Thursday, March 12, 2026 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.10 AM

വിജയ്‌ ചിത്രത്തിനെതിരേ ഹൈക്കോടതി 'സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാതെ എന്തിന്‌ റിലീസിങ്ങിനൊരുങ്ങി?'

മദ്രാസ്‌: ദളപതി വിജയ്‌ നായകനാകുന്ന തമിഴ്‌ ചിത്രം 'ജനനായകന്റെ' നിര്‍മാതാക്കള്‍ക്ക്‌ റിലീസിങ്ങില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. ചിത്രത്തിന്‌ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനു മുമ്പ്‌ റിലീസ്‌ തീയതി നിശ്‌ചയിച്ചതിനു ചീഫ്‌ ജസ്‌റ്റിസ്‌ മനീന്ദ്ര മോഹന്‍ ശ്രീവാസ്‌തവ, ജസ്‌റ്റിസ്‌ ജി അരുള്‍ മുരുകന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ നിര്‍മ്മാതാക്കളെ ചോദ്യം ചെയ്‌തു. ''ഒരു സര്‍ട്ടിഫിക്കറ്റ്‌ പോലും ലഭിക്കാതെ എങ്ങനെയാണ്‌ സിനിമയുടെ റിലീസുമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുക? തീയതി നിശ്‌ചയിക്കാനും സിസ്‌റ്റത്തില്‍ സമ്മര്‍ദ്ദം ചെലുത്താനും നിങ്ങള്‍ക്ക്‌ കഴിയില്ല'' ബെഞ്ച്‌ നിര്‍മ്മാതാക്കളോട്‌ പറഞ്ഞു.
സര്‍ട്ടിഫിക്കറ്റ്‌ താല്‍ക്കാലികമായി തടയാന്‍ മദ്രാസ്‌ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട്‌ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന രണ്ടാമത്തെ വാദം കേള്‍ക്കലില്‍, സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്‌.സി.) യു/എ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ നിര്‍ദേശിച്ച മുന്‍ ഉത്തരവ്‌ മദ്രാസ്‌ ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്‌തു. കേസ്‌ പൂര്‍ണമായി കേള്‍ക്കുന്നതുവരെ സര്‍ട്ടിഫിക്കറ്റ്‌ നല്‍കില്ല.
സിനിമയുടെ റിലീസിനെ എതിര്‍ക്കാന്‍ സി.ബി.എഫ്‌.സിക്ക്‌ ന്യായമായ സമയം നല്‍കണമെന്ന്‌ ബെഞ്ച്‌ നിരീക്ഷിച്ചു. ബോര്‍ഡിന്‌ കുറഞ്ഞത്‌ രണ്ട്‌-മൂന്ന്‌ ദിവസമെങ്കിലും നല്‍കണമായിരുന്നുവെന്ന്‌ ഇന്നലത്തെ രണ്ടാമത്തെ വാദം കേള്‍ക്കലില്‍ ബെഞ്ച്‌ കോടതിയില്‍ പറഞ്ഞു. സര്‍ട്ടിഫിക്കേഷന്‍ പാനല്‍ ചിത്രം കണ്ടപ്പോള്‍ പോലും ഒരു ബോര്‍ഡ്‌ അംഗം പരാതി ഉന്നയിച്ചതായി കെ.വി.എന്‍. പ്ര?ഡക്ഷന്‍സിനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്‌ഗി വാദിച്ചു. ജനുവരി 9 ന്‌ ജനനായകന്‍ റിലീസ്‌ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹം കോടതിയെ ഓര്‍മിപ്പിച്ചു. എന്നാല്‍, നിര്‍മ്മാതാക്കള്‍ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കേണ്ടതായിരുന്നുവെന്ന്‌ ബെഞ്ച്‌ പ്രതികരിച്ചു. നിങ്ങള്‍ ഒരു അടിയന്തരാവസ്‌ഥ സൃഷ്‌ടിക്കുകയും കോടതിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു എന്ന്‌ കോടതി പറഞ്ഞു.എന്തിനാണ്‌ ഇത്ര തിടുക്കത്തില്‍ അപ്പീല്‍ ഫയല്‍ ചെയ്‌തതെന്നും കോടതി സി.ബി.എഫ്‌.സിയോട്‌ ചോദിച്ചു. ''നിങ്ങള്‍ ഇന്ന്‌ അപ്പീല്‍ ഫയല്‍ ചെയ്‌തതിന്റെ അടിയന്തരാവസ്‌ഥ എന്താണ്‌? കേസ്‌ ഇപ്പോള്‍ ജനുവരി 21 ന്‌ അടുത്ത വാദം കേള്‍ക്കാന്‍ തീരുമാനിച്ചതിനാല്‍, പൊങ്കല്‍ ഉത്സവ വിന്‍ഡോ ഇനി സിനിമയുടെ റിലീസിന്‌ സാധ്യമല്ല''-കോടതി പറഞ്ഞു. സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയില്‍ പതിനൊന്നാം മണിക്കൂര്‍ മാറ്റങ്ങള്‍ വരുത്തിയതിനും ജസ്‌റ്റിസ്‌ പി.ടി. ആശ ഫിലിം ബോര്‍ഡിനെ ശാസിച്ചു. എച്ച്‌. വിനോദ്‌ സംവിധാനം ചെയ്‌ത ജന നായകന്‍ എന്ന ചിത്രത്തില്‍ ദളപതി വിജയ്‌, മമിത ബൈജു, പൂജ ഹെഗ്‌ഡെ എന്നിവരാണ്‌ അഭിനയിച്ചിരിക്കുന്നത്‌.

Ads by Google
Saturday 10 Jan 2026 10.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW