 59 പന്തില്‍ നൂറും കടന്നു. 30 പന്തിലാണ് നായിക അര്‍ധ സെഞ്ചുറി കടന്നത്. യു.പിയുടെ മലയാളി ലെഗ് സ്‌പിന്നര്‍ ആശാ ശോഭന മൂന്ന് ഓവറില്‍ 36 റണ്‍ വഴങ്ങിയെങ്കിലും വിക്കറ്റെടുക്കാനായില്ല. സോഫി എക്‌സല്‍സ്‌റ്റോണ്‍ രണ്ട് വിക്കറ്റും ശിഖ പാണ്ഡെ, ദിയാന്‍ദ്ര ഡോട്ടിന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. യു.പിക്ക് ഓപ്പണര്‍ കിരണ്‍ നാവ്‌ഗിറിനെ (ഒന്ന്) തുടക്കത്തിലേ നഷ്‌ടപ്പെട്ടു. ഓപ്പണര്‍ കൂടിയായ ലാന്നിങും (27 പന്തില്‍ 30) ഫോമി ലിച്‌ഫീല്‍ഡും (40 പന്തില്‍ അഞ്ച് സിക്‌സറും എട്ട് ഫോറുമടക്കം 78) ചേര്‍ന്ന് ടീമിനെ ഒന്‍പതാം ഓവറില്‍ 70 ലെത്തിച്ചു.
ലാനിങ്ങിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി വാറെം കൂട്ടുകെട്ട് പൊളിച്ചു. അതേ ഓവറില്‍ തന്നെ ഹര്‍ലീന്‍ ഡിയോളും (0) പുറത്തായി. ദീപ്‌തി ശര്‍മയ്‌ക്കും (ഒന്ന്) പിടിച്ചു നില്‍ക്കാനായില്ല. ശ്വേത സെഹ്‌റാവതുമായി (17 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 25) ലിച്‌ഫീല്‍ഡ് കൂട്ടുകെട്ടുണ്ടാക്കി. സോഫി ഡെവിന്‍ ലിച്‌ഫീല്‍ഡിനെ പുറത്താക്കിയതോടെ കളി വീണ്ടും തിരിഞ്ഞു. ദിയാന്‍ദ്ര ഡോട്ടിന്‍ (12), സോഫി എക്‌സ്ല്‍സ്‌റ്റോണ്‍ (11) എന്നിവരും വൈകാതെ പുറത്തായി.
ആശാ ശോഭന 10 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 27 റണ്ണുമായി നിന്നെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.