Thursday, March 12, 2026 Last Updated 45 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.10 AM

ട്രംപിന്റെ ഗാസ പദ്ധതി പാകിസ്‌താന്‍ പട്ടാളത്തെ അടുപ്പിക്കില്ല: ഇസ്രയേല്‍

ന്യൂഡല്‍ഹി: യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ 'ഗാസ പദ്ധതി' പ്രകാരം രൂപീകരിക്കുന്ന രാജ്യാന്തരസേനയില്‍ (ഐ.എസ്‌.എഫ്‌) പാകിസ്‌താന്‍ പട്ടാളത്തിനു പങ്കാളിത്തമുണ്ടാകില്ലെന്ന്‌ ഇസ്രയേല്‍. വിശ്വാസമുള്ള രാജ്യങ്ങളുമായി മാത്രമേ സഹകരിക്കാനാകൂവെന്നും ഗാസ സേനയില്‍ പാകിസ്‌താന്‍ ഉള്‍പ്പെടുന്നതു തങ്ങള്‍ക്ക്‌ തൃപ്‌തികരമല്ലെന്നും ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റ്യൂവെന്‍ അസര്‍ വ്യക്‌തമാക്കി.
ലഷ്‌കറെ തോയ്‌ബ ഉള്‍പ്പെടെ പാകിസ്‌താനിലെ ഭീകരസംഘടനകളും ഹമാസുമായുള്ള ബന്ധം ശക്‌തമാകുന്നതില്‍ അസര്‍ ആശങ്ക പ്രകടിപ്പിച്ചു. ഭീകരസംഘടനയായ ഹമാസിനെ ഉന്മൂലനം ചെയ്യാതെ ഗാസയ്‌ക്കായി പദ്ധതികള്‍ സാധ്യമാവില്ല. ഗാസയുടെ സുസ്‌ഥിരതയ്‌ക്കും പുനര്‍നിര്‍മാണത്തിനുമായി രൂപീകരിക്കുന്ന സേനയില്‍ പങ്കാളിത്തം അഭ്യര്‍ഥിച്ച്‌ അമേരിക്ക വിവിധ രാജ്യങ്ങളെ സമീപിച്ചതായ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്‌, പാകിസ്‌താനുമായി സഹകരണം സാധ്യമല്ലെന്ന്‌ ഇസ്രയേല്‍ അംബാസഡര്‍ വ്യക്‌തമാക്കിയത്‌.
ബന്ദികളെ മോചിപ്പിക്കുന്നതിനാണ്‌ ഇസ്രയേലിന്റെ പ്രഥമപരിഗണന. ഹമാസിന്റെ സൈനികവും രാഷ്‌ട്രീയവുമായ വേരുകള്‍ ഇല്ലാതാക്കണം. തുര്‍ക്കിയും ഖത്തറും പോലെ ഹമാസിനെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങള്‍ ഈ ശ്രമത്തിനു തുരങ്കംവയ്‌ക്കുകയാണ്‌. ട്രംപിന്റെ പദ്ധതി ഹമാസിനെക്കൊണ്ട്‌ അംഗീകരിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങള്‍ പരാജപ്പെട്ടാല്‍ ഇസ്രയേലിനു സ്വന്തം പദ്ധതി നടപ്പാക്കുകയല്ലാതെ മറ്റ്‌ മാര്‍ഗമില്ല.
വിശ്വസിക്കാവുന്നതും ശരിയായ നയതന്ത്രബന്ധങ്ങളുള്ളതുമായ രാജ്യങ്ങളുമായേ സഹകരിക്കാനാകൂ. പാകിസ്‌താനെ വിശ്വസിക്കാവുന്നതോ അംഗീകരിക്കാവുന്നതോ ആയ പങ്കാളിയായി ഇസ്രയേല്‍ കാണുന്നില്ലെന്ന്‌ അസര്‍ വ്യക്‌തമാക്കി. മുതിര്‍ന്ന ഹമാസ്‌ നേതാവ്‌ നജി സഹീര്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പലതവണ പാകിസ്‌താന്‍ സന്ദര്‍ശിച്ച്‌ ലഷ്‌കറെ തോയ്‌ബ, ജയ്‌ഷെ മുഹമ്മദ്‌ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ്‌ അസറിന്റെ പ്രതികരണം. ഇസ്രയേലില്‍ 2023 ഒക്‌ടോബര്‍ ഏഴിനു നടന്ന ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെ ദിവസങ്ങളോളം സഹീര്‍ പാകിസ്‌താനിലെ പെഷവാറിലുണ്ടായിരുന്നു.
പാകിസ്‌താനിലെ നീക്കങ്ങള്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സസൂക്ഷ്‌മം നിരീക്ഷിച്ചുവരുകയാണെന്നും അസര്‍ വ്യക്‌തമാക്കി. ഒക്‌ടോബര്‍ ഏഴ്‌ ആക്രമണത്തിനുശേഷം ഹമാസ്‌ ജിഹാദി സംഘടനകളുമായി രാജ്യാന്തരതലത്തില്‍ ബന്ധം വിപുലമാക്കിവരുകയാണ്‌. പാക്‌ ഭീകരസംഘടകളുമായുള്ള ബന്ധം മഞ്ഞുമലയുടെ അറ്റം മാത്രമാണ്‌. പുറത്തുവരാത്ത ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌. പാക്‌ സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഹമാസും ഭീകരസംഘടനകളുമായുള്ള ബന്ധം സാധ്യമാവില്ല. ഇന്ത്യ ഇക്കാര്യങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും രാജ്യതാത്‌പര്യം സംരക്ഷിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. ഹമാസിനെ ഇന്ത്യയില്‍ നിരോധിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന്‌, ഭീഷണി വ്യക്‌തമാണെന്നും ഇന്ത്യന്‍ അധികൃതരാണ്‌ അക്കാര്യം തീരുമാനിക്കേണ്ടതെന്നുമായിരുന്നു മറുപടി. എന്‍.ഡി.ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ്‌ ഇസ്രയേല്‍ അംബാസഡര്‍ നിലപാടുകള്‍ വ്യക്‌തമാക്കിയത്‌.

Ads by Google
Saturday 10 Jan 2026 10.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW