-->
ഇന്‍ഡോര്‍: അണ്ടര്‍ 15 വനിതാ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മൂന്നാം ജയവുമായി കേരളം. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ ചണ്ഡീഗഢിനെ 63 റണ്ണിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത കേരളം 35 ഓവറില്‍ അഞ്ച് വിക്കറ്റിന് 243 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് 35 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 180 റണ്‍ മാത്രമാണു നേടാനായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണര്‍ ആര്യനന്ദയുടെ (138) വെടിക്കെട്ട് ഇന്നിങ്‌സാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. നായിക ഇവാന ഷാനിയും ആര്യനന്ദയും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 48 റണ്‍ പിറന്നു. ഇവാനയും (ഒന്ന്) വൈഗ അഖിലേഷും (10) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. മറുവശത്ത് ആര്യനന്ദ തകര്‍ത്തടിച്ചു. മൂന്നാം വിക്കറ്റില്‍ ലക്ഷിദയ്‌ക്കൊപ്പം 54 റണ്ണും നാലാം വിക്കറ്റില്‍ ജുവല്‍ ജീന്‍ ജോണിനൊപ്പം 89 റണ്ണും കൂട്ടിച്ചേര്‍ത്തു. ആര്യനന്ദ അവസാന ഓവറിലാണ് പുറത്തായത്. 118 പന്തുകള്‍ നേരിട്ട ആര്യനന്ദ രണ്ട് സിക്‌സറും 22 ഫോറുകളുമടിച്ചു. ലക്ഷിദ ജയന്‍ 29 റണ്ണും ജുവല്‍ ജീന്‍ ജോണ്‍ 21 റണ്ണുമെടുത്തു. ചണ്ഡീഗഢിന് വേണ്ടി ഹിതന്‍ഷി, ആയു എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ചണ്ഡീഗഢിന് ഓപ്പണര്‍ പ്രഭ്‌ജ്യോത് കൗറിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്‌ടപ്പെട്ടു. റിയ യാദവും നവജ്യോത് ഗുജ്‌ജറും ചേര്‍ന്നുള്ള 95 റണ്‍ കൂട്ടുകെട്ട് അവര്‍ക്ക് പ്രതീക്ഷ നല്‍കി. ഇരുവരെയും പുറത്താക്കിയ ആദ്യ ജിനു മത്സരം കേരളത്തിന് അനുകൂലമാക്കി. റിയ യാദവ് 52 റണ്ണും നവജ്യോത് ഗുജ്‌ജര്‍ 41 റണ്ണും ആയു 39 റണ്ണുമെടുത്തു. ആദ്യ ജിനു രണ്ട് വിക്കറ്റും പവിത്ര, ലെക്ഷിദ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.