-->
കൊല്‍ക്കത്ത/ന്യൂഡല്‍ഹി: രാഷ്‌ട്രീയ ഉപദേശക ഏജന്‍സിയായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്‌ഷന്‍ കമ്മിറ്റി(ഐ-പാക്)യുടെ മേധാവി പ്രതീക് ജെയിനിന്റെ വസതിയിലെ റെയ്‌ഡ് വിവാദത്തിനു പിന്നാലെ കൊല്‍ക്കത്തയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റി(ഇ.ഡി)നെതിരേ പടുകൂറ്റന്‍ റാലിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ടി.എം.സി. അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ഡല്‍ഹിയിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസിലേക്ക് ഉപരോധസമരം നടത്തിയ എം.പിമാര്‍ ഉള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി.
റെയ്‌ഡിനിടെ പ്രതീക് ജെയിനിന്റെ വസതിയിലെത്തി രേഖകള്‍ പിടിച്ചെടുത്ത മമത ബാനര്‍ജിക്കെതിരേ ഇ.ഡി. സമര്‍പ്പിച്ച ഹര്‍ജിയും ഇ.ഡിക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയും കൊല്‍ക്കത്ത ഹൈക്കോടതി പരിഗണിച്ചില്ല. ഹര്‍ജികള്‍ ഇന്നലെ പരിഗണിക്കുമെന്നായിരുന്നു സൂചന. എന്നാല്‍, നാടകീയസംഭവമാണ് ഹൈക്കോടതിയിലുണ്ടായത്. കോടതി മുറിയിലെ അനിയന്ത്രിതമായ ജനത്തിരക്ക് ചൂണ്ടിക്കാട്ടി ജസ്‌റ്റിസ് സുവ്രഘോഷ് കോടതിമുറിയില്‍നിന്ന് ഇറങ്ങിപ്പോയി. ഐ-പാക്കുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി അടുത്ത ബുധനാഴ്‌ച പരിഗണിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇ.ഡി. നടത്തിയ റെയ്‌ഡിനെതിരേ ജനങ്ങളെ തെരുവില്‍ അണിനിരത്തിയായിരുന്നു മമതയുടെ പ്രതിഷേധം. കൊല്‍ക്കത്തയിലെ ജാദവ്‌പുരില്‍നിന്ന് ഹസ്ര ക്രോസിങ് വരെയാണ് മമതയുടെ നേതൃത്വത്തില്‍ കൂറ്റന്റാലി നടത്തിയത്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പി. എല്ലാ മാര്‍ഗങ്ങളും പയറ്റുകയാണെന്ന് മമത ആരോപിച്ചു. അതിന്റെ ഭാഗമാണ് ഇ.ഡിയെ ഇറക്കിയുള്ള റെയ്‌ഡ്. റെയ്‌ഡിനിടെ പാര്‍ട്ടിയുടെ ആഭ്യന്തര ഡേറ്റയും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും കൈക്കലാക്കാന്‍ ഇ.ഡി. ശ്രമിച്ചതായും അവര്‍ ആരോപിച്ചു.
ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ ഓഫീസ് സ്‌ഥിതിചെയ്യുന്ന കര്‍ത്തവ്യഭവനിലേക്കാണു തൃണമൂല്‍ പ്രതിഷേധവുമായെത്തിയത്. എം.പിമാരായ ഡെറിക് ഒബ്രിയാന്റെയും മഹുവ മൊയ്‌ത്രയുടെ നേതൃത്വത്തില്‍ അപ്രതീക്ഷിതമായാണ് ടി.എം.സി. സംഘം കര്‍ത്തവ്യഭവനിലെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് എം.പിമാരെ ഉള്‍പ്പെടെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. മഹുവ മൊയ്‌ത്രയെ വനിതാ പോലീസുകാര്‍ വലിച്ചിഴയ്‌ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെ ഭീഷണിപ്പെടുത്താന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് എം.പിമാര്‍ ആരോപിച്ചു.
ഐ-പാക് ഓഫീസിലും ജെയിനിന്റെ വീട്ടിലും നടന്ന റെയ്‌ഡ് നടത്തിയ ഉദ്യോഗസ്‌ഥരെ തടസപ്പെടുത്തിയ മമത ബാനര്‍ജി തന്റെ ഭരണഘടനാ പദവി ദുരുപയോഗം ചെയ്‌തെന്ന് ഹര്‍ജിയില്‍ ഇ.ഡി. ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പങ്ക് ഉള്‍പ്പെടെ വിഷയത്തില്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃത ഖനനവും കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ വിവിധയിടങ്ങളില്‍ നടത്തിയ റെയ്‌ഡിന്റെ ഭാഗമായാണ് പ്രതീക് ജെയിനിന്റെ വസതിയില്‍ പരിശോധന നടത്തിയതെന്നു ഇ.ഡി. വിശദീകരിച്ചു. റെയ്‌ഡിനിടെ പ്രധാന രേഖകള്‍ മോഷ്‌ടിക്കപ്പെട്ടുവെന്ന് ആരോപിച്ച് പ്രതീക് ജെയിനിന്റെ കുടുംബവും ഇ.ഡിക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്..
ബുധനാഴ്‌ച രാവിലെ 7.30 നാണ് ജെയിനിന്റെ വസതിയില്‍ റെയ്‌ഡ് തുടങ്ങിയത്. ഉച്ചയോടെ മമത ബാനര്‍ജിയും സംസ്‌ഥാന പോലീസുമെത്തി. അവര്‍ ജെയിനിന്റെ വസതിയില്‍നിന്നും ഓഫീസില്‍നിന്നും നിരവധി രേഖകളും ഇലക്‌ട്രോണിക്‌സ് തെളിവുകളും ബലമായി നീക്കിയെന്നാണ് ഇ.ഡിയുടെ ആരോപണം.