Saturday, March 14, 2026 Last Updated 18 Min 37 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 08 Jan 2026 11.32 PM

എ.കെ ബാലന്‍ സംസാരിച്ചത്‌ മുന്‍ അനുഭവങ്ങള്‍: മുഖ്യമന്ത്രി

uploads/news/2026/01/819766/k2.jpg

തിരുവനന്തപുരം: യു.ഡി.എഫ്‌ അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര വകുപ്പ്‌ ജമാഅത്തെ ഇസ്ലാമിക്ക്‌ നല്‍കേണ്ടി വരുമെന്നും മാറാട്‌ കലാപം ആവര്‍ത്തിക്കുമെന്നുമുള്ള സി.പി.എം നേതാവ്‌ എ.കെ. ബാലന്റെ പ്രസ്‌താവനയെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയത പറയുന്നവര്‍ ആരായാലും അവരെ എതിര്‍ക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ ബാലന്‍ സംസാരിച്ചതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിന്റെ മുന്‍കാല അനുഭവങ്ങള്‍ വച്ച്‌ നോക്കുമ്പോള്‍ വര്‍ഗീയ ധ്രുവീകരണം എങ്ങനെയാണ്‌ സംഭവിക്കുന്നതെന്ന്‌ വ്യക്‌തമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കേരളമല്ല അന്നുണ്ടായിരുന്നത്‌ എന്ന യാഥാര്‍ഥ്യമാണ്‌ ബാലന്‍ ഓര്‍മിപ്പിച്ചത്‌.
മാറാട്‌ കലാപകാലത്ത്‌ എ.കെ. ആന്റണി സ്വീകരിച്ച നിലപാടുകള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആര്‍.എസ്‌.എസിന്റെ എതിര്‍പ്പ്‌ ഭയന്നാണ്‌ അന്ന്‌ ആന്റണി കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടാതിരുന്നത്‌. അന്ന്‌ താന്‍ മാറാട്‌ സന്ദര്‍ശിച്ചത്‌ ആരോടും ചോദിച്ചിട്ടല്ലെന്നും യു.ഡി.എഫ്‌ വര്‍ഗീയതയ്‌ക്ക് കീഴ്‌പ്പെടുന്ന അവസ്‌ഥയായിരുന്നു അന്നെന്നും അദ്ദേഹം പറഞ്ഞു.
മാറാട്‌ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവിടണമെന്ന്‌ അടുത്തിടെയും എ.കെ. ആന്റണി ആവശ്യപ്പെടുന്നത്‌ കേട്ടു. എന്നാല്‍ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ ആര്‍.എസ്‌.എസ്‌. എതിര്‍പ്പ്‌ ഭയന്ന്‌ കുഞ്ഞാലിക്കുട്ടിയെ പോലും കൂടെക്കൂട്ടാന്‍ ഭയപ്പെട്ടിരുന്ന സാഹചര്യം മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
മലബാറില്‍ മുസ്ലിം ലീഗിന്‌ കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിലുള്ള അപകടത്തെക്കുറിച്ച്‌ സി.കെ. ഗോവിന്ദന്‍ നായര്‍ പറഞ്ഞ കാര്യങ്ങള്‍ രമേശ്‌ ചെന്നിത്തല തന്നെ പ്രസംഗിച്ചിട്ടുള്ളത്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലീഗ്‌ അഞ്ചാം മന്ത്രിസ്‌ഥാനം ചോദിച്ചപ്പോള്‍ വി.ഡി. സതീശന്‍ അന്ന്‌ എടുത്ത കര്‍ക്കശമായ നിലപാടും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ മതരാഷ്‌ട്രവാദം പറയുന്നില്ലെന്ന്‌ സതീശന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌ വോട്ട്‌ ബാങ്ക്‌ ലക്ഷ്യമിട്ടാണ്‌.
ജസ്‌റ്റിസ്‌ ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ 284 ശിപാര്‍ശകളും 45 ഉപശിപാര്‍ശകളും സംസ്‌ഥാന സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്‌. സര്‍ക്കാരിന്റെ 17 വകുപ്പുകള്‍ ഈ ശിപാര്‍ശകള്‍ നടപ്പിലാക്കി. 220 ശിപാര്‍ശകളിലും ഉപശിപാര്‍ശകളിലും നടപടികള്‍ പൂര്‍ത്തിയാക്കി. ഏഴ്‌ ശിപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയ്‌ക്ക് സമര്‍പ്പിക്കാന്‍ അതത്‌ വകുപ്പുകള്‍ നടപടി സ്വീകരിച്ചുവരുന്നു. നടപടി പൂര്‍ത്തിയാക്കാന്‍ ശേഷിക്കുന്ന ശിപാര്‍ശകള്‍ നിലവില്‍ പ്രാബല്യത്തിലുള്ള കേന്ദ്ര-സംസ്‌ഥാന നിയമങ്ങള്‍, ചട്ടങ്ങള്‍, കോടതി ഉത്തരവുകള്‍ എന്നിവയില്‍ മാറ്റം വരുത്തിയാലോ മറ്റു വകുപ്പുകളില്‍നിന്ന്‌ സമ്മതപത്രം ലഭ്യമാക്കിയാലോ മാത്രമേ നടപ്പിലാക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ ഫെബ്രുവരി ആറിന്‌ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ്‌ ഹാളില്‍ യോഗം ചേരും. ഇക്കാര്യത്തിലെ അവ്യക്‌തതകള്‍ നീക്കാനും കാര്യങ്ങള്‍ അറിയാനും താത്‌പര്യവുമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ സംഘടനകള്‍ക്ക്‌ യോഗത്തില്‍ പങ്കെടുക്കാം. നേരത്തേ ഇതുമായി ബന്ധപ്പെട്ട്‌ പലവട്ടം യോഗങ്ങള്‍ നടന്നെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ സൂചിപ്പിച്ചു.

Ads by Google
Ads by Google
TRENDING NOW