-->
അയോധ്യ(ഉത്തര്‍പ്രദേശ്): അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളില്‍ കടന്ന് നിസ്‌കാരത്തിനു ശ്രമിച്ച കശ്‌മീരി സ്വദേശി കസ്‌റ്റഡിയില്‍. ജമ്മു കശ്‌മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ താമസക്കാരനായ അഹമ്മദ് ഷെയ്‌ഖ് (55) ആണ് പിടിയിലായതെന്നു പോലീസ് അറിയിച്ചു.
കഴിഞ്ഞ ഒന്‍പതിനാണ് അതീവ സുരക്ഷാ സംവിധാനമുള്ള ക്ഷേത്ര പരിസരത്ത് പ്രവേശിച്ചശേഷം ഇയാള്‍ നിസ്‌കാരത്തിനു ശ്രമിച്ചത്. ക്ഷേത്രം സന്ദര്‍ശിച്ച ശേഷം, നമസ്‌കരിക്കാന്‍ തയാറെടുത്ത് സീതാ രസോയി പ്രദേശത്തിനു സമീപം ഇരുന്ന ഇയാളുടെ പ്രവൃത്തികള്‍ നിരീക്ഷിച്ച സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ഉടന്‍ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. നമസ്‌കാരം ചെയ്യുന്നത് തടഞ്ഞപ്പോള്‍ ഇയാള്‍ മുദ്രാവാക്യം വിളിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നല്‍ ഈ അവകാശവാദം ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.
അന്വേഷണ ഏജന്‍സികളും രഹസ്യാന്വേഷണ ഏജന്‍സികളും അഹമ്മദ് ഷെയ്‌ഖിന്റെ ഉദ്ദേശ്യം അറിയാന്‍ ചോദ്യം ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. അയോധ്യയില്‍ എന്തിനാണ് വന്നത്, മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ യാത്രാ വിശദാംശങ്ങളും ഉദ്യോഗസ്‌ഥര്‍ അന്വേഷിക്കുന്നുണ്ട്.
പ്രാഥമിക പരിശോധനയില്‍ ഇയാളുടെ കൈവശം കശുവണ്ടി, ഉണക്കമുന്തിരി തുടങ്ങിയ വസ്‌തുക്കള്‍ പോലീസ് കണ്ടെത്തി. അജ്‌മീറിലേക്ക് പോകുകയാണെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്‌ഥരോട് പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ രാമക്ഷേത്ര സമുച്ചയത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥരും രഹസ്യാന്വേഷണ ഏജന്‍സികളും അവലോകനം ചെയ്യുന്നുണ്ട്. ജില്ലാ ഭരണകൂടവും രാമക്ഷേത്ര ട്രസ്‌റ്റും വിഷയത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ചു. അടുത്തയാഴ്‌ച മകരസംക്രാന്തി ആഘോഷങ്ങള്‍ക്കായി അയോധ്യ ഒരുങ്ങുന്നതിനിടെയാണ് ഈ സംഭവം. വന്‍ ജനക്കൂട്ടം ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ക്ഷേത്രനഗരത്തിലുടനീളം സുരക്ഷ വര്‍ധിപ്പിച്ചു.