Thursday, March 12, 2026 Last Updated 32 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.34 PM

ഇന്‍സ്‌റ്റയില്‍ വിവരച്ചോര്‍ച്ച: 1.75 കോടി ഉപയോക്‌താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക്‌ വെബില്‍

uploads/news/2026/01/820073/in3.jpg

ന്യൂഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ ഇന്‍സ്‌റ്റഗ്രാമില്‍നിന്ന്‌ 1.75 കോടി ഉപയോക്‌താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി വിവരം. ഇത്തരത്തില്‍ ചോര്‍ത്തിയ വ്യക്‌തി വിവരങ്ങള്‍ ഡാര്‍ക്ക്‌ വെബില്‍ ലഭ്യമാണെന്നും സൈബര്‍ സുരക്ഷാ സ്‌ഥാപനത്തിന്റെ റിപ്പോര്‍ട്ട്‌. ഇത്‌ ലോകമെമ്പാടുമുള്ള സൈബര്‍ കുറ്റവാളികള്‍ക്ക്‌ ലഭ്യമാകും.
ഇന്‍സ്‌റ്റഗ്രാം ഉപയോക്‌താക്കളുടെ പേര്‌, ഫോണ്‍ നമ്പര്‍, വിലാസം, ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ്‌ ചോര്‍ന്നതെന്ന്‌ മാല്‍വേര്‍ബൈറ്റ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. കഴിഞ്ഞ ഏഴിനാണ്‌ ഇതുസംബന്ധിച്ച്‌ ആദ്യ സൂചന പുറത്തുവന്നത്‌. ഡാര്‍ക്ക്‌ വെബുകളില്‍ മാല്‍വേര്‍ബൈറ്റ്‌സ്‌ നടത്തിയ പതിവുനിരീക്ഷണത്തില്‍ വിവരച്ചോര്‍ച്ച വെളിപ്പെട്ടു. ചോര്‍ന്ന വിവരങ്ങള്‍ 'സോളോനിക്‌' എന്ന ഹാക്കര്‍ 'ബ്രീച്ച്‌ഫോറംസി'ല്‍ പോസ്‌റ്റ്‌ ചെയ്‌തതാണ്‌ കണ്ടെത്തിയത്‌. യൂസര്‍ നെയിമുകള്‍, ഉപയോക്‌താക്കളുടെ പൂര്‍ണമായ പേര്‌, ഇ-മെയില്‍ വിലാസങ്ങള്‍, രാജ്യാന്തര ഫോണ്‍ നമ്പരുകള്‍, ഭാഗികമായ വ്യക്‌തിവിവരങ്ങള്‍, യൂസര്‍ ഐഡികള്‍, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവയടക്കം ഡാര്‍ക്ക്‌ വെബില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഇന്‍സ്‌റ്റഗ്രാം എ.പി.ഐ(ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ്‌ ഇന്റര്‍ഫെയ്‌സ്‌)യിലെ ദുര്‍ബലത, മൂന്നാം കക്ഷി നല്‍കുന്ന സേവനത്തിലെ പിഴവ്‌ എന്നിവ മുതലെടുത്താണ്‌ ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണു സൂചന. ഡേറ്റാ ദുരുപയോഗത്തിനു സാധ്യതയുണ്ടെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മാല്‍വേര്‍ബൈറ്റ്‌സ്‌ മുന്നറിയിപ്പു നല്‍കി. എന്നാല്‍ വിവരച്ചോര്‍ച്ച ഇന്‍സ്‌റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ സ്‌ഥിരീകരിച്ചിട്ടില്ല. 2004-ലെ ഇന്‍സ്‌റ്റഗ്രാം വിവരച്ചോര്‍ച്ചയിലൂടെ പുറത്തായ വിവരങ്ങളാണ്‌ നിലവില്‍ ഡാര്‍ക്ക്‌ വെബില്‍ ലഭ്യമായതെന്നും സൂചനകളുണ്ട്‌.

Ads by Google
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW