-->
കൊല്‍ക്കത്ത: രാഷ്‌ട്രീയ ഉപദേശക ഏജന്‍സിയായ ഐ-പി.എ.സി(ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി)യുടെ മേധാവി പ്രതീക് ജെയിനിന്റെ വസതിയില്‍ ഇ.ഡി. റെയ്‌ഡ് നടക്കുന്നതിനിടെ നാടീകയമായി സ്‌ഥലത്തെത്തി പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
വസതിയില്‍നിന്ന് മുഖ്യമന്ത്രി ലാപ്‌ടോപ്പും ഫോണും രേഖകളും എടുത്തുകൊണ്ടുപോയതായി ഇ.ഡി. ഉദ്യോഗസ്‌ഥര്‍ ആരോപിച്ചു. മമത ബാനര്‍ജി അന്വേഷണത്തെ തടസപ്പെടുത്തുകയാണെന്നും കല്‍ക്കരി കള്ളക്കടത്തിലും കള്ളപ്പണത്തിലും ഉള്‍പ്പെട്ടവരെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഇന്നു വാദം കേള്‍ക്കാന്‍ സാധ്യതയുണ്ട്.
അനധികൃത ഖനനവും കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ വിവിധയിടങ്ങളില്‍ നടത്തിയ റെയ്‌ഡിന്റെ ഭാഗമായാണ് ജെയിനിന്റെ വസതിയില്‍ പരിശോധന നടത്തിയതെന്നു ഇ.ഡി. പറയുന്നു. തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് റെയ്‌ഡെന്നും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെയും ലക്ഷ്യവച്ചല്ലെന്നും ഇ.ഡി. പറഞ്ഞു. എന്നാല്‍, റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിതമാണെന്നും ബി.ജെ.പിയാണ് ഇതിനു പിന്നിലെന്നും മമത ആരോപിച്ചു. പാര്‍ട്ടിയുടെ ഡേറ്റയും രേഖകളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ഇ.ഡി. പിടിച്ചെടുത്തതായും മമത കുറ്റപ്പെടുത്തി. റെയ്‌ഡിനിടെ പ്രധാന രേഖകള്‍ മോഷ്‌ടിക്കപ്പെട്ടുവെന്ന് ആരോപിച്ച് പ്രതീക് ജെയിനിന്റെ കുടുംബം ഇ.ഡിക്കെതിരേ പോലീസില്‍ പരാതി നല്‍കി.
രാവിലെ 7.30 നാണ് ജെയിനിന്റെ വസതിയില്‍ റെയ്‌ഡ് തുടങ്ങിയത്. ഉച്ചയോടെ മമത ബാനര്‍ജിയും സംസ്‌ഥാന പോലീസുമെത്തി. അവര്‍ ജെയിനിന്റെ വസതിയില്‍നിന്നും ഓഫീസില്‍നിന്നും നിരവധി രേഖകളും ഇലക്‌ട്രോണിക്‌സ് തെളിവുകളും ബലമായി നീക്കിയെന്നാണ് ഇ.ഡിയുടെ ആരോപണം.
പശ്‌ചിമ ബംഗാളിലെ ആറ് സ്‌ഥലങ്ങളിലും ഡല്‍ഹിയിലെ നാല് സ്‌ഥലങ്ങളിലും റെയ്‌ഡ് നടത്തിയതായി ഇ.ഡി. പ്രസ്‌താവനയില്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമപ്രകാരമാണ് റെയ്‌ഡെന്നും വ്യക്‌തമാക്കി.
നീതിക്കായി കാത്തിരിക്കുന്നുവെന്ന്
മമത ബാനര്‍ജി
'ഇഡി ഉദ്യോഗസ്‌ഥര്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ഡാറ്റ, ലാപ്‌ടോപ്പ്, ഐഫോണ്‍, എസ്.ഐ.ആര്‍. ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ം എന്നിവ മോഷ്‌ടിച്ചു. ഞങ്ങളുടെ നികുതി രേഖകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എല്ലാം മോഷ്‌ടിച്ചു. ഇത് ഐടി മേഖലയ്‌ക്കും അപമാനമാണ്. ഇത് ഒരു കുറ്റകൃത്യമല്ലേ? ഞാന്‍ നീതിക്കായി കാത്തിരിക്കുകയാണ്.-ജെയിനിന്റെ വസതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ബാനര്‍ജി പറഞ്ഞു.
ഐ.പി.എ.സി. ഞങ്ങളുടെ അംഗീകാരമുള്ളതാണ്, അവര്‍ ഞങ്ങളുടെ ടീമാണ്. ബി.ജെ.പി. ജനാധിപത്യത്തിന്റെ കൊലയാളിയാണ്. ഞാന്‍ അവരുടെ പാര്‍ട്ടി ഓഫീസ് റെയ്‌ഡ് ചെയ്‌താല്‍ എല്ലാം ശരിയാകുമോ? മമത ചോദിച്ചു.
എസ്.ഐ.ആറിന്റെ പേരില്‍ 1.5 കോടി വോട്ടര്‍മാരെ ഇല്ലാതാക്കി. ധൈര്യമുണ്ടെങ്കില്‍, തങ്ങളെ തെരഞ്ഞെടുപ്പില്‍ നേരിടാന്‍ മമത, അമിത് ഷായെ വെല്ലുവിളിക്കുകയും ചെയ്‌തു.
'ഞാന്‍ പ്രതീക് ജെയിനിനെ വിളിച്ചു. പക്ഷേ അദ്ദേഹം ഫോണ്‍ എടുത്തില്ല. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ കണ്ടെത്തി. തുടര്‍ന്ന് അദ്ദേത്തിന്റെ വസതിയില്‍ പോയി. അവിടെ ഇ.ഡി കണ്ടു'. -ജെയിനിന്റെ വസതി സന്ദര്‍ശിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.
കല്‍ക്കരി കേസ്
എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണത്തില്‍, പശ്‌ചിമ ബംഗാളിലെ ഈസേ്‌റ്റണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് പാട്ടത്തിനെടുത്ത പ്രദേശങ്ങളില്‍ നിന്ന് അനുപ് മാജിയുടെ നേതൃത്വത്തിലുള്ള ഒരു കല്‍ക്കരി കള്ളക്കടത്ത് സംഘം
അനധികൃത ഖനനം നടത്തി കല്‍ക്കരി മോഷ്‌ടിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. അനധികൃതമായി ഖനനം ചെയ്‌ത കല്‍ക്കരി ബന്‍കുറ, ബര്‍ധമാന്‍, പുരുലിയ തുടങ്ങിയ ജില്ലകളിലെ ഫാക്‌ടറികള്‍ക്കും പ്ലാന്റുകള്‍ക്കും വിറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കോടിക്കണക്കിനു രൂപ രാഷ്‌ട്രീയ ഉപദേശക ഏജന്‍സിയായ ഐ-പി.എ.സിക്കു ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം.
ഏറ്റുമുട്ടി ബി.ജെ.പിയും
പ്രതിപക്ഷവും
പശ്‌ചിമബംഗാള്‍ സംഭവത്തെച്ചൊല്ലി ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും കൊമ്പുകോര്‍ത്തു. ഇ.ഡി. ഉള്‍പ്പെടെയുള്ള അധികാരപ്പെട്ട സ്‌ഥാപനം നടത്തുന്ന പരിശോധനയെ തടസപ്പെടുത്തുന്നു മുഖ്യമന്ത്രി സ്വയം ഭരണഘടനയ്‌ക്കും നിയമവാഴ്‌ചയ്‌ക്കും മുകളില്‍ സ്‌ഥാപിക്കുകയാണെന്ന് ബി.ജെ.പി. നേതാവ് സ്വപന്‍ ദാസ് ഗുപ്‌ത പറഞ്ഞു.
എന്നാല്‍, വസ്‌തുതകളും സത്യവും പരിശോധിക്കുന്നതില്‍ പരാജയപ്പെട്ട ഇഡി ഇപ്പോള്‍ രാഷ്ര്‌ടീയ ഉപദേഷ്‌ടാക്കളെ ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു. കൊല്‍ക്കത്തയിലെ ഐ.പി.എ.സി. റെയ്‌ഡ് ബി.ജെ.പിയുടെ ബലപ്രയോഗത്തിന്റെ മറ്റൊരു അധ്യായമാണ്. ജനാധിപത്യം അസൗകര്യമാകുമ്പോള്‍, ഏജന്‍സികള്‍ ആയുധമാക്കപ്പെടുന്നു.-സിങ്‌വി പറഞ്ഞു. ബംഗാളില്‍ ബി.ജെ.പി. വന്‍ പരാജയം ഏറ്റുവാങ്ങാന്‍ പോകുന്നു എന്നതിന്റെ ആദ്യ തെളിവാണിതെന്ന് സമാജ്‌വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് പോസ്‌റ്റ് ചെയ്‌തു.