-->
ചെക്ക് റിപ്പബ്ലിക്കന്‍ ബ്രാന്‍ഡായ സ്‌കോഡ തങ്ങളുടെ മോഡല്‍ നിരയില്‍ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്‍ട്രി ലെവല്‍ മോഡലായ കൈലാക്കിന് വില കൂട്ടിയതിന് പിന്നാലെ കുഷാഖ്, സ്ലാവിയ എന്നിവയുടെ പുതുക്കിയ വിലകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഏകദേശം 34,000 രൂപയോളമാണ് വില പരിഷ്‌ക്കാരം നടപ്പിലാക്കിയിട്ടുള്ളത്. സ്‌കോഡയുടെ മിഡ്-സൈസ് സെഡാനായ സ്ലാവിയയ്ക്ക് 16,000 രൂപ മുതല്‍ 34,000 രൂപ വരെയാണ് കൂടിയിരിക്കുന്നത്. ക്ലാസിക് ബേസ് മോഡലിന് പുറമെ മൂന്ന് സ്ലാവിയ വേരിയന്റുകള്‍ക്ക് വിലയില്‍ മാറ്റമില്ല. 15 ലക്ഷം രൂപ വിലയുള്ള മോണ്ടി കാര്‍ലോ മാനുവല്‍, പ്രസ്റ്റീജ് മാനുവല്‍ എന്നിവയാണ് പഴയ വിലയില്‍ തന്നെ വാങ്ങാനാവുന്നവ. സ്‌കോഡ സ്ലാവിയ വാങ്ങാന്‍ ഇനി 10 ലക്ഷം മുതല്‍ 17.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടി വരിക.
സ്‌കോഡയുടെ ജനപ്രിയ മിഡ്-സൈസ് എസ്യുവിയായ കുഷാഖിന്റെ സിഗ്‌നേച്ചര്‍ മാനുവല്‍ ബേസ് മോഡലിന് 5,000 രൂപ ഉയര്‍ന്ന് 10.66 ലക്ഷം രൂപയായി പുതിയ എക്‌സ്‌ഷോറൂം വില. 5,000 മുതല്‍ 7,000 രൂപ വരെയുള്ള ചെറിയ വില വര്‍ധനവ് മാത്രമാണ് മോഡലിന് ലഭിച്ചിരിക്കുന്നത്. അങ്ങനെ നിലവില്‍ 10.66 ലക്ഷം മുതല്‍ 18.49 ലക്ഷം വരെയാണ് കുഷാഖിനായി നല്‍കേണ്ടി വരുന്ന പുതുക്കിയ എക്‌സ്‌ഷോറൂം വില.
ചെക്ക് റിപ്പബ്ലിക്കന്‍ ബ്രാന്‍ഡിന്റെ പ്രീമിയം എസ്യുവിയായ കൊഡിയാക്കിന്റെ വിലയില്‍ മാറ്റമൊന്നും ലഭിച്ചിട്ടില്ല. നിലവില്‍ 39.99 ലക്ഷം മുതല്‍ 45.96 ലക്ഷം രൂപ വരെയാണ് മോഡലിനായി മടുക്കേണ്ടി വരുന്ന വില. മോഡല്‍ നിരയില്‍ സ്റ്റാന്‍ഡേര്‍ഡായി 4 വര്‍ഷത്തെ വാറണ്ടി നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം സ്‌കോഡ ഓട്ടോ ഇന്ത്യ 'സ്‌കോഡ സൂപ്പര്‍ കെയര്‍' എന്ന പുതിയ സര്‍വീസ്, ഓണര്‍ഷിപ്പ് പ്രോഗ്രാമും അവതരിപ്പിച്ചിട്ടുണ്ട്.
വാറണ്ടി, റോഡ്സൈഡ് അസിസ്റ്റന്‍സ്, ഷെഡ്യൂള്‍ഡ് സര്‍വീസ് ആനുകൂല്യങ്ങള്‍ എന്നിവ ഒരൊറ്റ ഘടനയിലേക്ക് സംയോജിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ഉദ്ദേശം. ഈ പദ്ധതി പ്രകാരം, ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ സ്‌കോഡ വാഹനങ്ങള്‍ക്കും നാല് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി, നാല് വര്‍ഷത്തെ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, നാല് ലേബര്‍-ഫ്രീ സര്‍വീസുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.
'സ്‌കോഡ സൂപ്പര്‍ കെയറിന്' കീഴിലുള്ള 4 ലേബര്‍-ഫ്രീ സര്‍വീസുകളില്‍ 15,000 കിലോമീറ്ററിലും 30,000 കിലോമീറ്ററിലും പീരിയോഡിക് മെയിന്റനന്‍സ് സര്‍വീസുകളും 1,000 കിലോമീറ്ററിലും 7,500 കിലോമീറ്ററിലും പുതുതായി അവതരിപ്പിച്ച രണ്ട് സ്‌കോഡ ചെക്ക്-ഇന്‍ സര്‍വീസുകളും ഉള്‍പ്പെടും.