Saturday, March 14, 2026 Last Updated 40 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.33 PM

കേരളം ഔട്ട്‌,'ജഗദീശന്‍' തുണച്ചില്ല

uploads/news/2026/01/819778/sp1.jpg

അഹമ്മദാബാദ്‌: വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റില്‍നിന്നു കേരളം പുറത്ത്‌. എ ഗ്രൂപ്പിലെ ഏഴാം റൗണ്ട്‌ മത്സരത്തില്‍ തമിഴ്‌നാടിനോട്‌ 77 റണ്ണിനു തോറ്റതോടെയാണു കേരളം ടൂര്‍ണമെന്റില്‍നിന്നു പുറത്തായത്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത തമിഴ്‌നാട്‌ എട്ട്‌ വിക്കറ്റിന്‌ 294 റണ്ണെടുത്തു. പിന്തുടര്‍ന്ന കേരളം 40.1 ഓവറില്‍ 217 റണ്ണിന്‌ ഓള്‍ഔട്ടായി. നായകനും ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ നാരായണ്‍ ജഗദീശന്‍ (126 പന്തില്‍ 139 റണ്ണും രണ്ട്‌ സ്‌റ്റമ്പിങുകളും) കളം നിറഞ്ഞു കളിച്ചതോടെ കേരളം തകര്‍ന്നു. അര്‍ധ സെഞ്ചുറിയടിച്ച നായകന്‍ രോഹന്‍ കുന്നുമ്മല്‍ (45 പന്തില്‍ അഞ്ച്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 73), ബാബാ അപരാജിത്‌ (38 പന്തില്‍ 35), വിഷ്‌ണു വിനോദ്‌ (31 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 35), സല്‍മാന്‍ നിസാര്‍ (25) എന്നിവര്‍ കേരളത്തിനായി പൊരുതിയെങ്കിലും ജയത്തിലെത്താനായില്ല. തോല്‍വിയോടെ കേരളം രണ്ടാം സ്‌ഥാനത്തുനിന്ന്‌ മൂന്നാം സ്‌ഥാനത്തേയ്‌ക്ക് താണു. ഏഴ്‌ കളികളില്‍നിന്നു 16 പോയിന്റാണു കേരളത്തിന്റെ നേട്ടം. അത്രയും കളികളില്‍ 24 പോയിന്റുള്ള കര്‍ണാടക ഒന്നാം സ്‌ഥാനത്തും 20 പോയിന്റുള്ള മധ്യപ്രദേശ്‌ രണ്ടാം സ്‌ഥാനത്തുമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 12 പോയിന്റുള്ള തമിഴ്‌നാട്‌ അഞ്ചാം സ്‌ഥാനക്കാരായി. എ.ഡി.എസ്‌.എ. റെയില്‍വേസ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ടോസ്‌ നേടിയ കേരള നായകന്‍ രോഹന്‍ കുന്നുമ്മല്‍ തമിഴ്‌നാടിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ഓപ്പണര്‍ കൂടിയായ എന്‍.ജഗദീഷന്റെ (126 പന്തില്‍ 139) ഉജ്വല സെഞ്ചറിയാണ്‌ തമിഴ്‌നാടിനെ മികച്ച സ്‌കോറിലെത്തിച്ചത്‌. ഓപ്പണറായി ഇറങ്ങിയ ജഗദീഷന്‍ 46-ാം ഓവറിലാണ്‌ പുറത്തായത്‌. അഞ്ച്‌ സിക്‌സറും ഒന്‍പതു ഫോറും അടങ്ങുന്നതായിരുന്നു ജഗദീഷന്റെ ഇന്നിങ്‌സ്. തമിഴ്‌നാട്‌ ബാറ്റിങ്‌ നിരയില്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. ഒന്‍പത്‌ ഓവറില്‍ 46 റണ്‍ വഴങ്ങി ആറ്‌ വിക്കറ്റെടുത്ത ഏദന്‍ ആപ്പിള്‍ ടോം ആണ്‌ തമിഴ്‌നാടിനെ പിടിച്ചുകെട്ടിയത്‌. 35 റണ്ണെടുത്ത ഭൂപതി കുമാറാണ്‌ ജഗദീഷനു ശേഷമുള്ള ടോപ്‌ സ്‌കോറര്‍. അങ്കിത്‌ ശര്‍മ, ബിജു നാരായണന്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. മറുപടി ബാറ്റിങ്ങില്‍ കേരളത്തിനു മികച്ച തുടക്കം ലഭിച്ചു. ഓപ്പണിങ്‌ വിക്കറ്റില്‍ കൃഷ്‌ണ പ്രസാദിനെ (25 പന്തില്‍ 14) കാഴ്‌ചക്കാരനാക്കി രോഹന്‍ കുന്നുമ്മല്‍ തകര്‍ത്തടിച്ചു. ഒന്‍പതാം ഓവറില്‍ കൃഷ്‌ണ പ്രസാദിനെ സായ്‌ കിഷോറിന്റെ പന്തില്‍ ജഗദീശന്‍ സ്‌റ്റമ്പ്‌ ചെയ്‌തു. രണ്ടാം വിക്കറ്റില്‍ ബാബാ അപരാജിതും (38 പന്തില്‍ 35) രോഹന്‍ കുന്നുമ്മലും ചേര്‍ന്ന്‌ 60 റണ്‍ കൂട്ടിച്ചേര്‍ത്തു. രോഹനെ സച്ചിന്‍ രതിയുടെ പന്തില്‍ സോനു യാദവ്‌ പിടികൂടി. അതോടെ കേരളവും വീണു. പിന്നീട്‌ കൃത്യമായി ഇടവേളകളില്‍ വിക്കറ്റു വീണതോടെ കേരളത്തിനു മത്സരത്തിലേക്കു തിരിച്ചവരാനായില്ല. ബാബാ അപരാജിതിനെയും രതിയുടെ പന്തില്‍ ജഗദീശന്‍ സ്‌റ്റമ്പ്‌ ചെയ്‌തു. വിഷ്‌ണു വിനോദിനെ മുഹമ്മദ്‌ അലി സണ്ണി യാദവിന്റെ കൈയിലെത്തിച്ചു. സല്‍മാന്‍ നിസാര്‍ (48 പന്തില്‍ 25) രതിയുടെ പന്തില്‍ സായ്‌ കിഷോറിനു പിടികൊടുത്തതോടെ തോല്‍വി ഉറപ്പായി. മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ (ഒന്ന്‌), അങ്കിത്‌ ശര്‍മ (ഏഴ്‌), ഷറഫുദ്ദീന്‍ (ഒന്ന്‌), ഏദന്‍ ആപ്പിള്‍ ടോം (ഏഴ്‌), എം.ഡി. നിധീഷ്‌ (11) എന്നിവര്‍ വന്നപോലെ മടങ്ങി. ബിജു നാരായണന്‍ ഒരു റണ്ണുമായി പുറത്താകാതെനിന്നു. തമിഴ്‌നാടിനായി സച്ചിന്‍ രതി, മുഹമ്മദ്‌ അലി എന്നിവര്‍ നാല്‌ വിക്കറ്റ്‌ വീതമെടുത്തു. കര്‍ണാടകയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ഏഴ്‌ വിക്കറ്റിനു ജയിച്ചതോടെയാണു മധ്യപ്രദേശ്‌ രണ്ടാം സ്‌ഥാനത്തെത്തിയത്‌.

Ads by Google
Thursday 08 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW