-->
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ കണ്‍സള്‍ട്ടിങ് ഏജന്‍സിയായ ഐ-പാക്കില്‍ നടന്ന റെയ്‌ഡിനിടെ നേരിട്ട് ഏറ്റുമുട്ടിയ ഇ.ഡിയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നിയമയുദ്ധവുമായി സുപ്രീം കോടതിയില്‍. റെയ്‌ഡ് തടസപ്പെടുത്തിയതിനെതിരേ ഇ.ഡി. സുപ്രീം കോടതിയെ സമീപിച്ചതിനേത്തുടര്‍ന്ന് പശ്‌ചിമബംഗാള്‍ സര്‍ക്കാര്‍ തടസഹര്‍ജി സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെ കേസില്‍ ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് തടസഹര്‍ജിയിലെ ആവശ്യം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികൃതര്‍ റെയ്‌ഡ് തടസപ്പെടുത്തിയതിനെതിരേ ഇ.ഡി. കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് പിന്നീട് വാദം കേള്‍ക്കാന്‍ മാറ്റിവച്ചു. ഇതേത്തുടര്‍ന്നാണ് ഇ.ഡി. സുപ്രീം കോടതിയെ സമീപിച്ചത്. റെയ്‌ഡിനിടെ കടന്നുകയറിയ മുഖ്യമന്ത്രിയും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരും രേഖകളും ഇലക്‌ട്രോണിക് തെളിവുകളും ഐ-പാക് ഓഫീസില്‍നിന്നു കടത്തിക്കൊണ്ടുപോയതായി ഇ.ഡിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നു. കല്‍ക്കരി കള്ളക്കടത്ത് കേസിലെ ഒത്തുകളി സംബന്ധിച്ച അന്വേഷണത്തിന്റെ വിശ്വാസ്യത തെളിയിക്കുന്നതാണ് പോലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ റെയ്‌ഡ് തടസപ്പെടുത്തിയ നടപടിയെന്നും ഇ.ഡി. ചൂണ്ടിക്കാട്ടി. റെയ്‌ഡിനിടെയുണ്ടായ സംഭവങ്ങള്‍ സി.ബി.ഐ. അന്വേഷിക്കണമെന്നും ഇ.ഡി. ആവശ്യപ്പെട്ടു.
ഐ-പാക് ഡയറക്‌ടര്‍ പ്രതീക് ജെയ്‌നിന്റെ കൊല്‍ക്കത്തയിലെ ഓഫീസിലും നഗരപ്രാന്തത്തില്‍ത്തന്നെയുള്ള അനുബന്ധസ്‌ഥാപനത്തിലും ഇ.ഡി. നടത്തിയ റെയ്‌ഡുകള്‍ക്കെതിരേ രണ്ട് പോലീസ് സ്‌റ്റേഷനുകളിലായി രണ്ട് പരാതികളാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി നല്‍കിയത്. പോലീസ് സ്വമേധയാ ഇ.ഡിക്കെതിരേ എടുത്ത കേസും നിലവിലുണ്ട്. കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് കേസ് പരിഗണിച്ചപ്പോള്‍ കോടതിമുറി തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.പി. ബന്ധമുള്ള അഭിഭാഷകരെക്കൊണ്ട് നിറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ ജസ്‌റ്റിസ് ശുഭ്ര ഘോഷ് കോടതിയില്‍നിന്ന് ഇറങ്ങിപ്പോയി. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ഇ.ഡി. അഭിഭാഷകന്റെ ആവശ്യം ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് സുജോയ് പോള്‍ നിരസിക്കുകയും ചെയ്‌തു. കേസ് 14-ന് ജസ്‌റ്റിസ് ശുഭ്ര ഘോഷ് പരിഗണിക്കും.
റെയ്‌ഡ് തടസപ്പെടുത്തിയതില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡി.ജി.പി. രാജീവ് കുമാര്‍, കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ മനോജ് വെര്‍മ, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ എന്നിവരുടെ പങ്ക് സി.ബി.ഐ. അന്വേഷിക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം. രേഖകളും ഡിജിറ്റല്‍ തെളിവുകളും മുഖ്യമന്ത്രി ബലം പ്രയോഗിച്ച് 'മോഷ്‌ടിച്ചെ'ന്നും ഇ.ഡി. ആരോപിക്കുന്നു. എന്നാല്‍, ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂല്‍ സ്‌ഥാനാര്‍ത്ഥിപ്പട്ടികയും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ഇ.ഡിയെ ഉപയോഗിച്ച് ചോര്‍ത്തനായിരുന്നു റെയ്‌ഡെന്നാണ് മമതയുടെ ആരോപണം. ഇ.ഡി. റെയ്‌ഡിനെതിരേ ഹസ്ര ക്രോസിങ്ങില്‍ നടത്തിയ തൃണമൂല്‍ റാലിയിലും മമത ഈ ആരോപണം ആവര്‍ത്തിച്ചു.
അതേസമയം, ഐ-പാക് ഡയറക്‌ടര്‍ പ്രതീഷ് ജെയ്‌നിന്റെ വസതിയില്‍ ഇ.ഡി. നടത്തിയ റെയ്‌ഡിനെതിരേ കുടുംബം നല്‍കിയ പരാതിയില്‍ ഷേക്‌സ്‌പിയര്‍ സരണി പോലീസ് അന്വേഷണമാരംഭിച്ചു. ഐ-പാക് ഓഫീസിലെ റെയ്‌ഡ് സംബന്ധിച്ച് ഇലക്‌ട്രോണിക്‌സ് കോംപ്ലക്‌സ് പോലീസ് സ്‌റ്റേഷനില്‍നിന്നുള്ള സംഘവും അന്വേഷണം നടത്തുന്നുണ്ട്.