-->
റിയാദ്: സൗദി പ്രോ ലീഗ് ഫുട്‌ബോളില്‍ അല്‍ നസറിന് തോല്‍വി. സ്വന്തം തട്ടകമായ അല്‍ അവാല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ അല്‍ ഖ്വാദിസിയ ക്ലബിനോട് 2-1 നാണ് അല്‍ നസര്‍ തോറ്റത്. രണ്ടാം പകുതിയിലാണു മൂന്ന് ഗോളുകളും വീണത്.
ഖ്വാദിസിയയ്‌ക്കായി ജൂലിയന്‍ ക്വിനോനസും നാഹിതാന്‍ നാന്‍ഡെസും ഗോളടിച്ചു. 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയാണ് അല്‍ നസറിന്റെ അക്കൗണ്ട് തുറന്നത്. സീസണില്‍ തുടരെ രണ്ട് തോല്‍വികള്‍ നേരിട്ട നസര്‍ രണ്ടാം സ്‌ഥാനത്താണ്. 13 കളികളില്‍നിന്നു 31 പോയിന്റാണ് അവരുടെ നേട്ടം. അത്രയും കളികളില്‍ 35 പോയിന്റുള്ള അല്‍ ഹിലാലാണ് ഒന്നാമത്. 27 പോയിന്റുള്ള അല്‍ ഖ്വാദിസിയ നാലാം സ്‌ഥാനത്താണ്‌്. അല്‍ നസറിന്റെ പുതിയ കോച്ച് യോര്‍ഗെ ജീസസ് ക്രിസ്‌റ്റ്യാനോയെയും ജോയ ഫെലിക്‌സിനെയും മുന്നിലുഗ പിന്നിലും നിര്‍ത്തുന്ന 4-4-1-1 ഫോര്‍മേഷനാണ് ഒരുക്കിയത്. മറുപക്ഷത്ത് ബ്രന്‍ഡന്‍ റോഡ്‌ജേഴ്‌സ് 4-4-2 ഫോര്‍മേഷനും താല്‍പര്യപ്പെട്ടു. അല്‍ ഖ്വാദിസിയ തുടരെ നാലാം തവണയാണ് അല്‍ നസറിനെ തോല്‍പ്പിക്കുന്നത്.
ഇന്നലെ രണ്ടാം പകുതി തുടങ്ങി ആറാം മിനിറ്റില്‍ അല്‍ ഖ്വാദിസിയ ഗോളടിച്ചു. ഗോള്‍ കീപ്പര്‍ നവാഫ് അല്‍ അഖ്വിദി ക്വിനോനസിനെതിരേ നടത്തിയ അലക്ഷ്യമായ ക്ലിയറന്‍സാണു ഗോളിനു വഴിയായത്. റീബൗണ്ട് കിട്ടിയ ക്വിനോനസ് ലക്ഷ്യം പാഴാക്കിയില്ല. വൈകാതെ രണ്ടാം ഗോളുമെത്തി. മാറ്റിയോ റെറ്റെഗുയുടെ ഷോട്ട് അഖ്വിദി തട്ടിയിട്ടു.
റീബൗണ്ട് പാകത്തിനു കിട്ടിയ നാന്‍ഡെഡ് ലീഡ് ഇരട്ടിയാക്കി. 81-ാം മിനിറ്റില്‍ നസറിന് അനുകൂലമായി പെനാല്‍റ്റി. പെനാല്‍റ്റി ഏരിയയില്‍ ജെഹാദ് തിക്രിയുടെ ഹാന്‍ഡ് ബോളിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ക്രിസ്‌റ്റ്യാനോ ഗോള്‍ കീപ്പര്‍ അഹമ്മദ് അല്‍ കാസറിനെ അനായാസം മറികടന്നു.
ഈ ഗോളോടെ കരിയറിലെ ഗോള്‍ നേട്ടം 958 ആയി ഉയര്‍ത്താനും ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സാധിച്ചു. ആയിരം എന്ന മാന്ത്രിക സംഖ്യയിലേക്ക് 42 ഗോളുകളുടെ ദൂരമാണ് ക്രിസ്‌റ്റ്യാനോയ്‌ക്കുള്ളത്.
ഒരു ഐതിഹാസിക നേട്ടം സ്വന്തമാക്കാനും സൂപ്പര്‍ താരത്തിനായി. തുടര്‍ച്ചയായി 25 വര്‍ഷം ഗോളടിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. 2002 ല്‍ തുടങ്ങിവെച്ച ഗോളടിയാണു ക്രിസ്‌റ്റ്യാനോ തുടരുന്നത്.
40 വയസുകാരനായ ക്രിസ്‌റ്റ്യാനോ പോര്‍ചുഗല്‍ ദേശീയ ടീമിന് പുറമെ സ്‌പോര്‍ട്ടിങ് ലിസ്‌ബണ്‍, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, റയാല്‍ മാഡ്രിഡ്, യുവന്റസ്, അല്‍ നസര്‍ ടീമുകള്‍ക്ക് വേണ്ടിയാണു കളിച്ചത്. റയാല്‍ മാഡ്രിഡിന് വേണ്ടിയാണ് താരം ഏറ്റവുമധികം ഗോളടിച്ചത്. 450 തവണയാണ് റയാല്‍ ജേഴ്‌സിയില്‍ ഗോള്‍വല കുലുക്കിയത്. രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍ നേട്ടത്തില്‍ ''സെഞ്ചുറി'' കടക്കാനുമായി. ലീഗില്‍ അല്‍ ഹിലാലിനെയാണ് ഇനി അല്‍ നസറിന് നേരിടാനുള്ളത്. 12 നു കിങ്‌ഡം അരീനയിലാണ് മത്സരം.