Friday, March 13, 2026 Last Updated 2 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 12.19 PM

തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാന്‍ അനുവദിക്കില്ലെന്ന് കെ. മുരളീധരന്‍ ; മന്ത്രിമാര്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും പങ്കെന്ന് രമേശ് ചെന്നിത്തല

uploads/news/2026/01/820009/muraleedharan-and-ramesh-ch.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാന്‍ ശ്രമിക്കേണ്ടെന്നും സ്വര്‍ണകൊളളയില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എല്ലാം തന്ത്രിയില്‍ അവസാനിക്കും എന്ന് കരുതേണ്ടെന്നും എല്ലാ വിവരങ്ങളും പുറത്ത് വരട്ടെയെന്നും പറഞ്ഞു.

ഇത് ബിഹൈന്‍ഡ് ദി കര്‍ട്ടന്‍ ആണെന്നും ഇനിയും ആളുകള്‍ ഉണ്ടെന്നും അറസ്റ്റ് തന്ത്രിയില്‍ അവസാനിച്ചു എന്ന് കരുതുന്നില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും വലിയ കൊള്ള മന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്നും ചോദിച്ചു. സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ട് എന്തായി എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മന്ത്രിമാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ല. നിയമസഭ തുടങ്ങുമ്പോള്‍ കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തും.

ദേവസ്വം ബോര്‍ഡ് ഭരണകര്‍ത്താക്കള്‍ വിചാരിച്ചാല്‍ മാത്രം സ്വര്‍ണം കടത്താന്‍ കഴിയില്ല. തന്ത്രിയുടെ അറസ്റ്റിലെ ശരിയും തെറ്റും പറയുന്നില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. ബാറ്ററി പോയ വാഹനത്തെ പോലെയാണ് എസ്ഐടിയുടെ പ്രവര്‍ത്തനം. ചില വണ്ടികള്‍ റോഡില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് തള്ളണം. ഹൈക്കോടതിയാണ് എസ്ഐടിക്ക് തള്ളല്‍ നല്‍കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.

സംഭവത്തില്‍ മന്ത്രിമാര്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും പങ്കുണ്ടെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു എന്നുള്ളത് വസ്തുതയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുറ്റവാളികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ ആരും രക്ഷപ്പെട്ടിട്ടില്ല. എസ്ഐടി അന്വേഷണം നടക്കട്ടെ. തീര്‍പ്പ് കല്‍പ്പിക്കുന്നതിനുളള സമയം ആയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റോട് കൂടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും പരാജിതന്റെ കപട ആത്മവിശ്വാസമാണ് മുഖ്യമന്ത്രിക്കെന്നും പറഞ്ഞു. അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും യുഡിഎഫ് ആണ് വിജയിച്ചത്. തെരഞ്ഞെടുപ്പിന് മുന്നേ മുഖ്യമന്ത്രിയെ നേരത്തെ പ്രഖ്യാപിക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ല. മലപ്പുറത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നും മതേതര നിലപാട് സ്വീകരിച്ചവരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW