Saturday, March 14, 2026 Last Updated 6 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.35 PM

ഇന്ത്യ - ന്യൂസിലന്‍ഡ്‌ ഏകദിന പരമ്പരയ്‌ക്ക് തുടക്കം

uploads/news/2026/01/820111/sp1.jpg

വഡോദര: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരം ഇന്നു നടക്കും. വഡോദരയിലെ കോടാംബി സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായാണു മത്സരം. ഉച്ചയ്‌ക്ക് 1.30 മുതല്‍ സ്‌റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.
കോടാംബി സ്‌റ്റേഡിയത്തിലെ പുരുഷന്‍മാരുടെ കന്നി രാജ്യാന്തര മത്സരമാണു നടക്കുക. ക്രിക്കറ്റിനു പറ്റിയ കാലാസ്‌ഥയാണ്‌ വഡോദരയില്‍. ഇവിടെ നടന്ന രണ്ട്‌ വനിതാ ഏകദിനങ്ങളിലും ഇന്ത്യന്‍ പേസര്‍മാര്‍ക്ക്‌ ഈര്‍പ്പം തുണയായിരുന്നു. രണ്ട്‌ മത്സരങ്ങളിലും 100 ലധികം റണ്ണിനു ജയിക്കാനുമായി. ടോസ്‌ മത്സരത്തില്‍ നിര്‍ണായകമാകും. ഇന്ത്യയില്‍ ഇതുവരെ ഏകദിന പരമ്പര നേടാന്‍ ന്യൂസിലന്‍ഡിനായിട്ടില്ല. 2024 ലെ പര്യടനത്തില്‍ ഇന്ത്യയില്‍നിന്ന്‌ ടെസ്‌റ്റ് പരമ്പര പിടിച്ചെടുക്കാന്‍ അവര്‍ക്കായിരുന്നു. 1987 മുതല്‍ ന്യൂസിലന്‍ഡ്‌ ഇന്ത്യയില്‍ ഏകദിന പരമ്പര കളിക്കുന്നുണ്ട്‌്. രാജ്യാന്തര ക്രിക്കറ്റില്‍ 22 ദിവസത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ ടീം ഇന്ത്യയിറങ്ങുന്നത്‌. മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയാണു ന്യൂസിലന്‍ഡിനെതിരേ കളിക്കുക. ന്യൂസിലന്‍ഡിന്റെ 15 അംഗ താര നിരയിലെ എട്ട്‌ പേര്‍ ആദ്യമായാണ്‌ ഇന്ത്യയിലെത്തുന്നത്‌. രണ്ടു പേര്‍ പുതുമുഖങ്ങളുമാണ്‌്. അഞ്ചു പേര്‍ പത്ത്‌ ഏകദിനങ്ങളില്‍ കൂടുതല്‍ കളിച്ചുമില്ല. മിച്ചല്‍ സാന്റ്‌നര്‍, മാറ്റ്‌ ഹെന്റി, മാര്‍ക്‌ ചാപ്‌മാന്‍ എന്നിവര്‍ പരുക്കില്‍നിന്നു മുക്‌തരായി ടീമിലെത്തി. വില്‍ ഓ റൂകി, നഥാന്‍ സ്‌മിത്ത്‌, ടോം ലാതം എന്നിവര്‍ ടീമിനൊപ്പമില്ല. മുന്‍ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ എസ്‌്.എ.20 യുടെ ഭാഗമായതിനാല്‍ ഏകദിന ടീമിലില്ല. തുടരെ ഒന്‍പത്‌ ഏകദിനങ്ങള്‍ ജയിച്ച ശേഷമാണു ന്യൂസിലന്‍ഡ്‌ ഇന്ത്യയിലെത്തിയത്‌. ടെസ്‌റ്റ് ടീം നായകന്‍ ശുഭ്‌മന്‍ ഗില്ലിന്റെ ഫോമിലാണ്‌ ഇന്ത്യക്ക്‌ ആശങ്ക. ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്‌റ്റ് മത്സരത്തിനിടെ കഴുത്തിനു പരുക്കേറ്റു പുറത്തായിരുന്നു. ട്വന്റി20 ലോകകപ്പിനു ടീമിലേക്കു താരത്തെ പരിഗണിച്ചുമില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങാനും പരുക്ക്‌ തിരിച്ചടിയായി. ന്യൂസിലന്‍ഡ്‌ നായകന്‍ മിച്ചല്‍ ബ്രേസ്‌വെല്ലിലും പരീക്ഷണ കാലമാണ്‌. രണ്ടു വര്‍ഷം മുമ്പ്‌ നടന്ന ഹൈദരാബാദ്‌ ഏകദിനത്തില്‍ 78 പന്തില്‍ 140 റണ്ണുമായി ടീമിന്റെ തോല്‍വിയില്‍ പൊരുതി നിന്നതു മാത്രമാണ്‌ എടുത്തു കാണിക്കാനുള്ളത്‌. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരേ ബ്രേസ്‌വെല്ലിന്റെ ഓഫ്‌ സ്‌പിന്‍ ഫലപ്രദമാകുമെന്നും ഉറപ്പില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെ പരുക്കേറ്റ ശ്രേയസ്‌ അയ്യരും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. മൂന്ന്‌ മാസത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ അയ്യരുടെ വരവ്‌. കഴിഞ്ഞ ദിവസം വഡോദരയിലെ വിമാനത്താവളത്തില്‍ വച്ച്‌ ശ്രേയസ്‌ അയ്യര്‍ ഒരു വളര്‍ത്തു നായുടെ കടി കൊള്ളാതെ രക്ഷപ്പെട്ടതു ഭാഗ്യത്തിന്റെ അകമ്പടിയിലായിരുന്നു. പേസര്‍ ജസ്‌പ്രീത്‌ ബുംറയ്‌ക്കു വിശ്രമം അനുവദിച്ചപ്പോള്‍ മുഹമ്മദ്‌ സിറാജ്‌ തിരിച്ചെത്തി. മുന്‍ നായകന്‍ വിരാട്‌ കോഹ്ലി ഒരു നാഴികക്കല്ല്‌ കുറിക്കാനൊരുങ്ങുകയാണ്‌. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര്‍ സംഗക്കാര എന്നിവര്‍ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ 28,000 റണ്‍ തികയ്‌ക്കുന്ന താരമാകാനുള്ള ഒരുക്കത്തിലാണു കോഹ്ലി. ഇന്ന്‌ 25 റണ്‍ കൂടിയെടുത്താല്‍ കോഹ്ലി 28,000 ലെത്തും. 42 റണ്‍ കൂടി നേടിയാല്‍ കോഹ്ലി സംഗക്കാരയെ (28,016 റണ്‍) മറികടക്കും. കോഹ്ലിക്ക്‌ നിലവില്‍ 556 മത്സരങ്ങളിലായി 27,975 റണ്ണാണ്‌. മൂന്ന്‌ ഫോര്‍മാറ്റുകളിലുമായി 52.58 ശരാശരിയില്‍ 84 സെഞ്ചുറികളും 145 അര്‍ധ സെഞ്ചുറികളും കുറിച്ചു. 664 മത്സരങ്ങളിലായി 34,357 റണ്ണെടുത്ത സച്ചിനാണ്‌ റണ്‍ വേട്ടക്കാരില്‍ ഒന്നാമന്‍.
സാധ്യതാ ടീം: ഇന്ത്യ -ശുഭ്‌മന്‍ ഗില്‍ (നായകന്‍), രോഹിത്‌ ശര്‍മ, വിരാട്‌ കോഹ്ലി, ശ്രേയസ്‌ അയ്യര്‍, ലോകേഷ്‌ രാഹുല്‍, വാഷിങ്‌ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത്‌ റാണ, കുല്‍ദീപ്‌ യാദവ്‌, അര്‍ഷദീപ്‌ സിങ്‌, മുഹമ്മദ്‌ സിറാജ്‌.
സാധ്യതാ ടീം: ന്യൂസിലന്‍ഡ്‌- ഡെവണ്‍ കോണ്‍വേ, നിക്‌ കെലി, വില്‍ യങ്‌, ഡാരില്‍ മിച്ചല്‍, ഹെന്റി നികോള്‍സ്‌, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ബ്രേസ്‌വെല്‍ (നായകന്‍), സാക്‌ ഫോക്‌സ്, കെയ്‌ല്‍ ജാമിസണ്‍, മിച്ചല്‍ റേ, ആദിത്യ അശോക്‌.

Ads by Google
Saturday 10 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW