-->
മുംബൈ: എന്‍.സി.പി. വിഭാഗങ്ങള്‍ ഒന്നിച്ചെന്നും പവാര്‍ കുടുംബത്തിനുള്ളിലെ സംഘര്‍ഷങ്ങള്‍ പരിഹരിച്ചെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍.
മഹാരാഷ്‌ട്രയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണിത്.
ശരദ് പവാര്‍ സ്‌ഥാപിച്ച എന്‍.സി.പി. 2023 ല്‍ ആണ് പിളര്‍ന്നത്. ശരത് പവാറുമായി തെറ്റിപ്പിരിഞ്ഞ് അനന്തരവന്‍ അജിത് പവാര്‍ മറ്റ് മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പം എന്‍.ഡി.എയുടെ ഭാഗമാകുകയായിരുന്നു. പാര്‍ട്ടി പേരും ചിഹ്‌നവും അവകാശപ്പെട്ട അജിത് പവാര്‍ പിന്നീട് മഹാരാഷ്ര്‌ട ഉപമുഖ്യമന്ത്രിയാകുകയും ചെയ്‌തു.
രാഷ്‌ട്രീയത്തില്‍ 'സ്‌ഥിരമായ ശത്രുക്കള്‍' ഇല്ലെന്ന് കഴിഞ്ഞ ദിവസം അജിത് പവാര്‍ പറഞ്ഞിരുന്നു.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ എന്‍.സി.പിയുടെ രണ്ട് വിഭാഗങ്ങളും പൂനെയിലും പിംപ്രി-ചിഞ്ച്‌വാഡിലും ഒരുമിച്ച് മത്സരിക്കുന്നു. ഈ തീരുമാനത്തെ ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്‌തുവെന്ന് പവാര്‍ പറഞ്ഞു.
'ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ ഒന്നിക്കാന്‍ ആഗ്രഹിക്കുന്നു. രണ്ട് എന്‍സിപികളും ഇപ്പോള്‍ ഒരുമിച്ചാണ്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാ സംഘര്‍ഷങ്ങളും അവസാനിച്ചു- ഇന്നലെ അജിത് പവാര്‍ മാധ്യമങ്ങളോടു പറഞ്ഞു.