-->
കൊച്ചി: 'പോറ്റിയെ കേറ്റിയേ' പാരഡി ഗാനത്തിനെതിരേ സംസ്‌ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി കേസെടുപ്പിച്ച റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതി 2021 മുതല്‍ നാളിതുവരെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അടങ്ങുന്ന വാര്‍ഷിക റിട്ടേണ്‍സ് ഫയല്‍ ചെയ്‌തിട്ടില്ലെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ്.
2018-ല്‍ രജിസ്‌റ്റര്‍ ചെയ്‌ത, പ്രസാദ് കുഴിക്കാല ജനറല്‍ സെക്രട്ടറിയായ സംഘടന 2019-20 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മാത്രമേ ഫയല്‍ ചെയ്‌തിട്ടുള്ളൂവെന്ന് ജില്ലാ രജിസ്‌ട്രേഷന്‍ ജനറല്‍ ഓഫീസ് നല്‍കിയ വിവരാവകാശ മറുപടിയില്‍ വ്യക്‌തമാക്കുന്നു. ഇതോടെ, 2021 മുതല്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയമാണ് ഉയരുന്നത്. പ്രസാദ് കുഴിക്കാലയാണ് സംഘടനയുടെ പേരില്‍ സൈബര്‍ പോലീസിന് മൊഴി നല്‍കിയത്.
പാട്ടിനെതിരെ കേസെടുപ്പിച്ചതിലൂടെ സംഘടനയ്‌ക്ക് എതിരെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ പോലും റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ തയാറാകാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് വിവരാവകാശം വഴി രേഖകള്‍ സംഘടിപ്പിച്ച ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് പറഞ്ഞു. മറ്റ് ആറു ഭാരവാഹികളുടെ യഥാര്‍ഥ ഐഡന്റിറ്റിയും വരും ദിവസങ്ങളില്‍ വെളിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജുപോള്‍