-->
മുംബൈ: പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞന്‍ പ്രഫ. മാധവ് ഗാഡ്‌ഗില്‍ അന്തരിച്ചു. 83 വയസായിരുന്നു. പുനെയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്‌ച രാത്രിയായിരുന്നു അന്ത്യം. മകന്‍ സിദ്ധാര്‍ഥ ഗാഡ്‌ഗിലാണ് മരണവിവരം പുറത്തുവിട്ടത്. സംസ്‌കാരം നടത്തി.
പശ്‌ചിമഘട്ടത്തിലെ പരിസ്‌ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പശ്‌ചിമഘട്ട പരിസ്‌ഥിതി വിദഗ്‌ധ സമിതിയുടെ അധ്യക്ഷനായിരുന്നു. 'ഗാഡ്‌ഗില്‍ കമ്മിറ്റി' എന്നപേരില്‍ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പശ്‌ചിമഘട്ടത്തിലെ 1,29,037 ചതുരശ്ര കി.മീ വിസ്‌തൃതിയുടെ മുക്കാല്‍ ഭാഗവും പരിസ്‌ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളമടക്കമുള്ള സംസ്‌ഥാനങ്ങളില്‍ ഏറെ വിവാദമായിരുന്നു.
വംശനാശഭീഷണി നേരിടുന്ന പശ്‌ചിമഘട്ടത്തെ 3 മേഖലകളായി തിരിച്ച് പരിഹാരനിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച റിപ്പോര്‍ട്ട്, ചില മേഖലകളില്‍ ഖനനവും നിര്‍മാണവും പാറ പൊട്ടിക്കലും മണ്ണെടുക്കലും ഉള്‍പ്പെടെ നിരോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ഇതുവരെ പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. പരിസ്‌ഥിതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്‌ട്ര സംഘടന (യു.എന്‍) നല്‍കുന്ന പരമോന്നത ബഹുമതിയായ 'ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്' പുരസ്‌കാരം 2024ല്‍ ലഭിച്ചു. രാജ്യം പത്മശ്രീ (1981), പത്മഭൂഷണ്‍ (2006) ബഹുമതികള്‍ നല്‍കി ആദരിച്ചു.
ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു തുടക്കത്തില്‍ കേരളത്തില്‍ ഏറെ എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും 2018 ലെ പ്രളയത്തിനും പ്രകൃതിക്ഷോഭങ്ങള്‍ക്കും ശേഷം സ്വീകാര്യത ലഭിച്ചു. കേരളത്തിലെ പരിസ്‌ഥിതി ലോല പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ഉണ്ടാകുമെന്നു മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു.
ആറു പതിറ്റാണ്ട് നീണ്ട തന്റെ ശാസ്‌ത്ര ജീവിതത്തില്‍ എന്നും ഒരു 'ജനപക്ഷ ശാസ്‌ത്രജ്‌ഞന്‍' ആയിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ആദിവാസികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം, പരിസ്‌ഥിതി സംരക്ഷണത്തില്‍ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വാദിച്ചു. വന്യജീവികളുടെ ആക്രമണങ്ങളില്‍ കര്‍ഷകര്‍ക്കൊപ്പമാണ് ഗാഡ്‌ഗില്‍ നിലയുറപ്പിച്ചത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാനുള്ള അവകാശത്തിനു വിരുദ്ധമായി, വന്യജീവിസംരക്ഷണത്തിനു മാത്രം പ്രാമുഖ്യം നല്‍കുന്ന 1972 ലെ വന്യജീവിസംരക്ഷണ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
1942-ല്‍ പുനെയില്‍ ജനിച്ച അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നാണ് പി.എച്ച്‌ഡി കരസ്‌ഥമാക്കിയത്. ബാല്യം മുതല്‍ക്കേ പ്രകൃതിസ്‌നേഹിയായിരുന്നു. പുനെയിലെ ഫെര്‍ഗൂസന്‍ കോളജ്, ബോംബെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി എന്നിവയില്‍നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ അദ്ദേഹം വിദേശങ്ങളില്‍ നിന്നു ലഭിച്ച വമ്പിച്ച അവസരങ്ങള്‍ വേണ്ടന്നുവച്ചു നാട്ടിലേക്കു മടങ്ങി.
അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്‌ത മണ്‍സൂണ്‍ ശാസ്‌ത്രജ്‌ഞയുമായ സുലോചന ഗാഡ്‌ഗില്‍ 2025 ജൂലൈയില്‍ അന്തരിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകയും സ്‌പാനിഷ് അധ്യാപികയുമായ ഗൗരി ഗാഡ്‌ഗില്‍ മകളാണ്.